"മുല്ല പൂത്തിരിക്കുന്നു." ജനാലയടയ്ക്കുമ്പോൾ പുറത്തേക്കു നോക്കി ഗന്ധം നുകർന്ന് അവൾ പറഞ്ഞു.
രാത്രിയാണതു പൂക്കുക. ഏറെ ദൂരേക്കുവരെ ഗന്ധമുണ്ടാകും.
"നീ വാ... ജനാലയടച്ച്...!" ഞാനവളുടെ വിരലുകളിൽ പിടിച്ചു വലിച്ചു.
തലയൊന്നു ചെരിച്ച് നേരിയ അവിശ്വസനീയതയോടെ അവളെന്നെ നോക്കി. എന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട് അടുത്തു വന്നു ചോദിച്ചു: "എന്താപ്പോ ഒരിളക്കം പതിവില്ലാതെ..."
അരയിൽ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തുകയായിരുന്നു എന്നു പറയുകയാവും ശരി. ചുണ്ടുകൾ അവളുടെ മുഖം നിറയെ പരതി നടന്നു.
ദുർബലമായി തള്ളിമാറ്റിക്കൊണ്ടവൾ പറഞ്ഞു:
"മോളുണരും..."
അപ്പോഴും അവളുടെ കണ്ണുകളിലെ അമ്പരപ്പ് വിട്ടില്ല.
എനിക്കെന്താണ് സംഭവിച്ചത്! ചോർന്നു പോയ ഊർജ്ജം ഞരമ്പുകളിൽ എവിടെ നിന്നാണ് വന്നു നിറഞ്ഞത്?
ഒരല്പം ഭ്രാന്തമായ ആവേശത്തോടെയായിരുന്നു എല്ലാം...
"മുഴുവൻ അഴിക്കണ്ട..." അരികത്തുറങ്ങുന്ന രണ്ടു വയസ്സുള്ള മകളെ പാളി നോക്കിക്കൊണ്ട് അവൾ എന്റെ കൈകളെ തടഞ്ഞു.
...............
കഴിഞ്ഞയാഴ്ച്ചയായിരുന്നു അഞ്ചാം വിവാഹവാർഷികം. ഇത്തവണയും മുന്തിയയിനം പട്ടുസാരിയൊന്ന് മറക്കാതെ വാങ്ങിയിരുന്നു. പക്ഷേ ഒന്നര വർഷത്തോളമായി മറ്റു പലതും മറക്കുന്നുണ്ടായിരുന്നു. മറക്കുകയല്ല... തിരക്കുകൾക്കിടയിൽ ഞെരിയുമ്പോൾ, സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിയുയർത്താൻ ഓടിക്കൊണ്ടേയിരിക്കുമ്പോൾ സ്വയം പ്രഖ്യാപിച്ച ഒരു നിർബന്ധിത അവധി.
സൗകര്യങ്ങൾ ഓരോന്നു കൂടുമ്പോഴും പോർച്ചിലെ താമസക്കാരനായി ആക്സന്റ് കാർ വന്നപ്പോഴും അവളുടെ ചിരിക്കടിയിലെ നൊമ്പരം കണ്ടിട്ടും അറിയാത്തതായി നടിച്ചു.
നെഞ്ചിലെ രോമങ്ങളിൽ അവളുടെ നേർത്ത നഖം കൊണ്ട് കോറി വരക്കുമ്പോൾ പിടയുന്ന കണ്ണുകളുടേയും നനവുള്ള ചുണ്ടുകളുടെയും ക്ഷണക്കത്തു മായ്ക്കാൻ ബിസിനസ് നൂലാമാലകളുടെ കഥകൾ കിടക്കയിൽ വിരിച്ചിട്ടു.
എന്നും കഥകൾ കേട്ടവൾ ഉറങ്ങി; വിവാഹശേഷമുള്ള ആദ്യനാളുകളെപ്പോലെത്തന്നെ. പക്ഷേ, ഒരു വ്യത്യാസം...
രതിയുടെ ആലസ്യത്തിൽ കിടക്കുമ്പോൾ ഇടക്കവൾ പറയും: "ഒരു കഥ പറയു..."
കഥയെന്നാൽ ഞങ്ങളുടെ തന്നെ പ്രണയ കഥ.
തുഞ്ചൻ ഉത്സവത്തിന്റെ നാളുകളിൽ സ്റ്റാളുകളിൽ മനഃപൂർവം വിരലുകളുടെ സ്പർശനമറിഞ്ഞ് പുസ്തകം തിരഞ്ഞത്... കൂട്ടായി അഴിമുഖത്തെ ഉപ്പുകാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകൾ കോതിയപ്പോൾ വിറച്ച വിരലുകളെപ്പറ്റി... പ്രണയം തുറന്നു പറയുന്നതിനു മുമ്പ് പരാജയപ്പെട്ടുപോയ എന്റെ ഓരോ ശ്രമങ്ങളെപ്പറ്റിയും... അങ്ങനെയങ്ങനെ...
കഥകൾ കേട്ടവൾ ഉറങ്ങി.
പിന്നെപ്പിന്നെ എന്റെ ബിസിനസ് കഥകൾ പറഞ്ഞു ഞാനുറങ്ങി... അവൾ ഉറങ്ങാതിരുന്നു!
...............
ഭ്രാന്തമായ ആവേശത്തോടെ ഉള്ളിൽക്കയറിക്കൂടിയ, കൊടുങ്കാറ്റ് കെട്ടഴിച്ചുവിട്ട മദമടങ്ങി ഞാനടർന്നു മാറുമ്പോഴും അവളുടെ ഉടലിന്റെ മുറുക്കം അയഞ്ഞിരുന്നില്ല.
രസച്ചരട് മുറിച്ച ജാള്യം ഉള്ളിൽ വെച്ച് ചോദിച്ചു: "നിനക്ക്..."
"ഇല്ല... പക്ഷേ; തൃപ്തിയായി...!
കണ്ണുനീരാണോ...? അതോ... അവളുടെ കണ്ണുകൾക്കൊരു തിളക്കം...
Monday, September 21, 2009
ഒരു കിടപ്പറക്കഥ
Subscribe to:
Post Comments (Atom)
11 comments:
ആഹാ. നന്നായി
നല്ല കഥ മാഷെ.. നന്നായി പറഞ്ഞു
നന്നായി പറഞ്ഞു
നന്നായിരിക്കുന്നു
കഥ പറഞ്ഞ രീതി രസകരം. പക്ഷെ പുതുമയുള്ള വിഷയങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു
സത്യമായും സത്യമായ കഥ.
-സുരേഷ് ഐക്കര
നന്നായി :)
"ഇല്ല... പക്ഷേ; തൃപ്തിയായി...!
കണ്ണുനീരാണോ...? അതോ... അവളുടെ കണ്ണുകൾക്കൊരു തിളക്കം...
നന്നായി പറഞ്ഞു
സിമി, രഞ്ജിത് വിശ്വം, കണ്ണനുണ്ണി, മീര അനിരുദ്ധൻ, ഷിനില്‍ നെടുങ്ങാട്, കുക്കു, സുരേഷ് ഐക്കര, ബിനോയ്, വാഴക്കോടന്‍.. എല്ലാവർക്കും നന്ദി...!
നല്ല കഥ ..
കൊള്ളാം വളരെ നന്നായിട്ടുണ്ട്..ഇത്രെയും കുറച്ചു വാക്കുകളില്‍ ഇത്രെയും വലിയ കാര്യം...ആശംസകള്‍...
Post a Comment