Wednesday, March 4, 2009

എഴുത്തുകാർ ജാഗ്രതൈ!! (ബൂലോകർക്കും ബാധകം)

"ചില വലിപ്പങ്ങൾ, എന്തുകൊണ്ടോ എനിക്കു ബോധ്യമാകുന്നേയില്ല. തലകുത്തിനിന്നാലും മണ്ടയിൽ കയറാത്ത മഹത്വങ്ങളിലൊന്ന് സാഹിത്യകാരനെന്ന നിലയിൽ വൈക്കം മുഹമ്മദ്‌ ബഷീറിനുണ്ടെന്ന് ആളുകൾ പറയുന്ന മഹത്വമാണ്‌." - മാതൃഭൂമിയിൽ (86:53) വി.സി. ശ്രീജൻ എഴുതുന്നു.
(ആരാധകരേ, അത്ര കേമനായിരുന്നോ ബഷീർ?)


തലക്കെട്ടും ആദ്യ ഖണ്ഡികയും വായിച്ചപ്പോൾ ഓർമ്മ വന്നത്‌ ഒരു ആനയെപ്പറ്റിയുള്ള ചൊല്ലാണ്‌. നമ്മുടെ നാട്ടിലെ 'മമ്മൂട്ടി ഫാൻസ്‌', 'മോഹൻലാൽ ഫാൻസ്‌' എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു 'ബഷീർ ഫാനൊ'ന്നുമല്ല ഞാൻ. ബഷീറിനെപ്പറ്റിയുള്ള വാഴ്ത്തലുകൾ ഒരൽപം അതിരു കടന്നിട്ടില്ലേ എന്ന അദ്ദേഹത്തിന്റെ സന്ദേഹം അസ്ഥാനത്തല്ലെന്ന്‌ സമ്മതിക്കാമെങ്കിലും ലേഖനം മുഴുവൻ വായിച്ചുകഴിഞ്ഞാലും മനസ്സിൽ ബാക്കിയാവുന്നത്‌ അവസാന ഖണ്ഡികയിലെ ഒരു വാചകമാണ്‌. വലിയ മനുഷ്യരെ കല്ലെറിഞ്ഞ്‌ പ്രസിദ്ധനാവാൻ ശ്രമിക്കുകയാണു താനെന്നു തെറ്റിദ്ധരിക്കരുതേ എന്നാണദ്ദേഹത്തിന്റെ അഭ്യർത്ഥന.

അദ്ദേഹത്തിന്റെ ലേഖനത്തിലുടനീളം എയ്തുവിട്ടിട്ടുള്ള വിമർശന ശരങ്ങൾക്ക്‌ ബഷീർ മാത്രമല്ല പാത്രമാകുന്നത്‌. 'കലക്കുള്ളിൽ കലയെ ഒളിപ്പിക്കുന്ന ഈ കല' എന്താണെന്നു വിശദീകരിക്കാനാവില്ല എന്നു പറഞ്ഞ ആർ.ഇ. ആഷറേക്കാളും കേമനായ നിരൂപകൻ ശ്രീ. ശ്രീജൻ തന്നെയല്ലേ? നിരൂപകനോ, എഴുത്തുകാരനോ ഒന്നുമല്ലാത്ത ഒരു സാധാരണക്കാരന്റെ തോന്നലാണേ!

