Thursday, January 27, 2011

തുഞ്ചന്‍പറമ്പിലേക്ക്...!!


തുഞ്ചന്‍പറമ്പില്‍ വെച്ച് ഈ വരുന്ന ഏപ്രില്‍ 17-ന് നമ്മള്‍ ബൂലോകരെല്ലാം ഒത്തുകൂടാന്‍ പോകുന്നതിന്റെ ഒരു ത്രില്ലുണ്ട്; ഉള്ളില്‍.

ഇ-സ്‌പേസില്‍ കോറിയിട്ട അക്ഷരങ്ങളും, വരകളും, ഫോട്ടോഗ്രാഫുകളുമായെല്ലാം മനസ്സില്‍ തൊട്ട കുറെപ്പേരെ;
നേരില്‍ കണ്ടിട്ടില്ലെങ്കിലും എന്റെ വളരെയടുത്തെന്ന് വിശ്വസിപ്പിക്കും വിധം സ്‌നേഹപൂര്‍വ്വമായ ഒരു സൗഹൃദഭാവം ഉള്ളില്‍ തോന്നിപ്പിച്ച ചിലരെ;
ഓരോ പോസ്റ്റിന്റെ വായനയിലും എനിക്കെന്തേ ഇതുപോലെയെഴുതാനാവുന്നില്ല?, എന്നു നേരിയൊരസൂയയോടെ, ആരാധനയും ആദരവും തോന്നിപ്പിച്ച കുറച്ചുപേരെ,...
ഇതാ ഒരു സൗഹൃദക്കൂട്ടായ്മയിലൂടെപരിചയപ്പെടാന്‍, അടുത്തറിയാന്‍ പോകുന്നതിന്റെ ഒരു ആഹ്ലാദം!

തുഞ്ചന്‍പറമ്പിലാണ് നാമൊത്തുകൂടുന്നത്. മലയാളത്തിന്റെ മഹാപൈതൃകം!
മലയാളത്തിലെഴുതുന്ന, മലയാളത്തെ സ്‌നേഹിക്കുന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മയ്ക്ക് വേദിയാക്കാന്‍ പറ്റിയത് തുഞ്ചന്‍പറമ്പെന്ന് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടതും, അപ്രകാരം തീരുമാനിക്കപ്പെട്ടതും ഒരു കാവ്യനീതിയായി തോന്നുന്നു.


മഹാനവമിയും, വിജയദശമിയുമെല്ലാം അതായിട്ടല്ല, ചെറുപ്പത്തില്‍ മനസ്സിലാക്കിയിരുന്നത്. അന്ന് അത് തുഞ്ചത്തെ ഉത്സവമായിരുന്നു. അതിനുവേണ്ടിയുള്ള നോന്‍പെടുക്കലായിരുന്നു, വിജയദശമിക്കു മുമ്പുള്ള ഒമ്പതുനാള്‍ വ്രതം.
വിജയദശമി ദിവസം തുഞ്ചന്‍പറമ്പില്‍ എഴുത്തിനിരുത്തല്‍ പ്രധാനമാണ്. ഞങ്ങളുടെ ദേശത്തെ ഓരോരുത്തരും കുഞ്ഞുവിരലില്‍ ആദ്യാക്ഷരം തൊട്ടറിയുന്നത് ഇവിടുത്തെ മണലിലാണ്. പൊന്‍മോതിരം കൊണ്ടുള്ള അക്ഷരമധുരം ഹരിശ്രീയെന്നു നുണഞ്ഞ് തിരികെപ്പോരുമ്പോള്‍, കരിമ്പിന്റെ മധുരവും നാവിലുണ്ടാകും. ഉത്സവത്തിന്റെയന്ന് കരിമ്പു വില്പനയുടെ പൊടിപൂരമാണ്. വാഹനങ്ങളെല്ലാം കരിമ്പും, പൂക്കളും, കളഭവും കൊണ്ടലങ്കരിച്ചിരിക്കും. ആ ദിവസം തിരൂര്‍ നഗരത്തില്‍ നിന്നും തുഞ്ചന്‍പറമ്പിലേക്കുള്ള ഓരോ വഴിയോരത്തും പ്രധാന കച്ചവടം കരിമ്പാണ്.
(എന്റെ ജീവിതത്തിലെ ഏറ്റവും മധുരമൂറുന്ന ഉത്സവം തുഞ്ചത്തെ ഉത്സവമാണ്!)

