പിന്നീട് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ സുമിത്രേച്ചിയെ ഒന്നു കണ്ടാലായി.
ഇതിനിടയിൽ രാധികേച്ചിയുടെ വീടിന്റെ വടക്കേതിലെ കുഞ്ഞാക്കയുടെ പുരയിടം നാണുവേട്ടൻ വാങ്ങി അങ്ങോട്ടു താമസം മാറ്റിയിരുന്നു.
ഞാൻ പത്തിൽ പഠിക്കുന്ന കാലത്തായിരുന്നു സുമിത്രേച്ചിയുടെ കല്യാണം. അക്കൊല്ലത്തെ ഓണം കഴിഞ്ഞ സമയം.
ഹോസ്റ്റലിന്റെ പിറകുവശത്തെ പുളിമരച്ചോട്ടിലിരുന്ന് ദീപകിനോട് ഞാൻ സുമിത്രേച്ചിയെപ്പറ്റി പറഞ്ഞു.
ഞങ്ങൾ കുട്ടികൾക്കൊപ്പം, പാവാടയും തെറുത്തുകയറ്റി തുമ്പപ്പൂവും നെല്ലിപ്പൂവും പറിക്കാൻ വരുന്ന; വടേരിക്കാട്ടിൽ, മരിച്ച കുട്ടിശങ്കരൻ നായരുടെ പ്രേതത്തെക്കണ്ട കഥ പറഞ്ഞ് പേടിപ്പിക്കുന്ന സുമിത്രേച്ചിയെപ്പറ്റി...
നാളെ സുമിത്രേച്ചിയുടെ വിവാഹമാണ്.
എട്ടുപത്ത് പേരുണ്ട് ഞങ്ങളുടെ കുട്ടിഗ്യാങ്ങ്. അതിൽ എന്നോടായിരുന്നു സുമിത്രേച്ചിക്ക് കൂടുതൽ ഇഷ്ടം എന്നു തോന്നിയിട്ടുണ്ട്. ഞാനൊരല്‌പം കൂടുതൽ നാണംകുണുങ്ങിയായതുകൊണ്ടായിരിക്കാം.
ഒമ്പതിലെ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ.
പൂട്ടിപ്പോയ ചാരായഷാപ്പിന്റെ പൊളിഞ്ഞ, ചെറിയ കെട്ടിടമായിരുന്നു നാട്ടിലെ എന്റെ സുഹൃദ്‌സംഘത്തിന്റെ താവളം.
ഉടലു പൂത്തുതുടങ്ങുന്ന കാലമാണ്.
ജീവിതം ഒരുത്സവമാണെന്ന് ആദ്യമായി തിരിച്ചറിവു വരുന്നു...
അന്ന് ശരീരത്തിലും മനസ്സിലും കൊടിയേറ്റകാലമായിരുന്നു.
നാട്ടിലെ സുഹൃത്തുക്കളായ സലീമും ഗോപുവുമുണ്ട് കൂടെ. പഴയ ചാരായഷാപ്പിന്റെ വരാന്തയിലിരിക്കുകയായിരുന്നു.
"എടാ, നാണുപ്പിള്ളേന്റെ മോള് ഒരു സംഭവമാണല്ലേ...?"
"ഊം..?"
"സുമിത്രേയ്! കിടിലൻ ചരക്കാട്ടോ" ഗോപുവാണ്. സുമിത്രേച്ചിയെ അങ്ങനെ വിശേഷിപ്പിച്ചതിൽ ഗോപുവിനോട് ഈർഷ്യ തോന്നി.
"നീ പോടാ..."
"നിന്റെ അയൽവാസിയല്ലേ? ഒന്ന് ട്രൈ ചെയ്ത് നോക്കടാ!"
"ഗോപൂ, നീ വെറുതെ വേണ്ടാത്തത് പറയണ്ട. സുമിത്രേച്ചി എനിക്കങ്ങനെയല്ല..."
