OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Monday, February 28, 2011

പുനരപിജനനം

ങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച് പൊടിഞ്ഞു തുടങ്ങിയ, എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഗൃഹത്തിലെ വെറും തറയില്‍ കിടന്ന് യാക്കോബ് അര്‍ത്ഥമോ, അടുക്കും ചിട്ടയുമോ ഇല്ലാത്ത ചിന്തകളിലൂടെ ഭ്രാന്തമായൊരു സഞ്ചാരത്തിലായിരുന്നു.

യാക്കോബ് കിടന്ന കിടപ്പില്‍ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു. വിചിത്രരൂപി, തലേന്ന് ക്യാന്‍വാസില്‍ യാക്കോബ് knife കൊണ്ട് തോണ്ടിയിട്ട മഞ്ഞ നിറത്തിന്റെ അടരുകളില്‍ വിരലോടിക്കുകയായിരുന്നു. എണ്ണച്ചായത്തിന്റെ സ്‌ട്രോക്കുകളില്‍ സാമൂഹ്യാവസ്ഥകളുടെ അമൂര്‍ത്തമായ പ്രതീകങ്ങള്‍ക്കിടെ അയാളുടെ വിചിത്രരൂപം അവ്യക്തമായെങ്കിലും തെളിഞ്ഞും മറഞ്ഞും കിടന്നിരുന്നു.

യാക്കോബിനുവേണ്ടി മോഡലായി ഇരുന്നു കൊടുക്കാന്‍ അയാള്‍ക്ക് ഏതും പ്രയാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും അയാളുടെ പ്രയാസങ്ങളോ, വേദനകളോ, സന്തോഷമോ ഒന്നുംതന്നെ മുഖത്തോ, ശരീരചേഷ്ടകളിലോ അടയാളപ്പെട്ട് ആരും കണ്ടിരുന്നില്ല. കനപ്പെട്ട ഒരു നിഗൂഢതയില്‍ വലയം ചെയ്യപ്പെട്ട് അയാളവിടെ ജീവിച്ചു.
ഒരിക്കല്‍, എവിടെനിന്നെന്നറിയാതെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതാണയാള്‍ അവിടെ. സംസാരശേഷി ഉണ്ടോ എന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞ, മാന്യന്മാരുടെ പഴയ ക്ലബ്ബിലോ അടുത്തുള്ള കലുങ്കിന്റെ മേലോ അയാള്‍ എപ്പോഴുമുണ്ടായിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രം നീട്ടുന്ന കൈയില്‍ വീഴുന്ന നാണയങ്ങളില്‍ അയാളുടെ വിശപ്പ് തൃപ്തമായി.

യാക്കോബല്ലാതെ ആരുംതന്നെ അയാളെ ഒരു മനുഷ്യജന്മമെന്ന രീതിയിലെങ്കിലും ഒരിക്കല്‍പ്പോലും നോക്കിയിരുന്നോ എന്നുമറിയില്ല. കൃത്യമായി എന്നും രാവിലെ ഒമ്പതുമണിയോടടുത്ത് യാക്കോബിന്റെ കാന്‍വാസിനു മുമ്പില്‍ അയാള്‍ ഹാജരുണ്ടാകും. ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ആ ചിത്രത്തിലെ നരച്ച നിറങ്ങളില്‍ താന്‍ രൂപപ്പെട്ടുകിടന്നത് അയാള്‍ അറിഞ്ഞിരിക്കുമോ എന്നും ആര്‍ക്കറിയാം!

ആര്‍ക്കും വേണ്ടാതെ കിടന്ന ആ സ്റ്റുഡിയോയിലെ അസംഖ്യം ചിത്രങ്ങളില്‍ അവസാനത്തേതായി ആ ചിത്രവും സ്ഥാനം പിടിക്കുമായിരുന്നു.

