Friday, January 21, 2011

(കൃഷ്ണ,) നീയറിയുമോ എന്നെ?

വിടെയമ്പാടിത,ന്നൊരുകോണി,ലരിയ മണ്‍-
കുടിലില്‍ ഞാന്‍ മേവുമൊരു പാവം...
കൃഷ്ണ, നീയെന്നെയറിയില്ല!

വേണുഗോപാലിന്റെ സ്വരം. മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിയുടെ പ്രസിദ്ധമായ കവിത...
വിരഹിണിയായ ഗോപികയുടെ ഹൃദയം തൊട്ടുകൊണ്ടെന്നപോലെ ഭാവാര്‍ദ്രമായി, കാവ്യഗീതികള്‍ 2 എന്ന ആല്‍ബത്തിനായി വേണുഗോപാല്‍ ആലപിക്കുന്നു.
കണ്ണുകളടച്ച് കേട്ടുകൊണ്ട്, കസേരയിലേക്ക് ചാഞ്ഞിരുന്നു.

അറിയില്ലയെന്നെ നീ,യെങ്കിലും കൃഷ്ണ, നിന്‍
രഥമെന്റെ കുടിലിന്നു മുന്നില്‍
ഒരുമാത്ര നില്‍ക്കുന്നു; കണ്ണീര്‍ നിറഞ്ഞൊരാ
മിഴികളെന്‍ നേര്‍ക്കു ചായുന്നു...
കരുണയാലാകെത്തളര്‍ന്നൊരാ, ദിവ്യമാം
സ്മിതമെനിക്കായി നല്‍കുന്നു...
കൃഷ്ണ, നീയറിയുമോ എന്നെ?
കൃഷ്ണാ, നീയറിയുമോയെന്നെ?

പാടിയവസാനിക്കുമ്പോള്‍, കണ്ണുകള്‍ എന്തുകൊണ്ടോ നിറഞ്ഞിരുന്നു.
മനസ്സിലപ്പോള്‍ ജാന്‍സിച്ചേച്ചിയായിരുന്നു. കാതുകളില്‍ ഞാനാ സ്വരം കേള്‍ക്കുന്നുണ്ടായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും ഓര്‍മ്മകളിലേക്ക് ആ സന്ധ്യകള്‍ വരികയാണ്...

പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം. IHRDE യുടെ Technical School. പുതുതായി ആരംഭിച്ച Medical Electronics Course നു ചേര്‍ന്ന പുതിയ ബാച്ചിലെ കുറച്ചു ചേച്ചിമാരിലൊരാളായിരുന്നു ജാന്‍സിച്ചേച്ചി (യഥാര്‍ത്ഥ പേരല്ല). ഒരു കൊച്ചു കുഞ്ഞിന്റേതുപോലുള്ള മുഖമായിരുന്നു ജാന്‍സിച്ചേച്ചിക്ക്.

ഞാനും ബിജോയിയും, സജിനും താമസിക്കുന്നത് ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു. വല്ലപ്പോഴും സാബിറും ഉണ്ടാകും. മൂന്നു കുടുംബങ്ങള്‍ക്കു താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു അവിടെ. ഞങ്ങള്‍ നടുവിലെ റൂമിലായിരുന്നു. ആദ്യത്തേതില്‍ അഞ്ചു ചേച്ചിമാര്‍. മൂന്നാമത്തേതില്‍ ഏഴു ചേട്ടന്മാരും. എല്ലാവരും കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ കോഴ്‌സ് തുടങ്ങി ഏകദേശം ഒരു മൂന്നു മാസമൊക്കെ ആയപ്പോഴേക്കും സ്വാഭാവികമായും ആറുപേര്‍ മൂന്നു ജോഡികളായി മാറി. അതിലൊരാള്‍ ജാന്‍സിച്ചേച്ചിയായിരുന്നു.

