Wednesday, September 1, 2010

ഋതു

സന്ധ്യക്കുമുമ്പേ തുടങ്ങിയതാണ് പെണ്ണുങ്ങളെല്ലാവരും തകൃതിയായ ഒരുക്കങ്ങള്‍...
ശരിക്കും ഒരു കല്യാണത്തിന്റെ മട്ടൊക്കെത്തന്നെയാണ്.
വൈകുന്നേരം ഒരു നാലുമണിയൊക്കെ ആയപ്പോള്‍ത്തന്നെ ശാരികയ്ക്ക് ചോറുകൊടുത്തിരുന്നു. രാവിലെ മുതല്‍ മടുപ്പിക്കുന്ന ഒരേയിരുപ്പായിരുന്നു. ചാരുതയും ഷീനയും പരിസരങ്ങളിലൊക്കെ ചുറ്റിപ്പറ്റി നില്പാണ്. ശാരികയുടെ സ്ഥിതിയില്‍ ഒരല്പം സഹതാപമൊക്കെയുണ്ടെങ്കിലും പ്രധാനമായും ഉള്ളില്‍ ചെറിയൊരു അസൂയയും അവര്‍ക്കുണ്ടായിരുന്നു.കാരണം, മൂന്നു ദിവസമായി മുതിര്‍ന്നവരുടെ ഒരു പ്രത്യേക പരിഗണന ശാരിക്കുണ്ട്. ശാരി എട്ടാം ക്ലാസ്സില്‍ എത്തിയതേയുള്ളൂ. ചാരുവും ഷീനയും പത്തിലാണ്. പക്ഷേ, കണ്ടാല്‍ ശാരിക്കാണ് രണ്ടുപേരെക്കാളും മൂപ്പു തോന്നുക.
ചാരുത സ്‌കൂളിലെ പ്രധാന കായികതാരം കൂടിയാണ്. മൂവായിരം മീറ്റര്‍ ഓട്ടമാണവളുടെ ഇഷ്ടയിനം. എന്നും സ്‌കൂള്‍ വിട്ടശേഷം ഒരു മണിക്കൂറോളം സ്‌കൂള്‍ഗ്രൗണ്ടിലെ പ്രാക്ടീസിനു ശേഷമാണവള്‍ വീട്ടിലെത്തുക. ഷീനയുടെ വീട് ചാരുതയുടെയും ഷീനയുടെയും വീടിന്റെ തൊട്ടയല്‍പക്കത്താണ്.
ഈ മൂന്നു ദിവസവും സ്‌കൂള്‍ വിട്ടു വന്നാല്‍ മുഴുവന്‍ സമയവും ഷീന, ചാരുവിന്റെയും ശാരിയുടെയും വീട്ടിലായിരുന്നു.
വ്യാഴാഴ്ച, സ്‌കൂളില്‍ പോകാന്‍ നേരം തലവേദനയെന്നും പറഞ്ഞ് ശാരി കിടക്കുകയായിരുന്നു. സ്‌കൂളില്‍ പോകുന്ന കാര്യത്തില്‍ ശാരി ഒന്നാംതരം മടിച്ചി തന്നെയാണ്. അതിന് എന്തെങ്കിലും ന്യായങ്ങള്‍ കണ്ടെത്താനും അവള്‍ക്ക് പ്രയാസമില്ല.
അന്ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ത്തന്നെ ചാരുതക്ക് പന്തികേട് അനുഭവപ്പെട്ടു. കാരണം, പട്ടരുപറമ്പിലെ ദേവകി അമ്മായിയും, കാളാട്ടെ ചെറിയമ്മായി സുധയും വീട്ടിലുണ്ട്. കിട്ടുന്ന അവസരങ്ങളിലെല്ലാം അമ്മയുമായി മുട്ടന്‍ വഴക്കായിരുന്നു രണ്ടും. പക്ഷേ, അന്ന് മൂന്നുപേരുംകൂടിയായിരുന്നു അടുക്കളപ്പണിയൊക്കെ. അമ്മായിമാര്‍ രണ്ടുപേരുടെയും ചെറിയ കുട്ടികള്‍ മാത്രമല്ല, അല്പം അകന്ന ബന്ധത്തിലുള്ള ശങ്കരിച്ചിറ്റ, പൊന്നാനിയിലെ മണിച്ചേച്ചി, രാധേടത്തി എല്ലാവരും ഹാജരുണ്ട്.
സ്വന്തം മുറിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ സുധമ്മായി വന്ന് ചാരുവിനെ തടഞ്ഞു.
'നീയിപ്പം അങ്ങട്ട് പോണ്ട. അനീത്തി ചേച്ചീനെ ഓവര്‍ടേക്ക് ചെയ്ത് ഇരിക്ക്ണ്ട്. ബാഗ് അപ്പൊറത്തെങ്ങാനും വെച്ച്, മാറ്റി അടുക്കളേലിക്ക് വാ.'