എന്റെ അമ്മയുടെ വീട് തുഞ്ചന്‍പറമ്പിനടുത്തുള്ള പച്ചാട്ടിരി ഗ്രാമത്തിലാണ്. തുഞ്ചന്‍പറമ്പിന്റെ മുന്നിലൂടെയാണ് പോകുക. എന്റെ ചെറുപ്പത്തിലൊന്നും ഇപ്പോഴുള്ള വലിയ ചുറ്റുമതിലും കെട്ടിടങ്ങളുമൊന്നും ഉണ്ടായിരുന്നില്ല. കല്മണ്ഡപവും, ഓഡിറ്റോറിയവും, ക്ഷേത്രവും, കുളവും, കാഞ്ഞിരവും, കുറെ മുളങ്കാടുകളും മാത്രമാണ് ഓര്‍മ്മയിലുള്ളത്. പടിഞ്ഞാറുവശം ഒരു മൈതാനമായിരുന്നു.
വായനയും, എഴുതാനുള്ള ആഗ്രഹവും, ഭാഷയോടുള്ള സ്‌നേഹവും ചെറുപ്പം മുതലേ ഉണ്ടായിരുന്നതിലായിരിക്കാം, തുഞ്ചന്‍പറമ്പിനോട് ഒരു ആത്മബന്ധം തോന്നിയിരുന്നു.

മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്‍ ശ്രീ. എം.ടി. ചെയര്‍മാനായ തുഞ്ചന്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍, തുഞ്ചന്‍പറമ്പ് ഇപ്പോള്‍ പുരോഗതിയുടെ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും അത് തൊട്ടറിയാനാകും.
തുഞ്ചന്‍പറമ്പിനെക്കുറിച്ചുള്ള ഏറെകാര്യങ്ങള്‍ ഇവിടെ ഉണ്ട്.

തുഞ്ചന്‍പറമ്പില്‍ ഇപ്പോള്‍ ഉത്സവകാലമാണ്.
ഇത് തുഞ്ചന്‍ ഉത്സവം.
ഫെബ്രുവരി 2 മുതല്‍ 6 വരെ തുഞ്ചന്‍ ഉത്സവമാണ്. ഇതിന്റെ ഭാഗമായി തുഞ്ചന്‍ കലോത്സവവും, ദക്ഷിണേന്ത്യന്‍ കാവ്യോത്സവവും നടത്തപ്പെടുന്നു. വിവിധ ഭാഷകളിലെയും മലയാളത്തിലെയും പ്രശസ്തരായ കലാകാരന്മാരുടെ സംഗമഭൂമിയായി ഇവിടം മാറുന്നു.
ഇത്തവണത്തെ തുഞ്ചന്‍ ഉത്സവം ചങ്ങമ്പുഴ - വൈലോപ്പിള്ളി ജന്മശദാബ്ദിയാഘോഷമായാണ് നടക്കുന്നത്. ജ്ഞാനപീഠം നേടിയ മലയാളത്തിന്റെ പ്രയകവി ഒ.എന്‍.വി.യെ ആദരിക്കുന്നുണ്ട്.
പുസ്തകോത്സവം, ദ്രുതകവിതാമത്സരം, സാഹിത്യക്വിസ്, അക്ഷരശ്ലോകം, ഹിന്ദുസ്ഥാനി - കര്‍ണ്ണാടക സംഗീതകച്ചേരികള്‍, നാടകം, നൃത്തം, ജുഗല്‍ബന്ദി, സാഹിത്യസെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങി ഏറെ പരിപാടികളുമായി അഞ്ചു ദിനരാത്രങ്ങള്‍...

ഇടയ്ക്ക് തുഞ്ചന്‍പറമ്പിനെയും എഴുത്തച്ഛനെയും ഹൈജാക്ക് ചെയ്യാന്‍ ചിലരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെങ്കിലും, അതെല്ലാം നിഷ്ഫലമാക്കാന്‍ തുഞ്ചന്‍ സമിതിക്കും, ഭാഷാസ്‌നേഹികള്‍ക്കും കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ഭാഷാപിതാവായ തുഞ്ചത്താചാര്യന്റെ ഈ ഭൂമികയില്‍ നമുക്കൊത്തുചേരണം.
ബൂലോകത്തിന്റെ ഉണര്‍വ്വിനു കാരണമാകാന്‍ ഈ കൂട്ടായ്മയ്ക്കു കഴിയണം.
ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ, മികവിലേക്കു കുതിക്കാന്‍, ബൂലോകത്തിനു ചാലകശക്തിയാകാന്‍ ഈ മീറ്റിനു കഴിയണമെന്നാഗ്രഹിക്കുന്നു.
അതിനായി നമ്മുടെ ഈ മീറ്റിനു വ്യക്തമായ പരിപാടികള്‍ വേണം;
എല്ലാവരുടെയും പങ്കാളിത്തവും വേണം...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമായി എല്ലാവരും സജീവമാകുമല്ലോ!?