അഞ്ചു ദിവസമായി തുടര്‍ന്നുപോന്ന നിരാഹാരം മുടക്കി ചുണ്ടിലേക്കു പകര്‍ന്നതിന്റെ ബാക്കി ഒരല്പം വിഷം മാത്രം യാക്കോബിന്റെ വലതുകൈയിലെ കുപ്പിയില്‍ അവശേഷിച്ചിരുന്നു. യാക്കോബിന്റെ വായുടെ ഇടതുകോണിലൂടെ കിനിഞ്ഞിറങ്ങി നിലത്തുപരന്ന രക്തം കണ്ടിട്ടും സ്ഥായിയായ നിര്‍വ്വികാരതയോടെ അയാള്‍ ചിത്രത്തേയും യാക്കോബിനേയും മാറിമാറി നോക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ വന്ന് യാക്കോബിന്റെ സമീപം, സ്വസ്ഥമായി മരണത്തിലേക്കു പോകാന്‍ അനുവദിക്കും പോലെ ഏറെനേരം വെറുതെ ഇരിക്കുക മാത്രം ചെയ്തു. കാരുണ്യത്തോടെ, യാക്കോബിന്റെ നെഞ്ചില്‍ കൈവെച്ച് അവസാനതുടിപ്പും നെഞ്ചകത്ത് ഒടുങ്ങിയമരുന്നത് അയാള്‍ തൊട്ടറിഞ്ഞു.

ഉച്ചവെയിലില്‍ , ഛായാചിത്രം വഹിച്ചുകൊണ്ട് ആ വിചിത്രരൂപി ചന്തയിലെ ചൂടുപിടിച്ച ആകാശത്തിന്റെ ചുവടെ നിന്നു. ഇരുകൈയും ഉയര്‍ത്തി തൊപ്പിക്കുമുകളില്‍ ചിത്രം പിടിച്ച് നിശ്ചലനായി അയാള്‍ നിലകൊണ്ടു. അയാള്‍ക്കു ചുറ്റും ഒരു ജനക്കൂട്ടം പരന്നു കിടപ്പുണ്ടായിരുന്നു.

Tuesday, February 8, 2011

മന്ത്രവാദി

'ഭാര്‍ഗ്ഗവേട്ടന് തീരെ സുഖല്യത്രേ! അവടൊന്ന് പൊയ്‌ക്കോണ്ടു ഗോപ്യേ...'
മുറുക്കാനുമെടുത്ത് തിണ്ടുകോലായില്‍ വന്നിരുന്ന് അമ്മ പറഞ്ഞു.

'അവശനായി. ഞാ,ന്നലെ വസന്തേനെ കണ്ടപ്പഴാ അറീണ്. അഞ്ചാറ് മാസായിട്ട് കെടപ്പാത്രേ!'
പോകാം എന്ന അര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളി.

'ചെയ്ത്‌പോയ കര്‍മ്മങ്ങള്‌ടെ ഫലം..! ശത്രുതള്ളോരെത്രയാ,ള്ളത്! പറയുമ്പൊ ഒക്കെപ്പറയണല്ലോ; ഈ ദേശത്താര്ക്കും മൂപ്പരെക്കൊണ്ടൊര് ദോഷോല്ല്യേര്ന്ന്... പൊറന്നാട്ട്വേരേര്ന്നിലേ?, മൂപ്പരെ ആവശ്യക്കാര്...!?
മുറ്റത്ത്, വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു, പഴയ ഭാര്‍ഗ്ഗവേട്ടനെ...

ചെറുപ്പത്തില്‍, ഞങ്ങള്‍ ഈ നാട്ടിലെ കുട്ടികള്‍ക്കൊക്കെ ഏറ്റവും ഭയം ഭാര്‍ഗ്ഗവേട്ടനെയായിരുന്നു. ഭാര്‍ഗ്ഗവേട്ടന്‍ മന്ത്രവാദിയാണ്. ഒടിമറച്ചിലും ഉണ്ടത്രേ!! ആറടി നീളത്തില്‍, വെളുത്ത് മെലിഞ്ഞ്, കണ്ടാല്‍ ഒരു യോഗ്യന്‍ തന്നെയായിരുന്നു.