ആറുമാസത്തെ കോഴ്‌സുകഴിഞ്ഞ് പിരിയുമ്പോള്‍, എല്ലാവരും ജോച്ചായന്‍ എന്നു വിളിക്കുന്ന കറുകറുത്ത സുന്ദരനും നന്നായി വെളുത്തു തുടുത്ത ജാന്‍സിച്ചേച്ചിയും തമ്മിലുള്ള കല്യാണം ഉടന്‍ നടക്കുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുകയും, അവരത് വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
അന്നു കുറച്ചു കവിതയൊക്കെ എഴുതുമായിരുന്ന; സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും വായിക്കാന്‍ കവിതാപുസ്തകങ്ങള്‍ എടുത്തു കൊണ്ടുവരുമായിരുന്ന എന്നോട് കവിത ഇഷ്ടമുള്ള ജാന്‍സിച്ചേച്ചിക്ക് സ്വന്തം അനിയനോടുള്ള നിറഞ്ഞ സ്‌നേഹവും ഉണ്ടായിരുന്നു.

ഒരു ദിവസം ഞാന്‍ കൊണ്ടുവന്ന പുസ്തകം അമ്പലമണി ആയിരുന്നു.ജാന്‍സിച്ചേച്ചി അസ്സലായി പാടുമെന്ന് അന്നാണറിയുന്നത്.
അന്ന് കൃഷ്ണ, നീയെന്നെയറിയില്ല എന്ന കവിത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകള്‍ ഈറനായിരുന്നു. അമ്പലമണിയും കൃഷ്ണ നീയെന്നെ അറിയില്ല എന്ന കവിതയും എനിക്കായി ജാന്‍സിച്ചേച്ചി ഒരു മുപ്പതു തവണയെങ്കിലും ചൊല്ലിയിട്ടുണ്ടാകും.
കൃസ്ത്യാനിയായിരുന്ന ജാന്‍സിച്ചേച്ചിയുടെ ഉള്ളില്‍ ഒരു ഗോപിക ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അന്നങ്ങനെയൊന്നും ചിന്തിച്ചുമില്ല.
ഞാന്‍ അതിനു മുമ്പും അതിനു ശേഷവും അത്ര മധുരമായി ആരും കവിത ചൊല്ലിക്കേട്ടിട്ടില്ല. അല്ലെങ്കില്‍ ഒന്നും അത്ര നന്നായിട്ടെനിക്ക് തോന്നിയിട്ടില്ല. (എന്റെ പ്രിയഗായകന്‍ പാടിയതോ, ജാന്‍സിച്ചേച്ചി പാടിയതോ കേമം എന്നതൊന്നുമല്ല ഇവിടെ കാര്യം. - രണ്ടിനും രണ്ട് സുഗന്ധമായിരുന്നു.)

എന്തുകൊണ്ടോ, കോഴ്‌സുകഴിഞ്ഞ് അവര്‍ പിരിഞ്ഞുപോയ ശേഷം ജാന്‍സിച്ചേച്ചിക്ക് ഞാന്‍ രണ്ടുതവണയയച്ച കത്തുകള്‍ക്കും മറുപടി വരികയുണ്ടായില്ല. കല്യാണം എന്തായാലും അറിയിക്കുമെന്ന് ജാന്‍സിച്ചേച്ചിയും ജോച്ചേട്ടനും ഉറപ്പു തന്നിരുന്നതുമാണ്. എന്നിട്ടും പ്രതീക്ഷിച്ചിരുന്ന ഒരു ക്ഷണക്കത്തും വരികയുണ്ടായില്ല.

ജാന്‍സിച്ചേച്ചി ജോച്ചായന്റെയും മക്കളുടെയും കൂടെ എവിടെയോ സന്തോഷത്തോടെ ജീവിക്കുന്നുണ്ടാകും.! അവര്‍ക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ!
എന്റെ വിലാസം അവര്‍ക്കു നഷ്ടപ്പെട്ടതോ, എനിക്കു ക്ഷണക്കത്തയയ്ക്കാന്‍ മറന്നതോ ആകണമെന്ന് ഇപ്പോള്‍ ഞാന്‍ ആശിക്കുന്നു!!

17 comments:

പട്ടേപ്പാടം റാംജി said...

മധുരമുള്ള ഓര്‍മ്മകള്‍ എപ്പോഴും മായാതെ കിടക്കും.
ആശംസകള്‍.

Kalavallabhan said...

ഒരുവഴിയേ പോയപ്പളോർത്തില്ല
പിരിയുമീ വഴിയിനി ഒരിക്കലെന്ന് ...