അമ്മായിമാര്‍ രണ്ടുപേരും ചേര്‍ന്ന് ശാരിയെ കുളിപ്പിക്കാന്‍ കൊണ്ടു പോകുമ്പോള്‍ അമ്മ ചാരുതയെ വിളിച്ചു.
'ഇയ്യ്യാ ചൂല്ട്ത്ത് ആ മുറ്യൊന്ന് അടിച്ച് വാര്. തുണി നനച്ച് നല്ലോണം മുറുക്കിപ്പിഴിഞ്ഞ് നെലം ഒന്ന് തൊടച്ചോ.'
മുറി വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും അമ്മ ഒരു കുടത്തില്‍ പൂക്കുല വെച്ച് നെല്ല് നിറച്ചു. വിളക്ക് വെച്ച് പച്ചരിമാവ് കൊണ്ട് നിലം അണിയിച്ചു. ഓണത്തിന് തൃക്കാക്കരയപ്പനെ അണിയിക്കും പോലെ. ചാരുതക്ക് കാര്യങ്ങളെല്ലാം മനസ്സിലായി.
ശാരിക കല്യാണമായിരിക്കുന്നു!
അമ്മ തന്നെയാണ് ആളെവിട്ട് അമ്മായിമാരെയൊക്കെ വിളിച്ച് വരുത്തിയത്. കുളി കഴിഞ്ഞു വരുമ്പോള്‍ ശാരിക മഞ്ഞയില്‍ ചുവന്ന പുള്ളികളുള്ള മിഡിയും, ചന്ദനക്കളര്‍ ടോപ്പുമായിരുന്നു വേഷം. അമ്മായിമാര്‍ രണ്ടും അമ്മയോട്, ശാരിയെ തറ്റുടുപ്പിച്ചതിന്റെ തമാശകള്‍ വിവരിച്ചു.
പിന്നെ എല്ലാ മരങ്ങളും തൊടീച്ചാണ് അകത്തേക്ക് വന്നത്. തൊടിയിലെ തുളസിയും, വേപ്പും, തെങ്ങും, മാവും...
മുറിയില്‍ത്തന്നെ പലകയിട്ടിരുത്തി വാഴയിലയില്‍ ശാരിക്ക് ചക്കരച്ചോറ് വിളമ്പി.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷീനയും അവളുടെ അമ്മയും കൂടി വന്നു. പിന്നെ ഒരുക്കലായിരുന്നു. കണ്ണെഴുതി, ചാന്ത് തൊട്ട്,.. എല്ലാറ്റിനും വിനീതവിധേയയായി ഇരിക്കുന്ന ശാരിയെ നോക്കി ചാരുതയും ഷീനയും അടക്കിച്ചിരിച്ചു.
പിന്നെ മൂന്നു ദിവസവും ശാരിക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. മുറിയില്‍ ഒരേയിരിപ്പ് തന്നെ.
'മൂത്രമൊഴിക്കാനൊക്കെ പൊറത്ത് പോകുമ്പോ, ഇത് കയ്യില് വെക്കാന്‍ മറക്കര്ത്, ട്ടോ..' ദേവകിയമ്മായി ഒരു ഇരുമ്പാണി ശാരികയുടെ കൈയില്‍ കൊടുത്തു. രക്ഷയ്ക്കാണത്രെ!
ചാരുതയും ഷീനയുമെല്ലാം അടുക്കളയില്‍ തകൃതിയായ പണിയിലായിരിക്കുമ്പോള്‍ ശാരിക്ക് ശരിക്കും മടുപ്പാകുന്നുണ്ടായിരുന്നു. രണ്ടുമൂന്നു തവണ അടുക്കളവാതിലോളം അരിച്ചരിച്ച് ചെന്നതുമാണ്. അതിന് അമ്മായിമാരുടെ വായില്‍നിന്ന് കണക്കിന് കേള്‍ക്കുകയും ചെയ്തു.
ചാരുതയ്ക്കും ഷീനയ്ക്കുമായിരുന്നു അരവിന്റെ ഡ്യൂട്ടി. അമ്മിയില്‍ നിന്ന് അല്പം തോണ്ടിയെടുത്ത് ദേവകിയമ്മായി അരവിന്റെ പാകം നോക്കി.
'കാളന്ള്ളതല്ലേ? കണ്ണെഴുത്യാ തടയാന്‍ പാടില്ല്യ.'
ശങ്കരിച്ചിറ്റ വന്ന് മണ്ണാത്തിച്ചീരു വന്നെന്ന് പറഞ്ഞു.
മണ്ണാത്തിയാണ് മാറ്റ് വെയ്ക്കുക. വാഴപ്പോളയും കുരുത്തോലയും കൊണ്ടുണ്ടാക്കുന്ന, കളിപ്പാട്ടം പോലുള്ള ഒന്ന്.