അന്ന് ഞങ്ങളുടെ വീടിന്റെ കിഴക്കേതില്‍, നാലാമത്തെ വീടായിരുന്നു; ഭാര്‍ഗ്ഗവേട്ടന്റേത്. ഇന്ന് ഒരു പത്തു വീടെങ്കിലും പുതുതായി ഞങ്ങളുടെ വീടുകള്‍ക്കിടയില്‍ ഉണ്ട്. വീട്ടില്‍ നിന്നിറങ്ങിയാല്‍, സ്‌കൂളെത്തും വരെ പാടവരമ്പത്തുകൂടെയാണ് യാത്ര. പോകും വഴി, ഭയത്തോടുകൂടിയല്ലാതെ ആ വീട്ടിലേക്കു നോക്കിയിട്ടില്ല. ഭാര്‍ഗ്ഗവേട്ടന്റെ പുരയിടത്തില്‍ നിന്നും കുറുപ്പിന്റെ പാടത്തേക്ക് ചാഞ്ഞു നില്‍ക്കുന്ന ഒരു പറങ്കിമാവുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോഴേ ഞങ്ങള്‍ ആ പറങ്കിമാവിന്റെ കൊമ്പത്തേക്കു നോക്കും. ഒരു ചുവന്ന നിറമോ, വെളുത്ത നിറമോ കണ്ടാല്‍, പിന്നെ ആ ഭാഗത്തെത്തുമ്പോള്‍ തല നേരെ എതിര്‍ദിശയിലേക്ക് തിരിച്ചു പിടിച്ച് ഒരോട്ടമാണ്. ചുവപ്പോ വെളുപ്പോ നിറം എന്നു പറഞ്ഞത് ഭാര്‍ഗ്ഗവേട്ടന്റെ അണ്ടര്‍വെയറിന്റെ നിറമാണ്.

ഭാര്‍ഗ്ഗവേട്ടന്‍ വീട്ടിലുള്ള കക്കൂസ് ഉപയോഗിക്കാറില്ല. അന്നു സ്വന്തമായി കക്കൂസില്ലാത്തവര്‍ സൗജന്യ വളപ്രയോഗം നടത്തിയിരുന്ന, നാലുഭാഗവും കാടുപിടിച്ചു കിടക്കുന്ന വടേരിപ്പറമ്പിനോടും മൂപ്പര്‍ക്ക് അലര്‍ജിയായിരുന്നു. ആ പറങ്കിമാവിന്റെ കൊമ്പിനു മുകളിലിരുന്ന് കാര്യം സാധിക്കും. ഇരിക്കുന്നതിന്റെ കൃത്യം ചുവടെ ഒരു കുഴിയുണ്ടായിരുന്നു.
അന്നു നല്ല കൃഷിയുണ്ടായിരുന്നു കുറുപ്പിന്റെ പാടം നിറയെ. പക്ഷേ, ആ കണ്ടം മാത്രം നെല്ലും എള്ളുമൊന്നും നടാറില്ല. ഭാര്‍ഗ്ഗവേട്ടന് തീറുകൊടുത്തപോലെ! അതിനെപ്പറ്റി കുറുപ്പ് ഭാര്‍ഗ്ഗവേട്ടനോടെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുപോലും സംശയമാണ്. പിന്നെപ്പിന്നെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എന്താണെന്നറിയില്ല, ഭാര്‍ഗ്ഗവേട്ടന്‍ ആ പരിപാടി ഉപേക്ഷിച്ചു.

വടേരിപ്പറമ്പിന്റെ കിഴക്കു ഭാഗത്തുള്ള കുളത്തില്‍ മിക്ക ദിവസങ്ങളിലും കാണാം; വാഴയിലയും പൂവും, പിന്നെ കുരുത്തോലയും വാഴപ്പോളയും കൊണ്ടുണ്ടാക്കിയ ചെറിയൊരു തോണിയുമൊക്കെ!

സ്‌കൂളില്‍ പോകും വഴി ഒരല്പം ഭയത്തോടും കൗതുകത്തോടും കൂടി മാത്രം ഞങ്ങളതു നോക്കിനിന്നു. പൂക്കോയയ്ക്കു മാത്രം പേടിയില്ല. അവന്‍ കല്ലെടുത്തെറിഞ്ഞ് ആ തോണി കുളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഒഴുക്കിക്കളിക്കും. തലകീഴാക്കി മറിച്ചിടും. ഒരിക്കല്‍ അവനൊരു പനി വന്നു. രണ്ടാഴ്ച പനിച്ചു കിടന്നു. പിച്ചും പേയും പറഞ്ഞുകിടന്ന അവന് ഫക്കീര്‍പാപ്പാ ഊതിയ വെള്ളം കൊടുത്തിട്ടാണത്രേ മാറിയത്. അതിന്റെ ശേഷം കുളത്തിനടുത്തെത്തിയാല്‍ പൂക്കോയ നില്‍ക്കുകയേയില്ല.

