Monday, September 28, 2009

സുമിത്രേച്ചി (ഒന്ന്‌)

"അമ്മേ, സുമിത്രേച്ചി ഇപ്പോ എവിടെയാ?"
"ഏത്‌? നാണുപ്പിള്ളേടെ സുമിത്രയോ?"
"ആങ്‌!"
"ഓ! ആർക്കാ അറിയ്‌വാ അവളെ കാര്യൊക്കെ...! എന്തേപ്പൊ നീ അന്വേഷിക്കാൻ?"
"ഒന്നുല്ല്യ. ഞാനിന്നലെ കലൂര്‌ വെച്ച്‌ ഒരു സ്ത്രീയെക്കണ്ടു. ഒരു നോട്ടം! സുമിത്രേച്ചി ആണോന്ന് സംശയിച്ച്‌ ഒന്നുകൂടി നോക്കിയപ്പോ കാണാനൂല്ല്യ. എന്റെ ബസ്സ്‌ എടുക്ക്വേം ചെയ്തു."
എന്തോ ഓർത്തു നിന്ന് ഒരു ദീർഘനിശ്വാസത്തോടെ അമ്മ അകത്തേക്ക്‌ പോയി. അമ്മ പിന്നീട്‌ ഒന്നും അന്വേഷിക്കാൻ താല്‌പര്യം കാണിച്ചില്ല.
ഇന്നലെ എറണാകുളത്ത്‌ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. തിരിച്ചു വരും വഴിയാണ്‌ സുമിത്രേച്ചിയെ കണ്ടത്‌. സുമിത്രേച്ചി തന്നെയാണോ എന്ന് നിശ്ചയമില്ല. നിറം ഒരല്‌പം ഇരുണ്ടിരിക്കുന്നു. എണ്ണമയമില്ലാത്ത മുടി കെട്ടിവെച്ച്‌, വൃത്തിയില്ലാത്ത ഒരു പഴയ സാരിയുടുത്ത ഒരു സ്ത്രീ.
ആ മൂക്കുത്തിയാണ്‌, സംശയം തോന്നാനുള്ള കാരണം...
വേറെ വിവാഹം ചെയ്യാൻ വേണ്ടി, ഭർത്താവ്‌ വീട്ടിൽ നിന്നും ഇറക്കിവിട്ട മലപ്പുറത്തെ ഒരു സ്ത്രീയെയും കുട്ടികളെയും പറ്റിയുള്ള വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ്‌ ഇന്ന് വീണ്ടും സുമിത്രേച്ചിയെ ഓർത്തത്‌!
ഞാൻ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്‌ സുമിത്രേച്ചി ഞങ്ങളുടെ അയൽവക്കത്ത്‌ താമസമാക്കുന്നത്‌.
അഹമ്മദാബാദിൽ ഹോട്ടൽ പണിക്കാരനായിരുന്ന നാണുവേട്ടന്റെ വിവാഹാലോചന കാർത്ത്യായനിയേട്ത്തിക്ക്‌ വന്നത്‌ തന്നെയായിരുന്നു അന്ന് നാട്ടിലെ ചൂടുള്ള വർത്തമാനം. ചൊവ്വാദോഷം കാരണം കല്ല്യാണം നടക്കാതിരുന്ന കാർത്ത്യായനിയേടത്തി ആദ്യമായി നാട്ടിൽ ചർച്ചാവിഷയമായി.
"അവളുടെ ഭാഗ്യം...!"
"എന്താ അയാളെ പത്രാസ്‌! പട്ടാളക്കാരെപ്പോലെള്ള കാലൊറ്യൊക്കെ ഇട്ടാ വന്നത്‌. കറുത്ത കണ്ണടേം..."
"ഇനിപ്പവൾക്ക്‌ സുഖായല്ലോ! ഗുജറാത്തൊക്കെ കാണാലോ..."
"രണ്ടാം കെട്ടാണേലും തെറ്റൊന്നുല്ല്യ. ഒരു മോള്‌ണ്ട്‌ന്നെല്ലേള്ളൂ..."
"പെണ്ണിനെ കെട്ടിക്കാൻ പ്രായായിരിക്കുണൂത്രേ..."
"കാർത്ത്യേനിക്കിപ്പോ മുപ്പത്തഞ്ചോ,... മുപ്പത്താറോ?"
കുളപ്പടവുകളിലും ചായക്കടയിലും വേലിയരികുകളിലും ചർച്ചകൾ നടന്നു.
ഇരുപത്‌ കൊല്ലത്തോളം മുമ്പുള്ള എന്റെ നാടിന്‌ നാണുവേട്ടൻ ചർച്ച ചെയ്യാൻ മാത്രം ഒരദ്ഭുതകാര്യമായിരുന്നു.
അന്ന് സ്കൂൾ വിട്ടു വന്നപ്പോൾ ഹമീദ്‌ നാണുവേട്ടനെ വർണ്ണിച്ചപ്പോൾ കാണാനൊക്കാഞ്ഞതിൽ എനിക്കു കുണ്ഠിതം തോന്നി. ഹമീദ്‌ മടിയനാണ്‌. സ്കൂളിൽ വരാറില്ല. എങ്കിലും ഇന്നത്തെ അവധി കൊണ്ട്‌ അവന്‌ കാര്യമുണ്ടായി.
ബെൽബോട്ടം പാന്റും, വലിയ ഷൂസും, കൂളിംഗ്‌ ഗ്ലാസ്സും ചുവന്ന ഷർട്ടും... കോളറിനും പോക്കറ്റിനുമൊക്കെ വെള്ള...
അപ്പുക്കുട്ടേട്ടന്റെ ചായക്കടക്കു മുമ്പിലൊട്ടിച്ച സിനിമാപോസ്റ്ററിലെ ജയൻ ആയിരുന്നു മനസ്സിൽ! ഹൊ! എന്തൊരു ഗാംഭീര്യമാകും നാണുവേട്ടന്‌...
കല്യാണത്തിനാണ്‌ ഞാൻ നാണുവേട്ടനെ ആദ്യമായി കാണുന്നത്‌. ശരിക്കും ഞാനാകെ നിരാശനായി.