"ഓ പിന്നെ! എടാ, അവളു പോക്കാ...!"
"അതന്ന് നിന്നെ തല്ലാനോങ്ങിയതിന്റെ ചൊര്‌ക്കല്ലേടാ..." സലീം പറഞ്ഞത് പുതിയ അറിവായിരുന്നു.സുമിത്രേച്ചി ഗോപുവിനെ തല്ലാനോങ്ങിയോ..!?
"എടാ, ഇവനിന്നാളൊരു ദിവസം ഒന്നു മുട്ടി നോക്കിയതാ! കാലിലെ ചെരിപ്പൂരി ഒന്നു കിട്ടേണ്ടതായിരുന്നു. ഇനി മേലാൽ ഈ കളിയെടുത്താൽ ഒറപ്പായും പൊട്ടിക്കുമ്ന്നാ പറഞ്ഞേ."
"ഹ! അവളൊരു ശീലാവതി. ആദ്യൊക്കെ അങ്ങനെത്തന്നെയാവും. നിനക്ക് കാണാം.."
എനിക്ക് ഗോപുവിനെ ഇടിച്ചു പരിപ്പിളക്കണമെന്ന് തോന്നി. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും ആരോഗ്യസ്ഥിതി വെച്ച് അത് ആത്മഹത്യാപരമാകും എന്നുള്ളത് കൊണ്ട് ഞാനെഴുന്നേറ്റു.
"ഞാൻ പോവ്വാ!"
പോകുമ്പോൾ പിന്നിൽ നിന്നും ഗോപു വിളിച്ചു പറയുന്നുണ്ടായിരുന്നു:
"നീയൊരു ഓപ്പണിംഗ് ഇട്ടു തന്ന മതി. ബാക്കി ഞാനായിക്കൊള്ളാം."
ഞാൻ ഒന്നും മിണ്ടാതെ പോന്നു.
ഇല്ല. സുമിത്രേച്ചിയെ എനിക്കൊരിക്കലും അത്തരത്തിൽ കാണാനാവില്ല. ആ ഗോപു ശരിയല്ല. അവനോട് കമ്പനിയൊന്ന് കുറയ്ക്കുന്നതാണ് നല്ലത്.
വീടെത്തുവോളം മനസ്സിൽ അവൻ പറഞ്ഞതായിരുന്നു. ഗോപുവെന്ന സാത്താൻ പാപത്തിന്റെ പഴം നീട്ടി ഇതു കഴിക്ക്, ഇതു കഴിക്ക് എന്നു പറഞ്ഞുകൊണ്ടേയിരുന്നു.
ഇനിയേതായാലും സുമിത്രേച്ചിയെ കാണാതിരിക്കുന്നതാകും നല്ലത് എന്നു തീരുമാനിച്ചു. അവൻ വെറുതെ മനസ്സ് കുത്തിമറിച്ചു!
ഇനി സുമിത്രേച്ചിയെ കാണുകയോ, മിണ്ടുകയോ വേണ്ട എന്നു തീരുമാനിച്ചെങ്കിലും സുമിത്രേച്ചിയുടെ വീട്ടിൽ കയറി അന്വേഷിച്ചപ്പോൾ ഇരിങ്ങാവൂർക്ക് പോയിരിക്കുന്നു എന്ന് കാർത്ത്യായനിയേടത്തി പറഞ്ഞപ്പോൾ, മനസ്സിൽ തൊന്നിയതെന്താണ്!?
നാലു ദിവസം കഴിഞ്ഞ് ഞാൻ സ്കൂളിലേക്ക് തിരിച്ചുപോയി. ഇനി പത്താം ക്ലാസ്സാണ്. ക്ലാസ്സ് തുടങ്ങാൻ രണ്ടു ദിവസം കൂടിയുണ്ട്. പോകുന്നതിനിടയിൽ സുമിത്രേച്ചിയെ കാണാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചു.