ഞങ്ങളുടെ ഒരു ക്ലാസ്സ് താഴെ ഭാര്‍ഗ്ഗവേട്ടന്റെ മകന്‍ ധര്‍മ്മന്‍ പഠിച്ചിരുന്നു. ആളൊരു അശുവായിരുന്നിട്ടു പോലും കുട്ടികളെല്ലാവരും അവനെ ഒന്നു പേടിച്ചിരുന്നു. അവനോടു കൂട്ടു കൂടാനും ആരും പോയില്ല. അവനതൊന്നും പ്രശ്‌നമായിരുന്നില്ല. ആരോടും മിണ്ടാട്ടം പോലുമില്ല. അഞ്ചാം ക്ലാസ്സോടെ അവന്‍ പഠിപ്പും മതിയാക്കി.

രണ്ടു ഭാര്യമാരിലായി ഭാര്‍ഗ്ഗവേട്ടന് മക്കള്‍ ഏഴാണ്. ആദ്യഭാര്യ വസന്തച്ചേച്ചിക്ക് അഞ്ചു മക്കള്‍. യശോദച്ചേച്ചിക്ക് രണ്ടും. യശോദച്ചേച്ചിയെ ഭാര്‍ഗ്ഗവേട്ടന്‍ കല്യാണം കഴിച്ചത് അന്ന് നാട്ടില്‍ വലിയ സംഭവമായിരുന്നത്രേ! അത്യാവശ്യം സാമ്പത്തിക ചുറ്റുപാടൊക്കെയുണ്ടായിരുന്ന തറവാട്ടിലെ പെണ്ണിനെ, അതും മേല്‍ജാതിക്കാരിയെ, ഭാര്‍ഗ്ഗവേട്ടന്‍ കൂട്ടിക്കൊണ്ടുവന്നു പൊറുപ്പിക്കുകയായിരുന്നു. പിന്നാലെ യശോദച്ചേച്ചിയുടെ ആങ്ങളമാരും കുടുംബക്കാരും എതിരു വന്നിട്ടൊന്നും ഭാര്‍ഗ്ഗവേട്ടന്‍ കുലുങ്ങിയില്ല. എന്തൊക്കെയോ ചില പ്രയോഗങ്ങള്‍... യശോദച്ചേച്ചിയുടെ ആള്‍ക്കാര്‍ വന്നവഴിയേ ഓടിയത്രേ! അതിനു ശേഷമാണ് ഭാര്‍ഗ്ഗവേട്ടന്റെ സിദ്ധികളെപ്പറ്റി പുറംനാട്ടില്‍ പല കഥകളിറങ്ങിയതും, ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചതും.

നല്ല ആരോഗ്യവതിയും, ഒരു മകളുടെ അമ്മയും, (അന്നു ഷീബച്ചേച്ചി മാത്രമേ ജനിച്ചിരുന്നുള്ളൂ) അത്യാവശ്യത്തിനു സുന്ദരിയുമായ വസന്തച്ചേച്ചി ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ, യശോദച്ചേച്ചിയെക്കൂടി പരിണയിച്ച കാര്യത്തില്‍ ഭാര്‍ഗ്ഗവേട്ടനോട് വിയോജിപ്പുള്ളവര്‍ കുറച്ചു പേരുണ്ടായിരുന്നെങ്കിലും, ദേശത്തിനും ദേശക്കാര്‍ക്കുമെതിരെ എന്ന തരത്തില്‍ ഒരാരോപണം പോലും ഭാര്‍ഗ്ഗവേട്ടന്റെ പേരില്‍ ഇല്ല.

ഏറ്റവും വലിയ അത്ഭുതം അതൊന്നുമല്ല;... സപത്‌നിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന, ഞങ്ങടെ നാട്ടില്‍ ചക്കൊളത്തിപ്പോര് എന്നുപേരുള്ള കലാപരിപാടി ആ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതാണ് അത്. വസന്തച്ചേച്ചിയും യശോദച്ചേച്ചിയും നല്ല സുഹൃത്തുക്കളായി കഴിഞ്ഞുകൂടി. ഭാര്‍ഗ്ഗവേട്ടന്‍ കാര്യങ്ങള്‍ എങ്ങനെ മാനേജ് ചെയ്തു എന്നത് ഇന്നും അജ്ഞാതം. (യശോദച്ചേച്ചി രണ്ടുതവണ പ്രസവിച്ചപ്പോള്‍, ഭാര്‍ഗ്ഗവേട്ടന്‍ വസന്തച്ചേച്ചിയ്ക്ക് ഇരട്ടി അനുഗ്രഹം ചൊരിഞ്ഞ് നന്ദി പ്രകടിപ്പിച്ചു; വസന്തച്ചേച്ചി പിന്നെ നാലു പെറ്റു.)