15 comments:

Unknown said...

പരിചയപ്പെടലും, പരിചയം പുതുക്കലും മാത്രമാകാതെ
ബ്ലോഗിനെ, ബ്ലോഗെന്തെന്നറിയാത്ത എല്ലാവര്‍ക്കും പരിചയപ്പെടുത്തുവാന്‍ കൂടി സാധിക്കുന്ന ഒരു സെഷന്‍ ഉള്‍പ്പെടുത്തിയാലോ?
ബൂലോകത്തേക്ക് പുതിയ ആളുകള്‍ക്കു കടന്നുവരാന്‍ ഒരു Inspiration ലഭിക്കുന്ന തരത്തില്‍?
അതുപോലെ ഒരു ബ്ലോഗ് പ്രദര്‍ശനമോ മറ്റോ!?

രമേശ്‌ അരൂര്‍ said...

ആശംസകള്‍ ആശംസകള്‍ ആശംസകള്‍

Typist | എഴുത്തുകാരി said...

വരണമെന്നു തന്നെയാണ് മോഹം.

പട്ടേപ്പാടം റാംജി said...

കാര്യങ്ങളൊക്കെ ഭംഗിയായി നടക്കട്ടെ. ഞങ്ങള്‍ തല്‍ക്കാലം ഇവിടെ ഇരുന്നു ബ്ലോഗുകളിലൂടെ തന്നെ എല്ലാം കാണാം. ഓരോന്ന് കഴിയുമ്പോഴും അടുത്തതിന് എത്താം എന്നാ പ്രതീക്ഷയോടെ.
പുതിയവരെ കൊണ്ടുവരുന്നതിനുള്ള സംരഭങ്ങള്‍ ഒരുക്കുന്നത് നല്ല ചിന്തയാണ്.
എല്ലാ ആശംസകളും.

കരീം മാഷ്‌ said...

ഞാനിതു എന്റെ ബസ്സ് ഫ്രണ്ട്സുമായി ഷെയർ ചെയ്യുന്നു.

ente lokam said...

എല്ലാവരെയും കാണാന്‍ ശരിക്കും ആഗ്രഹമുണ്ട് ..
ഓഗസ്റ്റില്‍ ഗള്‍ഫ്‌ കാരുടെ കുറെ പേരുടെ എങ്കിലും
അവധികാലത്ത് ഒന്ന് തരപ്പെടുത്താം എന്ന് Dr.jayan
പറഞ്ഞു ..അന്നെങ്കിലും കൂടാന്‍ ഒക്കുമോ ആവോ ?
എല്ലാ ആശംസകളും ..

jamal|ജമാൽ said...

ente nattil oru paripadi theerchayayum ethhan sramikkar

തുഞ്ചന്‍പറമ്പ് മീറ്റ് said...

മിറ്റിന് എത്താന്‍ കഴിയുന്നവര്‍ അവരുടെ പേര് ഉറപ്പിച്ചു പറയുമല്ലോ. തുടര്‍ന്നുള്ള സംഘാടന പ്രവര്‍ത്തനങ്ങള്‍ ശരിയാക്കാന്‍ അത് സഹായിയ്ക്കും. മീറ്റിന്റെ വിജയത്തിനായി പരമാവധിപേര്‍ പങ്കെടുക്കണമെന്നാണാഗ്രഹം. ബ്ലോഗേഴ്സും അവരുടെ ഫാമിലിയും സുഹൃത്തുക്കളുമെല്ലാം. വെറുമൊരു മീറ്റ് എന്നതല്ല, മലയാള ബ്ലോഗിംഗിന്റെ വളര്‍ച്ചയ്ക്കും പുഷ്ടിയ്ക്കും ഉതകുന്ന കാര്യങ്ങള്‍ എന്തുതന്നെയായാലും നമുക്ക് ഒരുമിച്ചിരുന്നാലോചിയ്ക്കാം. പുതിയ ബ്ലോഗേഴ്സ് കൂടുതല്‍ ഉണ്ടാവാന്‍ സുഹൃത്തുക്കളുടെ വരവു സഹായിയ്ക്കുമല്ലോ. എത്രപേര്‍ വന്നാലും അവരെ ഉള്‍ക്കൊള്ളാനുള്ള സൌകര്യം തുഞ്ചന്‍‌പറമ്പിനുണ്ട്. ഇതര സൌകര്യങ്ങള്‍ ഒരുക്കുന്നതിന് നേരത്തേതന്നെ വരവറിയിയ്ക്കുമല്ലോ...