ഒരു മെലിഞ്ഞ സാധാരണ മനുഷ്യൻ. കാർത്ത്യായനിയേടത്തിയുടെ അത്രേം പൊക്കം പോലുമില്ല. അല്‌പം ഇരുണ്ട ഇരുനിറം... ഇതാണ്‌ എല്ലാവരും പറഞ്ഞ്‌ പൊലിപ്പിച്ച പുതിയാപ്ല!
അന്നാണ്‌ സുമിത്രേച്ചിയേയും ആദ്യം കാണുന്നത്‌. സത്യത്തിൽ അന്നത്തെ സൂപ്പർതാരം സുമിത്രേച്ചിയായിരുന്നു. ചെമ്പകപ്പൂവിന്റെ നിറം. വട്ടമുഖം, സ്വർണ്ണമൂക്കുത്തി, ചന്തിക്കൊപ്പം ചെറിയ ചുരുളിച്ച്യുള്ള സമൃദ്ധമായ മുടി... ശരിക്കും കഥകളിൽ നിന്നിറങ്ങിവന്ന ഒരു രാജകുമാരിയെപ്പോലെ!
ഒമ്പതിലാണ്‌ പഠിക്കുന്നത്‌. അടുത്തു പോയൊന്ന്‌ നോക്കാൻ തോന്നിയെങ്കിലും എനിക്ക്‌ നാണമായിരുന്നു...
കല്യാണം കഴിഞ്ഞ്‌ കാർത്ത്യായനിയേടത്തിയേയും കൊണ്ട്‌ ഇരിങ്ങാവൂരേക്ക്‌ പോയെങ്കിലും ഒരു മാസത്തോളം കഴിഞ്ഞ്‌ അവർ കാർത്ത്യായനിയേടത്തിയുടെ വീട്ടിൽത്തന്നെയായി താമസം.
പിന്നെപ്പിന്നെ നാണുവേട്ടൻ നാട്ടിലാർക്കും ഒരു വിഷയമേയല്ലാതായി!
സുമിത്രേച്ചിയുടെ അമ്മ മരിച്ചുപോയെന്നാണ്‌ ആദ്യം പറഞ്ഞു കേട്ടതെങ്കിലും അവർ വേറെയൊരാളുടെ കൂടെ പോവുകയാണുണ്ടായതെന്ന്‌ നാട്ടിലെ രഹസ്യാന്വേഷണവിഭാഗം കണ്ടുപിടിച്ചു.
അതുപോലെ നാണുവേട്ടന്‌ ഹോട്ടൽ കച്ചവടമല്ല; പൊറോട്ടയടിക്കലായിരുന്നു പണി.
ഗുജറാത്തിൽ നിന്നും എല്ലാം വിറ്റു പെറുക്കിയാണ്‌ വന്നത്‌. ഇനി ഗുജറാത്തിലേക്കില്ല.
ഉണ്ടായിരുന്ന കാശിന്റെ ഭൂരിഭാഗവും ഇരിങ്ങാവൂരെ ബന്ധുക്കളെല്ലാം വസൂലാക്കി. രണ്ടു പെങ്ങന്മാർക്കും നാണുവേട്ടൻ അഞ്ചു സെന്റ്‌ വീതം വാങ്ങിക്കൊടുത്തിരുന്നു.
ഏതായാലും ആ പെങ്ങന്മാരുടെ കഴിവു കൊണ്ടാണുപോലും രണ്ടാം മാസം ഭാര്യവീട്ടിലേക്കു താമസം മാറേണ്ടി വന്നതും...
കാർത്ത്യായനിയേടത്തിയുടെ ഏട്ടന്റെ മകളാണ്‌ രാധികേച്ചി. രാധികേച്ചിയും ഞാനും അതുവരെ നല്ല കൂട്ടായിരുന്നു.
രാധികേച്ചിക്ക്‌ കൊത്തംകല്ല് കളിക്കാനും, കക്ക്‌ കളിക്കാനും ഇപ്പോൾ സുമിത്രേച്ചിയായി.
എനിക്ക്‌ എന്തോ, അങ്ങോട്ടു പോകാൻ നാണമായിരുന്നു. പിന്നെ പതിയെപ്പതിയെ ഞാനും അവരുടെ കളിക്കൂട്ടത്തിലേക്ക്‌ ചേർന്നു. എനിക്കു മുമ്പേ, എന്റെ സഹപാഠികളായ ഗിരിയും ഹമീദുമൊക്കെ സുമിത്രേച്ചിയുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
അടുത്തപ്പോഴല്ലേ അറിയുന്നത്‌!
ഈ സുമിത്രേച്ചി ഒരു കാന്താരിയാണ്‌!
ശരിക്കും നല്ല എരിവുള്ള കാന്താരി...
കക്ക്‌ കളിക്കുമ്പോ കാല്‌ രണ്ടും നിലത്തു കുത്തും. എന്നാലൊട്ട്‌ സമ്മതിച്ചു തരികയും ഇല്ല. കല്ല്‌ കളിക്കുമ്പോഴും കള്ളക്കളി.
എല്ലാം സമ്മതിക്കാം
പക്ഷേ,...
"നിന്നെയാ ഞാൻ കല്യാണം കഴിക്ക്യാ..." എന്നുള്ള ഭീഷണിയാണ്‌ പറ്റാത്തത്‌.
ഒരു സുന്ദരിപ്പെണ്ണ്‌ അങ്ങനെ മുഖത്ത്‌ നോക്കി പറയുമ്പോൾ ഇത്തിരിയില്ലാത്ത ഞാൻ എങ്ങനെ കിടുങ്ങാതിരിക്കും!
നാണം തോന്നും എനിക്ക്‌! പക്ഷേ, അതു പുറത്തേക്ക്‌ കാണിക്കില്ല, അതിനു ഭയമാണ്‌...
എന്റെ പരവേശം കാണാനായിട്ടാകണം സുമിത്രേച്ചി പല തവണ ഈ ഭീഷണി മുഴക്കിയിട്ടുണ്ട്‌.
ചിലപ്പോ കണ്ണടിച്ചു കാണിക്കും! ഒരു കണ്ണടച്ച്‌.
ഞാനേതായാലും കമ്പനി ഒരല്‌പം കുറച്ചു.
അപ്പോഴാണ്‌, നവോദയ സ്കൂളിൽ അഡ്‌മിഷൻ കിട്ടി എനിക്ക്‌ നാട്ടിൽ നിന്ന് പോകേണ്ടി വന്നതും!തുടരും...