.........................................................

രാവിലെ ശാരിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകും മുമ്പേ തന്നെ ഷീനയും ഹാജരായി. ഒരു ചെറുസംഘമായി കുളത്തിലേക്ക്. ചാരുവിന്റെയും ശാരിയുടെയും ഇളയവന്‍ അച്ചു മൂന്നിലാണ് പഠിക്കുന്നത്. അവനുമുണ്ട് ഒരു വെട്ടുകത്തിയുമായി. കല്യാണപ്പെണ്ണ് കുളിക്കാനിറങ്ങും മുമ്പ് കുളത്തില്‍ വെട്ടും. ശാരിയുടെ തലയില്‍ ഒരു കുമ്പിള്‍ എണ്ണ തേച്ചിട്ടുണ്ടാകും. ഉടലാകെ മഞ്ഞളു തേച്ചാണ് കുളി. മാറ്റൊഴുക്കിയത് കുളത്തിന്റെ അക്കരെയെത്തിക്കാന്‍ അച്ചു കല്ലെടുത്തെറിയുന്നതിന് സുധമ്മായി ശാസിച്ചു. പെണ്ണുങ്ങളുടെ കളിയാക്കലുകളില്‍ ചൂളി ഒന്നും മിണ്ടാതിരിപ്പാണ് ശാരി.
കുളി കഴിഞ്ഞു വന്ന് വാഴയില കൊണ്ട് വാ മൂടിയ കിണ്ടിയില്‍ നിന്നും, കൈയിട്ട് ഇലപൊട്ടിച്ച് ഒരിലപ്പൊതി ശാരി എടുത്തു. വാട്ടിയ വാഴയില കൊണ്ടുള്ള പൊതികളിലോരോന്നിലും നെല്ല്, തുളസി, മഞ്ഞള്‍, അരി, സ്വര്‍ണ്ണം, കരിക്കട്ട,.. ഒക്കെയാകും. ശാരിക്ക് കിട്ടിയത് മഞ്ഞളാണ്. ശങ്കരിച്ചിറ്റയാണ് പറഞ്ഞത്, മഞ്ഞള്‍ ഉത്തമമാണെന്ന്..