* * * * *

ഞാന്‍ ചെല്ലുമ്പോള്‍ ഭാര്‍ഗ്ഗവേട്ടന്റെ വീട്ടുമുറ്റത്ത് ധര്‍മ്മന്റെ മകനാണെന്നു തോന്നുന്നു; അഞ്ചോ, ആറോ വയസ്സുള്ള ഒരാണ്‍കുട്ടി തെച്ചിപ്പൂ പറിച്ചുകൊണ്ടു നില്‍ക്കുന്നു. ഇന്നാര്‍ക്കോ പൂജയുണ്ടായിരിക്കണം. തെക്കുവശത്ത് കരിങ്കുട്ടിയെയും ദണ്ഡനെയുമൊക്കെ കുടിയിരുത്തിയിട്ടുള്ള തറയ്ക്കടുത്തെ കള്ളിമരത്തില്‍ ചുവന്ന കോടികള്‍ തൂക്കിയിട്ടിരിക്കുന്നു. ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു ആ പരിസരം നിറയെ.

വെള്ളമുണ്ടിനു മീതെ, അരയില്‍ ഒരു ചെമ്പട്ടു ചുറ്റിയിട്ടുള്ള താടിക്കാരന്‍ മുഖത്തേക്കു നോക്കി, ഒന്നു ചിരിച്ചെന്നു വരുത്തി വീടിന്റെ തെക്കു ഭാഗത്തുള്ള ചെറിയൊരു പുരയിലേക്കു ധൃതിയില്‍ കയറിപ്പോയി. മന്ത്രവാദ കര്‍മ്മങ്ങള്‍ നടത്താന്‍ മാത്രമുള്ളതാണ് ആ ചെറിയ ഷെഡ്ഡ്. എനിക്ക് ആളെ മനസ്സിലായി... അത് ധര്‍മ്മനാണ്! താടിയും മുടിയും നീട്ടി...

അകത്തെ മുറിയില്‍ ഭാര്‍ഗ്ഗവേട്ടന്‍ കിടക്കുന്നു. വസന്തച്ചേച്ചി കട്ടിലില്‍ അരികിലിരുന്ന് മരുന്ന് സ്പൂണിലെടുത്ത് ചുണ്ടില്‍ ഇറ്റിച്ചു കൊടുക്കുന്നു. ഞാന്‍ മുറിയിലേക്കു കയറിയതിന്റെ പിന്നാലെ യശോദച്ചേച്ചിയും കയറി വന്നു. ഭാര്‍ഗ്ഗവേട്ടന്‍ പൂര്‍ണ്ണമായും നരച്ചിരിക്കുന്നു. നീണ്ടുകിടന്നിരുന്ന മുടിയൊക്കെ പറ്റെ വെട്ടിയിട്ടുണ്ട്. കണ്ണുകളില്‍ ചൈതന്യം മങ്ങിയിരിക്കുന്നു. എന്നെ സൂക്ഷിച്ചു നോക്കുന്നതു കണ്ട് യശോദച്ചേച്ചി പറഞ്ഞു:

'ഗോപി... മങ്കുഴീത്തെ...!'
ഭാര്‍ഗ്ഗവേട്ടന്‍ വളരെ ശ്രമപ്പെട്ട് ഒന്ന് മൂളി. വസന്തച്ചേച്ചി തല ചെരിച്ച് ഒരു ദയനീയമായ ചിരി ചിരിച്ചു.
'മിണ്ടാനൊന്നും വെയ്യ്യ കുട്ട്യേ... എല്ലാരിം മനസ്സിലാവ്ണ്ട്!'
'കുട്ട്യെന്നേ വന്ന്?' യശോദച്ചേച്ചിയാണ്.
'ഇന്നലെ...'
'ലെഷ്മിയ്ക്കിതെത്ര്യാ മാസം?'
'ആറായി.'