12 comments:

നന്ദു | naNdu | നന്ദു said...

ബാക്കി ഉടൻ പോസ്റ്റ്‌ ചെയ്യാം.

താരകൻ said...

നന്നായിട്ടുണ്ട് അടുത്തത് പോരട്ടെ...

Anonymous said...

'ചന്തി'ക്കൊപ്പം ചെറിയ ചുരുളിച്ച്യുള്ള സമൃദ്ധമായ മുടി...

ഉപയോഗിക്കുന്ന വാക്കുകളൂടെ ഇമ്പാക്റ്റ് ശ്രദ്ധിക്കണം

ശ്രീ said...

നല്ല വിവരണം. തുടരൂ.

വിജിത... said...

രണ്ടാം ഭാഗത്തിനായ്‌ കാത്തിരിക്കുന്നു.....

കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Typist | എഴുത്തുകാരി said...

തുടക്കം നന്നായിരിക്കുന്നു.

നീര്‍വിളാകന്‍ said...

അടുത്ത ഭാഗം വരട്ടെ!! ഭാവുകങ്ങാള്‍!


എന്റെ പേജുകളും സന്ദര്‍ശിക്കൂ...

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

ശാരദനിലാവ്‌ said...

waiting....for next episode

കണ്ണനുണ്ണി said...

ബാക്കി കൂടെ വരട്ടെ ട്ടോ

shine അഥവാ കുട്ടേട്ടൻ said...

നന്നായിട്ടുണ്ട്..

മാണിക്യം said...

കഥതുടക്കം കൊള്ളാം വായിക്കുമ്പോള്‍ പിടിച്ചിരുത്തുന്നുണ്ട്, ആശംസകള്‍

എന്റെ സുഹൃത്തുക്കള്‍