രസകരമായൊരു കാര്യം കമ്മ്യൂണിസ്റ്റുകാരുടെ മഹത്വം സ്ഥാപിക്കുന്നതെങ്ങനെയെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിത്തരുന്നതാണ്‌.
'എന്താണ്‌ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവിന്റെ സൈദ്ധാന്തിക സംഭാവനയെന്ന്‌ ചോദിച്ചാൽ അദ്ദേഹം പ്രായോഗിക രാഷ്ട്രീയത്തിൽ അതുല്യനായിരുന്നു എന്ന്‌ ഉത്തരം നൽകും. അതല്ല, പ്രായോഗിക രാഷ്ട്രീയത്തിൽ എന്തായിരുന്നു നേതാവിന്റെ മികവ്‌ എന്നാണ്‌ ചോദ്യമെങ്കിൽ, അദ്ദേഹം സൈദ്ധാന്തിക രങ്കത്ത്‌ അതുല്യനായിരുന്നു എന്നാവും മറുപടി. കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ രംഗങ്ങളിലും നമ്മൾ ഈ സൂത്രവിദ്യ പ്രയോഗിച്ചു പോരുന്നു. എന്താണ്‌ ചിത്രകാരൻ എന്ന നിലയിൽ പ്രധാന വ്യക്തിയുടെ മികവ്‌ എന്നു ചോദിച്ചാൽ അദ്ദേഹം വലിയ എഴുത്തുകാരനായിരുന്നു എന്നു പറയാം. എന്തായിരുന്നു സാഹിത്യത്തിൽ അദ്ദേഹത്തിന്റെ മികവെന്നു ചോദിച്ചാൽ അദ്ദേഹം വലിയ ചിത്രകാരനായിരുന്നു എന്നും.'
പി. കൃഷ്ണപിള്ളയുടെയോ, ഏകേജിയുടേയോ സൈദ്ധാന്തികരംഗത്തെ സംഭാവനയെക്കുറിച്ചോ, രാജാരവിവർമ്മയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചോ ചോദിച്ചാൽ പറയാവുന്ന ഉത്തരങ്ങളിൽ അസ്വാഭാവികതയെന്തെന്ന്‌ എന്നിക്ക്‌ തിരിഞ്ഞില്ല. (ഇതതുതന്നെയാകണം; കൂട്ടത്തിൽ ഇങ്ങനെയും ഒരു വിവാദം കൂടിയിരിക്കട്ടെ എന്ന്‌!)

ഉപരിപ്ലവമായ നിരൂപണ സങ്കേതം കൊണ്ടു (ബഷീറിനെ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നുള്ള) വിലയിരുത്തപ്പെട്ടതു കാരണമത്രേ ബഷീർ ഏറ്റവും കൂടുതൽ കൊണ്ടാടപ്പെട്ടത്‌!
മുട്ടത്തുവർക്കിയുടെ നോവലുകളിൽ ഇല്ലാത്ത ഏതു ലാളിത്യമാണ്‌ ബഷീറിനുള്ളത്‌ എന്നദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ വരികൾക്കിടയിൽത്തന്നെയുള്ള ഒരാശയം, നിരൂപകരെ വട്ടംകറക്കി വിടുന്ന അവാച്യമായ ഏതോ തലങ്ങൾ ഉള്ളതു കൊണ്ടാണ്‌ ബഷീറിന്റെ കൃതികൾ മഹത്തായത്‌ എന്ന വാദം സത്യത്തിൽ നിരൂപകരെ ഊശിയാക്കുന്ന ഒന്നാണ്‌ എന്ന അദ്ദേഹത്തിന്റെ വാദത്തെ നോക്കി ചിരിക്കുന്നുണ്ട്‌.
ഈ ലേഖനത്തിലെ ഏറ്റവും വലിയ തമാശ അദ്ദേഹത്തിന്റെ മുസ്ലിം സമുദായസ്നേഹമാണ്‌.
"മാറിയ ഈ കാലത്ത്‌, നിങ്ങൾ സ്വന്തം സമുദായത്തിന്റെ കുറ്റങ്ങൾ- ഏതു സമുദായത്തിനാണ്‌ കുറ്റങ്ങളും കുറവുകളും ഇല്ലാത്തത്‌?- എണ്ണിപ്പെറുക്കി വിമർശിക്കുകയല്ല വേണ്ടത്‌, അതിലെ നന്മകളെയും അതിനെ സജീവമാക്കുന്ന മൂല്യങ്ങളേയും ഇതര സമുദായങ്ങൾക്കും ലോകത്തിനും മുന്നിൽ തുറന്നു വെക്കുകയാണ്‌. അതിനൊരുങ്ങാതെ ബഷീറാണ്‌ മുസ്ലിം ജീവിത ചിത്രീകരണത്തിലെ അവസാന വാക്ക്‌ എന്നാവർത്തിക്കുന്നതിനു പിറകിൽ, മുസ്ലിം സമുദായമെന്നാൽ ബഷീർ കൃതികളിലെ മുസ്ലിം സമുദായമാണെന്നു വരുത്താൻ ഒരു ശ്രമമോ, സമുദായം എന്നും അൽപം താഴ്‌ന്നിരിക്കട്ടെ എന്ന ഗൂഢാലോചനയോ ഉണ്ടോ?."
സാഹിത്യത്തിലെ കുറ്റവും കുറവും മാത്രം എണ്ണിപ്പെറുക്കി വിമർശിക്കുന്ന ശ്രീ. വി.സി.ശ്രീജൻസാർ തന്നെയാണൊ ഇതു പറയുന്നത്‌?