ദീപക് ഹോസ്റ്റലിലെത്തിയ ഉടനെ എന്നെക്കാണാൻ റൂമിൽ വന്നു. ഞാനും ദീപകിനെ കാത്തിരിക്കുകയായിരുന്നു. അവൻ ഒരല്‌പം വായനയൊക്കെയുള്ള കൂട്ടത്തിലാണ്.
ചിന്തകളൊന്നും ഞങ്ങളുടെ പ്രായക്കാരുടേതല്ല. മുതിർന്നവരുടേതു പൊലെ പക്വതയുള്ള പെരുമാറ്റവും സംസാരവുമൊക്കെയാണ്. ഒരു വിദഗ്ധാഭിപ്രായം ചോദിച്ചറിയാൻ എനിക്കു പറ്റിയ ആൾ ദീപക്കാണ്.
"നന്ദൂ; നമ്മുടെയീ പ്രായത്തിൽ അങ്ങനെ പലതും തോന്നും. തോന്നിയില്ലെങ്കിൽ ചുറ്റുപാടുകൾ അങ്ങനെ തോന്നിപ്പിക്കും. പക്ഷേ, നല്ല ബന്ധങ്ങൾ മിസ്സ്‌യൂസ് ചെയ്താൽ നമുക്കത് നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാവുക. എനിക്കടുത്തു പരിചയമുള്ള പലർക്കും അങ്ങനെ പലവിധ പ്രശ്നങ്ങളും ഉണ്ട്."
ഏതായാലും അതോടുകൂടി, ഗോപു എന്ന സാത്താനെ മനസ്സിൽ നിന്നും ഞാൻ ഏറെക്കുറെ ചവിട്ടിപ്പുറത്താക്കി. (എന്നിട്ടും അവനൊരു നിഴലായി അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നോ!?)
പിന്നീട് അറിയുന്നത് സുമിത്രേച്ചിയുടെ കല്യാണമുറച്ചു എന്നാണ്.
ഞാൻ പത്തു കഴിഞ്ഞിട്ടാണ് പിന്നെ സുമിത്രേച്ചിയെ കാണുന്നത്. അവരുടെ ഭർത്താവിനെ ആദ്യമായി കാണുന്നത് സുമിത്രേച്ചിയെ പ്രസവത്തിന് കൂട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ആഴ്ചയാണ്.
നല്ല ഉയരം കൂടിയ ഒരു ഇരുനിറക്കാരൻ. കാണാൻ അത്ര സുന്ദരനൊന്നുമല്ലെങ്കിലും മോശവുമല്ല. കഴുത്തിനൊരല്‌പം നീളക്കൂടുതലുണ്ടോന്നു മാത്രം. കൽപ്പണിക്കാരനാണ്. അല്‌പം റിസേർവ്വ്‌ഡ് ക്യാരക്റ്ററായി തോന്നിയ കാരണം ഞാൻ സൗഹൃദത്തിനൊന്നും പോയില്ല.
രണ്ടു ദിവസം കഴിഞ്ഞ് വേലിക്കൽ വെച്ച് സുമിത്രേച്ചിയെ കണ്ടു.
ആറാം മാസത്തിൽത്തന്നെ സുമിത്രേച്ചിക്ക് കുറച്ചു വലിയ വയറായിരിക്കുന്നു.
"നന്ദൂ... നിയ്യ് വെല്ല്യ ആളായപ്പോ ഞങ്ങള്യൊക്കെ മറന്നു, ല്ലേ..?"
ഞാനിറങ്ങി വേലിക്കരികിലേക്കു ചെന്നു.
എന്റെ ബാല്യത്തിൽ കഥകളിൽ നിന്നും ഇറങ്ങിവന്ന് എനിക്ക് കളിക്കൂട്ട് തന്ന രാജകുമാരി,..