...........................................................

തലയില്‍ നിറയെ മുല്ലപ്പൂക്കളും വെച്ച്, പുതിയ കോടിയൊക്കെയിട്ട് വന്നപ്പോള്‍ ശാരിക്ക് എന്താ പത്രാസ്! വള്ളിക്കുന്നു നിന്ന് - അച്ഛന്റെ വീട് - നിന്ന് കൊണ്ടുവന്ന മറൂണ്‍ കളറിലുള്ള ലാച്ചയാണ് അവള്‍ ഇട്ടിരുന്നത്. പുതിയ ഉടുപ്പില്ലാത്തതിനേക്കാളും ചാരുവിന് വിഷമവും കുശുമ്പും തോന്നിയത്, ആകെ ഒന്നരമുഴം മുല്ലപ്പൂ മാത്രമാണ് അവള്‍ക്കും ഷീനക്കും കിട്ടിയത് എന്നതിലായിരുന്നു.
ഹും! ശാരിയുടെ തലയില്‍ ഒരാറുമുളമെങ്കിലും കാണും.
വീടിന്റെ വടക്കേപ്പുറത്തുവെച്ച് ഷീന ആരും കേള്‍ക്കാതെ ചാരുവിനെ വിളിച്ച് ചെവിയില്‍ പറഞ്ഞു:
'ശാര്യൂങ്കൂട്യായി...! ഇനിപ്പോ... നമ്മളായില്ലാന്ന്ച്ചാ... ഇനി ജീവിച്ചിര്ന്ന്ട്ട് കാര്യണ്ടോ!?
'.......................'
ഒരു പൊട്ടിച്ചിരി കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കിയപ്പോഴുണ്ട്; മണിച്ചേച്ചി!
അത് ഒരു വള്ളിപുള്ളി വിടാതെ, പെണ്ണുങ്ങളുടെ സദസ്സില്‍ കൊണ്ടുപോയി കൈയും കലാശവും കാട്ടി അവതരിപ്പിച്ച് കയ്യടി വാങ്ങിയപ്പോഴാകും മണിച്ചേച്ചിക്ക് സമാധാനമായത്!

................................................................

അന്നു മാത്രമല്ല; പിന്നെ ആഴ്ചകളോളം ചാരുവിന്റെ പേടി അതു തന്നെയായിരുന്നു. താനിനി കല്യാണമാവാതിരിക്കുകയെങ്ങാനും...?
ശാരി എട്ടിലാണ്. താന്‍ പത്തിലും!

..................................................................

