ഒരു തുലാമഴ പെയ്തു കുളിർ കൊണ്ടൊരീ രാവി-
ലെന്നോമനേ, നീയുറക്കമാണോ?
ഒരു രാക്കുയിൽ കേണു പാടുന്ന പാട്ടൊന്നു
കാതോർത്തു നീ കാത്തിരുന്നിടുന്നോ?
നോവുന്ന ഹൃദയമൊന്നേകാന്തമീയിരുൾ-
പ്പാതയിൽ മൂകം തളർന്നിരിപ്പൂ...
ഒരു മേഘദുഃഖമീ നനവാർന്ന മണ്ണിലീ
മഴയായിരമ്പിയലച്ചുപെയ്കെ,
ജാലകത്തിന്നപ്പുറത്തു ഞാനെന്തിനോ
നനവാർന്ന കാഴ്ചകൾ നോക്കിനിൽക്കെ,
നാട്ടുമാഞ്ചോട്ടിലന്നെന്തിനോ നീയന്നു
സന്ധ്യക്കു കുട ചൂടി നിന്നിരുന്നു...
സാന്ധ്യവർണ്ണങ്ങൾ നിൻ നനവാർന്ന കവിളിലും
മഴനൂലിലും പറ്റി നിന്നിരുന്നൂ...
ഒരു കാറ്റിടയ്ക്കിടെ മഴയിൽ നനഞ്ഞു നിൻ
ഉടയാട തൊട്ടു നനച്ചിരുന്നൂ...
ഒരു വേള നീയൊന്നു കൺകോണിനാലെന്റെ
അകതാരിലേക്കൊരു നോട്ടമെയ്തു
തിരികെയോടിപ്പോമിടയ്ക്കു നീ പിന്നെയും
പുഞ്ചിരിച്ചൊന്നു തിരിഞ്ഞുനോക്കി
എന്തിനോ കണ്ണുകൾ നീ പോയ വഴിയിലെ
മഴവെള്ളച്ചാലുകൾ നോക്കിനിന്നു...
ഒരു കാറ്റു വീശിയാ,മാവിന്റെ ചില്ലക-
ളാകെയുലച്ചു കടന്നു പോയി
അതിനുപിൻപെത്രയോ മഴ വന്നു, കാലങ്ങൾ
മഴതീർത്ത പുഴയായൊലിച്ചുപോയി...
മഴയുടെ മഞ്ജീര നാദമെൻ മനസ്സിന്റെ
വാതിലിൽ മുട്ടി വിളിച്ചുണർത്തീ...
പിന്നെയുമെത്രയോ സന്ധ്യകൾ മോഹത്തിൻ
വർണ്ണങ്ങൾ തന്നു കടന്നുപോയി...
എന്നുമേ നിദ്രാവിഹീനങ്ങളാം പ്രണയ-
നോവിന്റെ രാവുകളായിരുന്നൂ...
നിൻ പാദനിസ്വനം കാതോർത്തിരുന്നു ഞാൻ
മൂകമായ്; പൊള്ളും ഹൃദന്തമോടെ
എത്രവട്ടം കാത്തുനിന്നു നിൻ വഴികളിൽ
ഒരു നോക്കു കാണുവാൻ മാത്രമായി...
ഒരുപിടി മോഹപുഷ്പങ്ങളുമായി നീ
എന്നുമതേവഴി വന്നിരുന്നൂ...
ആ വഴിത്താര തന്നോരത്തെപ്പൂവുകൾ
എന്തിനോ പുഞ്ചിരിക്കൊണ്ടിരുന്നൂ...
എങ്കിലുമെന്തു നിഗൂഢത നിൻ കണ്ണി-
ലെന്നോമനേ നീ കാത്തുവെച്ചിരുന്നു...
എന്റെയാനന്ദമാ,ക്കണ്മുനക്കോണിലെ
മിന്നും നിഗൂഢമാം വർണ്ണമത്രെ!
ഈരാവി,ലീമഴയി,ലാകെനനഞ്ഞെത്തു-
മിക്കാറ്റിൽ നിൻ കരസ്പർശനങ്ങൾ...
ഇനി ഞാനുറങ്ങട്ടെ; നിന്റെയീയോർമ്മകൾ
സ്വപ്നമായ് ഹൃദയത്തിൽ പെയ്തുണരാൻ!
Thursday, October 9, 2008
പഴയൊരു പ്രണയലേഖനം
Subscribe to:
Post Comments (Atom)
11 comments:
ഇത് ഞാൻ 1997-ൽ എഴുതിയതാണ്. കവിത എന്നുള്ള അവകാശവാദമൊന്നുമില്ല.
പ്രണയത്തിൽ ആണ്ടുമുങ്ങിക്കഴിഞ്ഞിരുന്ന കാലം...
ഓരോ പകലും രാവും അവളെക്കുറിച്ചുള്ള ചിന്തയുടെ ലഹരിയുണ്ട്, പ്രണയം ശ്വസിച്ച്, പ്രണയം മാത്രം ഞരമ്പിൽ പിടക്കുന്നതറിഞ്ഞ്...
തീർത്തും ഏകാന്തമായി,.. അവൾ പോലുമറിയാതെ എന്റെ പ്രണയത്തിന്റെ ഉന്മാദം അനുഭവിച്ചുതീർത്ത നിമിഷങ്ങളിൽ കുറിച്ചിട്ട വാക്കുകൾ.