അല്‌പകാലം മുമ്പ് വേനൽപകലുകളിൽ എന്റെ ചിന്തകളെ അസ്വസ്ഥമാക്കിയ സുന്ദരി...
നല്ല വെളുത്ത സുമിത്രേച്ചി ഒന്നുകൂടി വിളർത്ത പോലെ. വലിയ വയറുണ്ടെന്നല്ലാതെ, തടി ഒട്ടും കൂടിയിട്ടില്ല. സൗന്ദര്യത്തിനും കുറവില്ല.
"ഏയ്... ആരു പറഞ്ഞു! ഞാൻ പഴയ ആള് തന്നെയാ. സുമിത്രേച്ചിയാ മാറിയത്..."
"നീ പോടാ... ഇപ്പഴും ഞാനല്ലേ ആദ്യം വിളിച്ച് മിണ്ടീത്? വന്നിട്ട് ഇത്രേം ദിവസത്തിനിടക്ക് ഒന്ന് തിരിഞ്ഞ് നോക്ക്യോ നിയ്യ്?"
"കോളേജിലൊക്കെ ആപ്ലിക്കേഷൻ അയക്കേണ്ട തെരക്കിലായിരുന്നു. അതോണ്ടല്ലേ?...... അല്ലാ, ആളെവിടെ? ഇവിടെണ്ടോ?"
"ഇല്ല്യ. പോയി. പണിള്ളതല്ലേ..."
"ഇന്യെന്നാ വര്‌ാ? ഞാനിതുവരെ ഒന്നു പരിചയപ്പെട്ടിട്ടില്ലല്ലോ!"
"എന്നാ വര്‌ാന്നറീല്ല. ഇനിപ്പങ്ങനെ വരവൊന്നുണ്ടാവില്ല. വന്നിട്ടെന്താ......."
പകുതിക്കുവെച്ച് നിർത്തി, പെട്ടെന്ന് എന്തോ ഓർത്തപോലെ, "ഞാനിപ്പ വരാട്ടോ. നിയ്യിവിടെ നിക്ക്. തെരക്കൊന്നുല്ല്യല്ലോ?"
"ഇല്ല്യ."
"പ്പോ, വരാം!"
അടക്കിവെച്ചൊരു ദുഃഖം ഉള്ളിലുണ്ടെന്ന് പുറത്ത് കാണിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും ആ കണ്ണുകളിൽ ഒരു വേദനാഭാവം മിന്നിമറഞ്ഞപോലെ തോന്നിയിരുന്നു. അതെനിക്കു വെറുതെ തോന്നിയതായിരിക്കാൻ ആഗ്രഹിച്ചു.
അകത്തുപോയ സുമിത്രേച്ചി മടങ്ങി വന്നത് ചെറിയൊരു പാത്രം നിറയെ ഉണ്ണിയപ്പവുമായാണ്.
"ഇതെന്താദ്!?"
"ഉണ്ണിയപ്പം! ഇത് കണ്ടാ അറിയാതിരിക്കാമ്മാത്രം പരിഷ്ക്കാരൊക്കെ ആയോ നെനക്ക്?"
"അതല്ല; എന്തിനാപ്പോ ഇതൊക്കെ?"
"ഇന്ന് രാവിലെ ഞാന്‌ണ്ടാക്ക്യേതാ. നോക്ക്, ചൂട് വിട്ടിട്ടില്ല്യ. ഉണ്ണിയപ്പം നല്ല ഇഷ്ടായിര്‌ന്നല്ലോ ചെറ്‌പ്പത്തില്"
"ഉം..!"
ഞാനതിൽനിന്നും ഒരെണ്ണമെടുത്തു.
"മതി."
"ഓ.. നീയൊര് വെല്ല്യ ആള്! ഇത് മുഴുവൻ വാങ്ങെടാ ചെക്കാ!"
സുമിത്രേച്ചിക്കുവേണ്ടി ഞാനൊരെണ്ണം കൂടി എടുത്തു.