അതില്‍പ്പിന്നെ ഓരോ നാളും അവള്‍ക്ക് ചിന്തയുടെ കനം തൂങ്ങിയ നാളുകളായി.
ഒന്നു പൂക്കാന്‍ കഴിയാതെ, ഒരു പാഴ്മരമാകുമോ താനെന്ന ആധിയില്‍ ചാരു കൂടുതല്‍ മെലിഞ്ഞു വന്നു.
ഇളയ കുട്ടികളായ ശാരിയുടെയും അച്ചുവിന്റെയും അത്രയും പരിഗണന വീട്ടില്‍ നിന്നൊരിക്കലും അവള്‍ക്ക് അനുഭവിക്കാനായിരുന്നില്ല. എന്തോ അജ്ഞാതമായ കാരണത്താല്‍ താന്‍ തഴയപ്പെടുന്നു എന്നൊരു ഭയം ചാരുവിന് എന്നുമുണ്ടായിരുന്നു.
പ്രകൃതിയും തന്നെ ഒന്നു തൊടാന്‍ മടിക്കുന്നതെന്തേ?
സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അനിതടീച്ചര്‍ ഒരു ദിവസം ചാരുവിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
'ചാരുതയ്ക്ക് എന്താണു പറ്റിയത്? ഒരു ഉന്മേഷമൊന്നും കാണാനില്ലല്ലോ? ദാ, സബ്ജില്ലാ മീറ്റാണ് വരാന്‍ പോകുന്നത്. നിന്റെ പഴയ മിടുക്കൊക്കെ തിരിച്ചു വരണം. കഴിഞ്ഞ തവണ ഡിസ്ട്രിക്റ്റ് ഫസ്റ്റ് ജസ്റ്റാണ് മിസ്സായത്. മൂവായിരത്തില്‍ നമ്മുടെ സ്‌കൂള്‍ മൊത്തം നിന്നെ പ്രതീക്ഷിക്കുന്നുണ്ട്.'
'...........................................'
'എന്തു പ്രശ്‌നമുണ്ടെങ്കിലും എന്നോട് പറയാന്‍ മടിക്കണ്ട. നല്ലൊരു ഭാവിള്ള കുട്ട്യാ നീയ്.'
തിരിച്ച് പോരുമ്പോള്‍, ചാരു ആലോചിച്ചത് തനിക്കിതെന്താണ് സംഭവിച്ചത് എന്നായിരുന്നു. ഇപ്പോള്‍ പ്രാക്ടീസിന് അധികമൊന്നും ചെല്ലാറില്ല. അതാണ് അനിതടീച്ചര്‍ വിളിപ്പിക്കാന്‍ കാരണം.
ഇനി നല്ല തയ്യാറെടുപ്പോടെ വേണം സബ്ജില്ലാ മീറ്റിന് പോകാനെന്ന് അവള്‍ ഉറപ്പിച്ചു.
അതില്‍പ്പിന്നെ, സ്‌കൂള്‍ വിട്ടശേഷം ഗ്രൗണ്ടില്‍ ഒരു മണിക്കൂര്‍ പ്രാക്ടീസിനു ശേഷം മാത്രമാണ് ചാരു വീട്ടിലേക്കു പോകുന്നത്. ശാരി മറ്റു കൂട്ടുകാരുടെ കൂടെ വീട്ടിലേക്കു പോകുമ്പോള്‍ ഷീന ചാരുവിന് കൂട്ടായി അവള്‍ വരും വരെ ഗ്രൗണ്ടിനരികിലിരിക്കും. വേറെയും കുട്ടികള്‍ ഉണ്ടാകും പ്രാക്ടീസിനായി...

.......................................................................