jamal|ജമാൽ said...
This comment has been removed by the author.
jamal|ജമാൽ said...

i m jamal from tanur .i'll try my best
myms4u@gmail.com

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്ദുഭായിയെ ഈയടുത്താണ് പരിചയപ്പെടുന്നത്. നേരില്‍കാണാന്‍ കഴിഞ്ഞിട്ടില്ല.താങ്കളെപ്പോലെ അനേകം ആളുകള്‍ ബ്ലോഗ്‌മീറ്റിനു ഉണ്ടാവുമെന്നറിയാം.
വരാന്‍ കഴിയുമെന്ന് നേരിയഉറപ്പുപോലും തരാന്‍ കഴിയുന്നില്ല.
കാണാം....
ആശംസകളോടെ .

Manoraj said...

വരണെമെന്ന് കരുതുന്നു.

mayflowers said...

പങ്കെടുക്കാന്‍ കഴിയാത്ത സങ്കടം ഞാനെങ്ങിനെ എഴുതണം?

Muralee Mukundan , ബിലാത്തിപട്ടണം said...

A Very Good Idea...!

ഈ സംരംഭത്തിന് എല്ലാ പിന്തുണയും ബിലാത്തിയിലെ എല്ലാ ബൂലോഗരിൽ നിന്നും ഉണ്ടാകും ...
സഹായങ്ങൾ എന്താ വേണമെന്നുണ്ടെങ്കിൽ പറയാൻ മടിക്കരുത് കേട്ടൊ

പിന്നെ ആ സമയത്ത് നാട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രദീപ് ജെയിംസ്,വിഷ്ണു,അശോക് സദൻ,ചേർക്കോണം സ്വാമികൾ എന്നിവർ ഞങ്ങളൂടെ പ്രതിനിധികളായി അവിടെയുണ്ടാകാൻ സാധ്യതയുണ്ട്...

ചേര്‍ക്കോണം സ്വാമികള്‍ , ...ഒരു അഭിഭാഷകന്‍റെ ഡയറിയില്‍നിന്ന്.../,Gullible's Travels /,malarvati ,/Smile...! ,/അരയന്നങ്ങളുടെ വീട്ടിൽ നിന്നും... ,/ആത്മാവിന്റെ പുസ്തകം,എന്‍ മണിവീണ,/എന്‍റെ കൊച്ചു കൊച്ചു വിശേഷങ്ങള്‍/ എന്‍റെ തിന്മകളും നുണകളും പിന്നെ കുറച്ചു സത്യങ്ങളും,/എന്‍റെ ദേശം,/കാഴ്ചപ്പാടുകള്‍,/കുഞ്ഞു കാര്യങ്ങളുടെ തമ്പുരാട്ടി,/കൊച്ചുത്രേസ്യയുടെ ലോകം..,/ക്രിക്കറ്റ്‌ ടൈംസ്‌, / ചിത്രലോകം | Chithralokam, ജിം തോമസ്‌,/ ജോയിപ്പാന്‍ കഥകള്‍, /ഡേയ് കെളത്താതെ കെളത്താതെ…!,/ ബിലാത്തി പട്ടണം, ,/ബിലാത്തി മലയാളിമലയാളം കവിതകള്‍,/മുറിപാടുകൾ,വിഷ്ണുലോകം,/ശ്രീ,/
ഞങ്ങളൂടെ വക എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ

keraladasanunni said...

പച്ചാട്ടിരിയിലെ ബന്ധു വീട്ടിലേക്ക് ഞാന്‍ ഇടയ്ക്കൊക്കെ ചെല്ലാറുണ്ട്. ഈയിടെ നടന്ന തുഞ്ചന്‍ ഉത്സവത്തിന്നും ഒരു ദിവസം ചെന്നു.
ഏപ്രില്‍ 17 ന്ന് നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ.
മീറ്റിന്ന് എല്ലാവിധ ആശംസകളും.

എന്റെ സുഹൃത്തുക്കള്‍