"മതി സുമിത്രേച്ചി! ചെറുപ്പത്തിലെ വല്ല്യെ ഇഷ്ടക്കാരനായിരുന്നു ഈ ഉണ്ണി! പക്ഷേ, ഇപ്പോ അത്രക്കൊന്നുല്ല്യ."
"ശര്യാ. നീ വെല്യ ആളായ കൂട്ടൊന്നും നിക്കുംല്ല്യ. പക്ഷേ, ചെറ്‌പ്പത്തിലെ ഇഷ്ടങ്ങളൊക്കെ ഇനിക്ക് തിരിച്ച് വര്‌ാ. ദാ, ഇയ്യാൾക്കേ..."
ഞാൻ പറഞ്ഞതിലെ മുള്ള് മനസ്സിലാക്കാതെ, സ്വന്തം വയറിന്മേൽ തൊട്ട് സുമിത്രേച്ചി നിഷ്കളങ്കമായി ചിരിച്ചു.
"നന്ദൂ......."
അമ്മ വിളിക്കുന്നുണ്ട്.
"പോട്ടെ, സുമിത്രേച്ചി... ഇന്ന് മലപ്പുറം കോളേജിലുംകൂടി പോകാന്‌ണ്ട്. നാളെയാണ് അപേക്ഷ കൊട്‌ക്കേണ്ട ലാസ്റ്റ്ഡേറ്റ്."
"ഉം, ശരി!"
തിരിച്ചു വീടിന്റെ സിറ്റൗട്ടിലേക്ക് കയറും മുമ്പ് ഞാനൊന്ന് തിരിഞ്ഞ് നോക്കുമ്പോൾ കണ്ടു; സുമിത്രേച്ചി ഇപ്പോഴും വേലിക്കൽത്തന്നെ പാത്രം പിടിച്ച് നില്‌ക്കുന്നുണ്ട്.
(തുടരും)
Friday, October 2, 2009
സുമിത്രേച്ചി (രണ്ട്)
Subscribe to:
Post Comments (Atom)
6 comments:
രണ്ടാമത്തെ പോസ്റ്റോടുകൂടി അവസാനിപ്പിക്കമെന്നു കരുതിയതായിരുന്നു. പക്ഷെ, ഇതിലും നിന്നില്ല. അടുത്ത പോസ്റ്റോടുകൂടി ഈ കഥ മുഴുവനാകുമെന്നു കരുതുന്നു. (തുടർച്ചയായി ഇരുന്ന് ടൈപ്പ് ചെയ്യാൻ മടിയായതു കൊണ്ടും കൂടിയാണ്) ഒന്നാം ഭാഗം വായിച്ച് പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി (താരകൻ, ശ്രീ,വിജിത, അനോണി, കുമാരൻ, എഴുത്തുകാരി, നീർവിളാകൻ, ശാരദനിലാവ്, കണ്ണനുണ്ണി, കുട്ടേട്ടൻ.. എല്ലാവർക്കും!) തുടർന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും പ്രതീക്ഷിച്ചുകൊണ്ട്...
(തിരക്കിട്ട് എഴുതിയകാരണം അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.)
തുടരുക.
ithuvare nannayi baakkikku vendi kaatthirikkunnu!
വായനയില്‍ ആകാംഷ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്, കൗമാരക്കാരെ നന്നായി അവതരിപ്പിച്ചു, ധൃതി വേണ്ടാ കഥയുടെ ഇപ്പൊഴുള്ള നിലവാരം നിലനിര്‍ത്തി കൊണ്ട് ബാക്കി കൂടി എത്തിക്കുമല്ലോ ..
ശുഭാശംസകള്‍
നല്ല രീതിയില്‍ വരുന്നുണ്ട്...ഇനിയും തുടരുക..
കൊള്ളാം നന്ദൂ.....
തുടരുക.....
Post a Comment