(ഒരു ഫസ്റ്റ് P.D.Cക്കാരന്റെ പ്രണയചിന്തകളുടെ പക്വത മാത്രം പ്രതീക്ഷിച്ചാൽ മതി. ഇന്ന് അവളെന്റെ കൂടെയുണ്ട്. ഒരു യുദ്ധം ജയിച്ച് ഞാനവളെയങ്ങ് കെട്ടി!)
സത്യം പറഞ്ഞാൽ ഞാൻ മുമ്പ് പോസ്റ്റ് ചെയ്ത 'ചിത്രം' '98-ൽ എഴുതിയതാണ്. അതാണ് അവസാനമായി എഴുതിയതും. പിന്നെ കഥയിൽ കുറച്ചു പരീക്ഷണങ്ങൾ നടത്തി നോക്കി. സ്വയം തൃപ്തി വരാതെ, എഴുതിയതൊക്കെ കീറിക്കളഞ്ഞ് ഇനിയിപ്പണിക്കില്ലെന്ന് ഉറപ്പിച്ചു. അല്ലാതെ ഒരു വരി പോലും ഇക്കാലത്തിനിടക്കെഴുതിയിട്ടില്ല. ബൂലോകത്തിൽ ഒന്നു കറങ്ങി നോക്കിയപ്പോൾ ഒരാഗ്രഹം- ചില ജീവിതാനുഭവങ്ങളെക്കുറിച്ചെഴുതാൻ ഒരു ബ്ലോഗ് തുടങ്ങാൻ. തുടങ്ങി. എവിടെത്തുടങ്ങണം എന്നൊരു പിടിയും കിട്ടാതായപ്പോഴാണ് പഴയൊരു ഡയറി പൊടിതട്ടിയെടുത്തത്.
ഈ ബ്ലോഗിലൂടെ ബൂലോകത്തെ കൂട്ടുകാരോട് പറയണമെന്നാഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാം പറയാം.(കേൾക്കാൻ താൽപര്യമുള്ളവരുണ്ടെങ്കിൽ മാത്രം.)
ലളിതം, സുന്ദരം...!! ഫസ്റ്റ് പി.ഡി സിക്കു പഠിക്കുമ്പോൾ ഇങ്ങനെ എഴുതിയ ആൾ ഇപ്പോൾ എങ്ങിനെ എഴുതുന്നു എന്നറിയാൻ കൌതുകമുണ്ട്, തീർച്ചയായും! തുടർച്ചയായി എഴുതുക.ആശംസകൾ!
ലളിതമായ ഒരു കവിത.
വളരേ നല്ല എഴുത്ത്. ഒരു ഫസ്റ്റ് പിഡിസിക്കാരന്റെ എഴുത്തായല്ല തോന്നുക. തീർച്ചയായും ഇനിയുമൊരുപാടെഴുതണം
ഈ വയസ്സം കാലത്തും പ്രേമിക്കാന്‍ തോന്നിപ്പൊവുന്നു....
“സാന്ധ്യവർണ്ണങ്ങൾ നിൻ നനവാർന്ന കവിളിലും
മഴനൂലിലും പറ്റി നിന്നിരുന്നൂ...“
കൊള്ളാം. ഏറെ ഇഷ്ടമായത് ബ്ലോഗ് ഹെഡര്‍ ഡിസൈന്‍. :)
മറ്റൊരു നന്ദു. :)
:) ആ കമന്റ്റിന് ഒരു അഭിനന്ദനം. “ഇന്ന് അവളെന്റെ കൂടെയുണ്ട്. ഒരു യുദ്ധം ജയിച്ച് ഞാനവളെയങ്ങ് കെട്ടി!”
കമന്റ്റ് വായിച്ചിട്ട് കവിത വായിച്ചപ്പോള്‍ ഒരു സന്തോഷം തോന്നി
ഒരു ടീനേജറിന്റെ പ്രണയ തീവ്രത
മുഴുവന്‍ കാണാം .നന്നായിരിക്കുന്നു
പലവട്ടം മനസ്സിലിട്ട് ഉരുക്കഴിച്ച് എഴുതിയപോലെ
ജാലകപ്പഴുതിലൂടെ മഴയും സന്ധ്യാവര്ണങ്ങളും
നല്ല ഒരു അനുഭവമാക്കുന്നു ..
മനോഹരമായ പ്രണയാവിഷ്ക്കാരം..
മടികൂടാതെ തുടര്‍ന്ന് എഴുതണം..
നന്മകള് നേരുന്നു..
വെറുതെയല്ല,യുദ്ധം ജയിച്ചു അവളെ കെട്ടാന്‍ പറ്റിയത്..
എല്ലാം വരികളില്‍ ഉണ്ടല്ലോ..
feeling love
congrats
അന്ന് ഇത്രെയും നന്നായി എഴുതുവാന്‍ കഴിഞ്ഞെങ്കില്‍ ഇന്നിതിലും നന്നായി എഴുതാന്‍ കഴിയും...ഇശ്വരന് തന്ന കഴിവുകള്‍ പാഴാക്കരുത്...ഇനിയം എഴുതണം ഏന്നു അഭ്യര്‍ത്ഥിക്കുന്നു..ആശംസകളോടെ....
Post a Comment