പിന്നെയും ആര്‍ക്കും ഒന്നും പറയാനില്ലാതെ കുറച്ചു സമയം കൂടി...
ഇമയനങ്ങാതെ എന്റെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടു കിടക്കുകയാണ് ഭാര്‍ഗ്ഗവേട്ടന്‍. ഒരിക്കല്‍ പ്രതാപിയായി കഴിഞ്ഞ മനുഷ്യന്‍! മര്യാദകെട്ട് ആരോടും പെരുമാറിയിട്ടില്ലെങ്കിലും, എതിര്‍ക്കാന്‍ വന്നവര്‍ക്കൊക്കെ മുന്നില്‍ നെഞ്ചു വിരിച്ചു നിന്നയാള്‍. എന്റെ അച്ഛന്റെ പ്രായമേ ഉണ്ടാകൂ. ഏറിയാല്‍ അറുപത്. പക്ഷേ, ഭാര്‍ഗ്ഗവേട്ടന്‍ അതിനേക്കാളൊക്കെ ഏറെ വൃദ്ധനായിരിക്കുന്നു.

ഞാന്‍ ലക്ഷ്മിയെ പ്രണയിച്ചു വിവാഹം ചെയ്തതിന്റെ മൂന്നാഴ്ചക്കു ശേഷം, അവളുടെ വീട്ടുകാരുടെ കലിയിളക്കം ഒന്നു ശമിച്ചു തുടങ്ങിയപ്പോള്‍, ഞാനും ലക്ഷ്മിയും എന്റെ വീട്ടിലേക്കു തിരിച്ചു വന്ന ദിവസം...
അന്നു രാവിലെ ലക്ഷ്മിയുടെ വലിയച്ഛന്റെ മകനുമായി ഒരു ചെറിയ സംഘര്‍ഷം കഴിഞ്ഞതായിരുന്നു... ഭാര്‍ഗ്ഗവേട്ടന്‍ വന്നിട്ട് എന്റെ തോളില്‍ത്തട്ടി: 'മിടുക്കന്‍..! ഇയ്യ് ആങ്കുട്ട്യാ...!!'

പോകാന്‍ നേരം ഭാര്‍ഗ്ഗവേട്ടന് ഒരു നിര്‍ബന്ധം!
'ഇന്ന് വൈകുന്നേരം ലെഷ്മിക്കുട്ടിന്റെ വീട്ടിന്റെ മുമ്പിക്കൂടെ രണ്ട്ചാല് നടക്കണം. ഭാര്‍ഗ്ഗവേട്ടണ്ട് കൂടെ...'
പിന്നെ ശബ്ദം താഴ്ത്തി പറഞ്ഞു:
'അവരെന്തും ചെയ്യ്യാന്‍ മടിക്കൂല. എന്തു ക്ഷുദ്രോം ചെയ്യും. ഭാര്‍ഗ്ഗവേട്ടന്‍ ണ്ട്. ഒരു കൊടികെട്ട്യ മൂര്‍ത്തീനേം അടുപ്പിക്കൂല ഞാന്‍!'
എന്തായാലും അക്കാര്യത്തില്‍ ഞാന്‍ ഭാര്‍ഗ്ഗവേട്ടനെ ബുദ്ധിമുട്ടിച്ചില്ല.

* * * * *

ക്ഷീണിച്ച കണ്ണുകള്‍ ഇറുക്കിയടച്ച് ഭാര്‍ഗ്ഗവേട്ടന്‍ അഞ്ചാറു പ്രാവശ്യം ചുമച്ചു. എനിക്കു കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ തോന്നിയില്ല. അല്ലെങ്കിലും രോഗികളെ സന്ദര്‍ശിക്കാന്‍; അവരുടെ ബുദ്ധിമുട്ട് കാണാനുള്ള വിഷമം കാരണം എനിക്ക് മടിയാണ്.

ഇന്ന് ഭാര്‍ഗ്ഗവേട്ടനെ ഉപാസനാമൂര്‍ത്തികളൊക്കെ കൈവിട്ടിരിക്കുന്നു. ഞാന്‍ യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി. മന്ത്രവാദപ്പുരയുടെ മുന്നിലെ തൂണില്‍ കെട്ടിയ ചരടില്‍ കാലുകെട്ടിയിട്ട ഒരു പൂവന്‍കോഴി ഗുരുതിയാകാനുള്ള ഊഴം കാത്തു നില്‍ക്കുകയാണ്.

ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ മണിയൊച്ചകള്‍ കാതില്‍ വീണു. അകത്ത് ധര്‍മ്മന്‍ കര്‍മ്മം ആരംഭിച്ചിരിക്കുന്നു.

എന്റെ സുഹൃത്തുക്കള്‍