സബ്ജില്ലയിലും ജില്ലയിലും ചാരുത മൂവായിരം മീറ്ററില്‍ ഒന്നാമതെത്തി. അവള്‍ സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
ഇരുപതാം തിയ്യതി സംസ്ഥാന സ്‌കൂള്‍ മീറ്റ്. അതില്‍ സ്വര്‍ണ്ണം!
പാലക്കാടാണ് സ്റ്റേറ്റ് മീറ്റ്.
ട്രെയിനിലായിരുന്നു പാലക്കാട്ടേയ്ക്കുള്ള യാത്ര. കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയ്‌നായിരുന്നു. സൈഡിലെ സീറ്റായിരുന്നു ചാരുവിനിഷ്ടം. പക്ഷെ, അവിടെ റഷീദ്മാഷാണ്. അതിനടുത്ത് പത്ത് ഡി.യിലെ ഉമര്‍. ഷോട്ട്പുട്ടിനാണ് അവന്‍ മത്സരിക്കുന്നത്. പിന്നെ ചാരുത. അറ്റത്ത് ലതിക. അവളും പത്താം ക്ലാസ്സിലാണ്. ലോംഗ്ജംപ് താരം. എതിര്‍വശത്തെ സീറ്റിലാണ് അനിത ടീച്ചര്‍. ആ സീറ്റില്‍ പിന്നെ പൊള്ളാച്ചിയിലേക്കോ മറ്റോ പോകുന്ന മൂന്നംഗ മലയാളി കുടുംബം.
ലതിക ഇരിക്കുന്നതിന്റെ അപ്പുറത്തുള്ള ആളൊഴിഞ്ഞ ഒറ്റസീറ്റില്‍ സ്ഥലം പിടിക്കാനാകണം, ആരോ ഇട്ട പത്രം ചാരുത കൈയെത്തിച്ച് എടുത്തു. പഴയ പത്രമാണെങ്കിലും അവള്‍ നേരെ സ്‌പോര്‍ട്‌സ് പേജ് വെറുതെ മറിച്ച് നോക്കി.
ശാന്തി സൗന്ദരാജന്‍ ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്തയിലാണ് അവളുടെ കണ്ണുകളുടക്കിയത്.
ദോഹ എഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മത്സരിച്ച ശാന്തി ലിംഗപരിശോധനയില്‍ സ്ത്രീയല്ലെന്ന് ആരോപിക്കപ്പെട്ടതില്‍ മനം നൊന്ത് ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്തയായിരുന്നു അത്.
വായിച്ചു കഴിഞ്ഞും പത്രം അലസമായി മടിയിലിട്ട് ചാരു തീവണ്ടിയുടെ ജനലിനപ്പുറം പിറകിലേക്കോടി മറയുന്ന പാലക്കാടന്‍ ഗ്രാമദൃശ്യങ്ങളില്‍ വെറുതെ കണ്ണയച്ചു.
അവള്‍ക്കെന്തോ, മനസ്സിനൊരു വല്ലാത്ത മുറുക്കം അനുഭവപ്പെടുന്നുണ്ടായിരുന്നു.
മങ്ങിയ വെയിലില്‍ തലപൊന്തിച്ച് നില്‍ക്കുന്ന കരിമ്പനകള്‍ക്കു മേലെ പെയ്യാതെ, ആകാശത്തില്‍ നിന്നും തൂങ്ങിക്കിടക്കുന്ന കറുത്ത മേഘങ്ങള്‍...
എങ്കിലും മഴ പെയ്യുമെന്ന് തോന്നിയില്ല.

......................................................................

റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴും, ചാരുതയ്ക്ക് പ്രസരിപ്പ് തിരിച്ചു കിട്ടിയിട്ടുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ ചിരിച്ചുകളിച്ച്, വളരെ സന്തോഷത്തോടെ പോകുമ്പോഴും, ചാരു തോളില്‍ തൂക്കിയിട്ട ബാഗിന്റെ വള്ളിയില്‍ വെറുതെ തിരുപ്പിടിപ്പിച്ച് ഒന്നും മിണ്ടാതെ നടക്കുകയായിരുന്നു.

......................................................................

സ്റ്റാര്‍ട്ടിംഗ് ബ്ലോക്കില്‍ കാലുകള്‍ ഉറപ്പിച്ച് കാതുകൂര്‍പ്പിച്ച് നില്‍ക്കുകയാണ് ചാരു.
ഇനി കാണികളുടെയും മറ്റു മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ഒഫീഷ്യലുകളുടെയുമെല്ലാം ശബ്ദം കാതുകളില്‍ നിന്നും തുടച്ചു കളയണം...
Concentrate... Concentrate...!
കണ്ണുകള്‍ മുന്നില്‍, ഇടത്തോട്ടു വളഞ്ഞു പോകുന്ന കുമ്മായവരകളുള്ള ട്രാക്കില്‍ തറഞ്ഞുനിന്നു.
മൂവായിരം മീറ്ററുകള്‍ കുതിച്ചു പിന്തള്ളി ഏറ്റവുമാദ്യം റിബ്ബണില്‍ തൊടുന്നത് ചാരുതയാവണം.
ഓണ്‍ യുവര്‍ മാര്‍ക്ക്.....
'ദേ..., ഈ കുട്ടീടെ കാലീന്ന് ചോര...'
തൊട്ടുപിന്നില്‍ നിന്നും ഒരു കുട്ടിയുടെ ശബ്ദം.
ചാരുവിന്റെ ഷോട്‌സിനിടയിലൂടെ..., ഉള്ളംതുടയിലൂടെ, നിലത്തു തൊട്ടിരിക്കുന്ന കാല്‍മുട്ടിലൂടെ ഒരു ചുവന്ന വര മണല്‍ തൊട്ടു...
ഉടലില്‍ ഒരു വിറയല്‍ പടരുന്നത് അവളറിഞ്ഞു...

