Saturday, October 18, 2008

കാവ്യകന്യക

രാപ്പക്ഷി, നീയെന്റെ ഹൃത്തിന്റെ,യാകാശ-
മൗനത്തി,ലാദ്രസ്വരമായലിഞ്ഞവള്‍!

രാപ്പൂവ്‌ പൂത്തൊരെൻ പൂച്ചില്ലയിൽ സ്നേഹ-
ദൂതുമായെത്തും മരന്ദമായ്‌ വന്നവൾ!

ആദ്യമേഘം തന്ന ദാഹനീർ മോന്തിയെൻ
മൃത്തിന്റെ ഹർഷാശ്രുബാഷ്പമായ്‌ത്തീർന്നവൾ!

മാനസ ജാലക വാതിൽ തുറക്കവെ,
നൽക്കുളിരായെന്നെയാദ്യം പൊതിഞ്ഞവൾ!

യാത്രാമൊഴികളിൽ ചായുന്ന നൊമ്പരം
ഓർമ്മതൻ ചെപ്പിലടചു സൂക്ഷിച്ചവൾ!

സർഗ്ഗതാളങ്ങളിൽ നിന്റെയീണങ്ങളെ
സോമരസമൂട്ടിയെന്നെ ഉണർത്തിയോൾ!

പാഥേയമെന്നും വഴിയിൽക്കളയുവാ-
നോതിനിൻ സ്നേഹാമൃതം എന്നെയൂട്ടുവോൾ!

ശ്യാമയാമങ്ങളിൽ എന്റെ മനസ്സിന്റെ
വാതായനങ്ങളിൽ മുട്ടിയുണർത്തുവോൾ!

തൂലികത്തുമ്പിൽ നീയൂറിയെത്തീട്ടെന്നെ
നോക്കിചിരിക്കവേ നേടി, ഞാൻ സായൂജ്യം!

10 comments:

Unknown said...
This comment has been removed by the author.
കാവാലം ജയകൃഷ്ണന്‍ said...

സര്‍ഗ്ഗധനരായ നമ്മുടെ കവികളുടെ തൂലികകള്‍ വിരിയിച്ച ഒരു വസന്തം തന്നെയുണ്ടായിരുന്നു മലയാളത്തില്‍. നല്ല കവിത മരിച്ചിട്ടില്ല എന്നു വീണ്ടും തെളിയിക്കുന്ന വരികള്‍. ഗൃഹാതുരത്വത്തോടെ വായിച്ചു. ആസ്വദിച്ചു. ആശംസകള്‍

siva // ശിവ said...

ഒരിക്കല്‍ പ്രണയാര്‍ദ്രമായ ഒരു ഹൃദയം എനിക്കും ഉണ്ടായിരുന്നു....അതൊക്കെ ഓര്‍ക്കാന്‍ സഹായകം ആയി ഈ വരികള്‍...

കനല്‍ said...

നല്ല കവിത,

അതിനപ്പുറമൊന്നും പറയാനുള്ള അറിവില്ല
എങ്കിലും ആസ്വദിക്കാന്‍ കഴിയുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പഴേതാണേലും പുത്യേതാണേലും കവിതയ്ക്ക് ഭംഗിയുണ്ട്

മാണിക്യം said...

നല്ല കവിത,
കവിത്വമുള്ള വരികള്‍,
മനസിലെ പ്രണയവും
കവിതയും പഴകുന്നില്ലാ
ഒരിക്കലും പഴകാതിരിക്കട്ടെ
അനുഗ്രഹാശിസുകളൊടെ
മാണിക്യം...

B Shihab said...

ആശംസകള്‍

girishvarma balussery... said...

വരികളില്‍ കവിത ഉണ്ട്........ അതുകൊണ്ട് കവിയായി... ഞങ്ങള്‍ ധന്യരായി .........

മൃദുല said...

ഇതേതാ വൃത്തം

HABEEB said...

എയുതുമെന്നു അരിയില്ലയിരുന്നു.നിഗല്‍ക്കു സ്വപ്നം ക്കനന്‍ കഴിയുന്നു അതു മത്തുല്ല വനും കൂദ്ദ്ദി പക്കുവെക്കുക എനിയും എയുതന്നം
സ്നെഹതൊദെ ഹാബീബ്

എന്റെ സുഹൃത്തുക്കള്‍