സർഗ്ഗ സാഹിത്യത്തിലെ അവസാന വാക്ക്‌ ബഷീർ ആണ്‌ എന്ന തരത്തിലുള്ള സ്തുതിഗീതങ്ങൾ മലയാള സാഹിത്യത്തിന്‌ ഹാനികരമാണ്‌ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തോട്‌ യോജിക്കാവുന്നതാണ്‌.

മേൽത്തട്ടിലൂടെ തെന്നിപ്പോവുന്ന നിസ്സാരമായ വൈയക്തികാനുഭവങ്ങളല്ലാതെ വേറെ എന്ത്‌ ഭയങ്കര അനുഭവങ്ങളാണ്‌ ബഷീർ അവതരിപ്പിച്ചത്‌ എന്ന്‌ ചോദിക്കുമ്പോൾ ഒരു സംശയം. വൈയക്തികാനുഭവങ്ങളല്ലാതെ ഒരു വ്യക്തിക്ക്‌ ഉണ്ടാകാവുന്ന ഈ 'ഭയങ്കര'അനുഭവങ്ങൾ എന്തൊക്കെയാണ്‌? പരപ്പുകളിൽ വ്യാപൃതനാകാതെ, ആഴങ്ങളെ അന്വേഷിച്ച സാഹിത്യകാരനായ ഇ. സന്തോഷ്‌ കുമാറിനെക്കുറിച്ച്‌ അറിയാവുന്നവർ ക്ഷമിക്കുക- ഞാൻ ഈ ലേഖനത്തിലൂടെയാണ്‌ ബഷീർ കാരണം അവഗണിക്കപ്പെട്ട ഒരു എഴുത്തുകാരനെക്കുറിച്ച്‌ കേൾക്കുന്നത്‌ തന്നെ!

വലിയ മനുഷ്യരെ കല്ലെറിഞ്ഞ്‌ പ്രസിദ്ധനാവാൻ ശ്രമിക്കുന്ന ഒരാളല്ല ശ്രീജൻസാർ. (കുറച്ചുമുമ്പ്‌ ഇന്ദുലേഖ നല്ല നോവലല്ല എന്ന അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം മാതൃഭൂമിയിൽത്തന്നെ വായിച്ചിരുന്നു.) ഈ വിചാരങ്ങൾ ദശകങ്ങളായി അദ്ദേഹം മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു. (വിചാരങ്ങളുടെ ഒരു വിരേചനസുഖം ആഗഹിച്ചാണ്‌ വി.സി.ശ്രീജൻ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നൊന്നും കരുതരുതേ!) ബഷീർ ഉണ്ടാക്കിയ ഭാരം ഏറ്റിക്കൊണ്ട്‌ നടക്കാതെ അദ്ദേഹമത്‌ ബഷീർ ആരാധകരുടെ ചുമലിലേക്ക്‌ വെച്ചുകൊടുക്കുകയാണ്‌. ഇനിയും ഇദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട്‌ ഭാരങ്ങളുണ്ടാകണം. എല്ലാം ഇറക്കിവെച്ചുകഴിയുമ്പോൾ മലയാളത്തിൽ എഴുതാനറിയുന്ന ഒരൊറ്റ ആൾ പോലും ഇല്ലെന്നും, ഉണ്ടായിരുന്നില്ലെന്നും തെളിയുകയും; ശ്രീ. വി.സി.ശ്രീജൻ ഒരു 'മഹാസംഭവം തന്നെ' എന്ന്‌ മലയാളികൾക്ക്‌ മനസ്സിലാവുകയും ചെയ്യും.

7 comments:

Unknown said...