.......................................................................

അനിതടീച്ചര്‍ അവളുടെ തോളില്‍ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവരുടെ മനസ്സില്‍ സഹതാപമായിരുന്നു. നഷ്ടപ്പെട്ടുപോയ അവസരത്തിന്റെ വേദനയും...
ചുവന്ന ഷാള്‍ ചാരുവിന്റെ അരയില്‍ ചുറ്റിയിട്ടുണ്ടായിരുന്നു.
പവലിയന്നപ്പുറത്തെ തണല്‍മരത്തിന് കീഴിലെത്തിയപ്പോള്‍ കുറെ പൂക്കള്‍ ചാരുവിന്റെ ദേഹത്തും, ചുററിനുമായി കൊഴിഞ്ഞു വീണു.
തുടുത്ത, ചുവന്ന പൂക്കള്‍...
വാക പൂത്തിരിക്കുന്നു.

18 comments:

jamal|ജമാൽ said...

hai naattukara
post istappettuttoo

ജയിംസ് സണ്ണി പാറ്റൂര്‍ said...

എഴുത്തിന് സ്വന്തമായ ശൈലി
കരഗതമായിരിക്കുന്നു.ആശംസകള്‍

ഗന്ധർവൻ said...

മനോഹരമായ എഴുത്ത് ആശംസകൾ

നന്ദു | naNdu | നന്ദു said...

ജമാല്‍, ജയിംസ് സണ്ണി പാറ്റൂര്‍, ഗന്ധര്‍വ്വന്‍ ,.. നന്ദി!

the man to walk with said...

ishtaayi..

Joy Palakkal ജോയ്‌ പാലക്കല്‍ said...

നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

ഇനിയും ഒരുപാട്‌ എഴുതുക..

Joy Palakkal ജോയ്‌ പാലക്കല്‍ said...

നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

ഇനിയും ഒരുപാട്‌ എഴുതുക..

Rare Rose said...

നല്ല കഥ..അവതരിപ്പിച്ച രീതി നന്നായിട്ടുണ്ട്..

നന്ദു | naNdu | നന്ദു said...

the man to walk with, Joy Palakkal ജോയ്‌ പാലക്കല്‍, Rare Rose,...
ഈ വഴി വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും എല്ലാവര്‍ക്കും നന്ദി..!

Typist | എഴുത്തുകാരി said...

അവതരിപ്പിച്ച രീതി നന്നായിരിക്കുന്നു.

റ്റോംസ് കോനുമഠം said...

നല്ല കഥ..
നന്നായിരിക്കുന്നു...

അഭി said...

നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

Kalavallabhan said...

നല്ല അവതരണം
അവസാനം ഏറെ നന്നായി.

Pranavam Ravikumar a.k.a. Kochuravi said...

നന്നായിരിക്കുന്നു...

ശ്രീ said...

നന്നായിട്ടുണ്ട്

Jishad Cronic said...

നന്നായിരിക്കുന്നു...

അശ്വതി said...

aasamsa

നന്ദു | naNdu | നന്ദു said...

എഴുത്തുകാരി, റ്റോംസ് കോനുമഠം, അഭി, Kalavallabhan, Pranavam Ravikumar a.k.a. Kochuravi, ശ്രീ, Jishad Cronic, അശ്വതി - എല്ലാവര്‍ക്കും നന്ദി..!!

എന്റെ സുഹൃത്തുക്കള്‍