ഇനിയും ഇദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട്‌ ഭാരങ്ങളുണ്ടാകണം. എല്ലാം ഇറക്കിവെച്ചുകഴിയുമ്പോൾ മലയാളത്തിൽ എഴുതാനറിയുന്ന ഒരൊറ്റ ആൾ പോലും ഇല്ലെന്നും, ഉണ്ടായിരുന്നില്ലെന്നും തെളിയുകയും; ശ്രീ. വി.സി.ശ്രീജൻ ഒരു 'മഹാസംഭവം തന്നെ' എന്ന്‌ മലയാളികൾക്ക്‌ മനസ്സിലാവുകയും ചെയ്യും.

പകല്‍കിനാവന്‍ | daYdreaMer said...

പ്രശസ്തനാവാം..!!

വികടശിരോമണി said...

ശ്രീജനു പറയാനുള്ള അടുത്ത നമ്പർ കുമാരനാശാൻ കവിയല്ല എന്നതായിരിയ്ക്കും എന്നാണ് എന്റെ പ്രതീക്ഷ.
ഈ വിഷയത്തെപ്പറ്റി ഞാനിന്നലെ ഒരു പോസ്റ്റിട്ടിരുന്നു:
http://vikatasiromani.blogspot.com/2009/03/blog-post_04.html

ഹരീഷ് തൊടുപുഴ said...

ശ്രീ. വി.സി.ശ്രീജൻ ഒരു 'മഹാസംഭവം തന്നെ' എന്ന്‌ മലയാളികൾക്ക്‌ മനസ്സിലാവുകയും ചെയ്യും.

അതന്നേ; അതു തന്നെ അയാള്‍ ഉദ്ദേശിക്കുന്നത്..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മുന്‍വിധികളൊന്നുമില്ലാതെത്തന്നെ ബഷീറിനെ വായിച്ച് അദ്ദേഹത്തിന്റെ മഹത്വം ബോദ്ധ്യപ്പെട്ട അനേകര്‍ക്കിടയില്‍ പാവം ശ്രീജന്‍ നട്ടംതിരിയുകയാണ്..!! എന്തുചെയ്യാം... സംവേദനക്ഷമമായ ഒരു ഹൃദയം അതിനു അവശ്യം ആവശ്യമാണ്. പനിനീര്‍പൂവിന്റെ സൌന്ദര്യമറിയാന്‍ അതിനെ കൈവെള്ളയിലിട്ട് കശക്കിനോക്കിയിട്ട് കാര്യമില്ലല്ലോ..

മുസ്ലിം സാമൂഹികജീവിതത്തെ അധികരിച്ചുള്ള സാഹിത്യരചനയുടെ അവസാനവാക്കായി ആരെങ്കിലും ബഷീറിനെ വാഴിച്ചിട്ടുണ്ടെങ്കില്‍ അതിനു അദ്ദേഹത്തെയല്ല പഴിക്കേണ്ടത്... സാഹിത്യരംഗം ആരെയും പടിയടച്ചു പുറത്താക്കിയിട്ടില്ല.. കഴിവുള്ളവര്‍ക്കെല്ലാം അതു തെളിയിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലല്ലോ. അവസാനവാക്കാകാന്‍ മറ്റാര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ കാലം അതു തെളിയിച്ചോളും....

കാടടച്ചുവെടിവെക്കാനല്ലാതെ വാദങ്ങള്‍ ഒന്നും സമര്‍ത്ഥിക്കാന്‍ ശ്രീജനു കഴിഞ്ഞിട്ടില്ല. "എന്നെ കണ്ടാല്‍ കിണ്ണം കട്ടു എന്നു തോന്നുമോ" എന്ന മട്ടില്‍ ഒടുവില്‍ മുന്‍കൂര്‍ ജാമ്യം എടുത്ത "പോയിന്റ്" തന്നെയാണ്‍ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ്. അതായത് ചുളുവില്‍ ആളാകല്‍. ആശ്രമവാടത്തിലേക്ക് ചണ്ടിയേറു നടത്തി സ്വയം പിന്നെയും ചെറുതായിപ്പോയ ഒരു പറ്റം സാഹിത്യയശഃപ്രാര്‍ത്ഥികളുടെ നിരയില്‍ ഏറ്റവും പിന്നിലായി വി.സി.ശ്രീജനും.

ശ്രീ said...

:)

Unknown said...

കൊള്ളാം നന്ദേട്ടാ

എന്റെ സുഹൃത്തുക്കള്‍