രമേശ്‌ അരൂര്‍ said...

ജീവിതം പലപ്പോഴും അങ്ങനെയാണ് നന്ദു ...ആകസ്മികമായ ഒരു കവലയില്‍ വഴിപിരിയും ..........അവര്‍ എവിടെയെങ്കിലും ഇരുന്നു വല്ലപ്പോഴും നന്ദുവിനെയും ഓര്മിക്കുന്നുണ്ടാവും..:)

Unknown said...

ഓര്‍ക്കുന്നുണ്ടാവും..

റാണിപ്രിയ said...

ഈ പോസ്റ്റ് വായിച്ചപ്പ്പോള്‍ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്.

എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്... ഒരു ഫോണ് സംഭാഷണത്തിലും ആശംസാകാര്ഡുകളിലുമൊക്കെയായി(ഇപ്പോള്‍ മെയില്‍ മാത്രം) ഒതുങ്ങുന്നവര്... പിന്നെയും വന്നു പുതിയ കൂട്ടുകാര്...

അറിയില്ല....അവരൊക്കെ എവിടെയായിരിക്കും??

അവരെ നമ്മുക്ക് ഓര്‍ക്കാം ..
അവരും നമ്മെ ഓര്‍ക്കുന്നുണ്ടാകും ......

ഓര്‍മ്മകളെ ഓമനിക്കാം....

നല്ല പോസ്റ്റ്.....അഭിനന്ദനങ്ങള്‍ .....

ശ്രീജ എന്‍ എസ് said...

ഓര്‍മ്മയുടെ സുഗന്ധം.അങ്ങനെ നഷ്‌ടമായ എത്ര സൌഹൃദങ്ങള്‍ .

Typist | എഴുത്തുകാരി said...

അതെ, അവർ എവിടെയായാലും സുഖമായി ജീവിക്കട്ടെ. ഒരുപക്ഷെ ജാൻസിച്ചേച്ചി ഇതു വായിക്കുന്നുവെങ്കിലോ!

തുഞ്ചന്‍പറമ്പ് മീറ്റ് said...

പഴയകാല സുഹൃത്തുക്കളെപ്പറ്റി പലപ്പോഴും ഞാനും ചിന്തിച്ചിരുന്നിട്ടുണ്ട്. ഒന്നു കാണാനെങ്കിലും കഴിഞ്ഞെങ്കിലെന്ന്... ആശിയ്ക്കാം. കഴിയുമായിരിക്കും...

Anonymous said...

നന്ദു | naNdu | നന്ദു: താങ്കള്‍ മൊബൈല്‍ നമ്പര്‍ തരുമെന്നു കരുതുന്നു. എന്റെ നമ്പര്‍ 9400006000, 9288000088

കൊട്ടോട്ടിക്കാരന്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നമ്മെ ഓര്‍ക്കുന്നവരെ മാത്രമല്ല; ഓര്‍ക്കാത്തവരെയും ഓര്‍ക്കാനാഗ്രഹിക്കാത്തവരെയും നാം ഓര്‍ക്കുക.

ente lokam said...

നന്ദു .മനസ്സില്‍ സ്പര്‍ശിച്ച എഴുത്ത്..
അവര്‍ ഒന്നിച്ചു കാണും... നന്ദുവിനെ
മറന്നതല്ല എന്ന് വിശ്വസിക്കാന്‍ ആണ്
എനിക്കും ഇഷ്ടം..

Unknown said...

@ പട്ടേപ്പാടം റാംജി, ഇത്തരം ഓര്‍മ്മകളില്ലെങ്കില്‍ ജീവിതത്തിനെന്തു മധുരം!?
@ Kalavallabhan, രമേശ് അരൂര്‍ പറഞ്ഞ പോലെ എല്ലാവഴികളും പിരിയാനുള്ള ഒരു കവലയിലെത്തുകയാണ്, അല്ലേ!
@ രമേശ്അരൂര്‍, ശരിയാണ്... ഓര്‍ക്കുന്നുണ്ടാകണം!
@ ജുവൈരിയ സലാം, അതെ...
@ റാണിപ്രിയ, എല്ലാ സൗഹൃദങ്ങളെയും നമുക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാം.
@ Sreedevi, ആ സൗഹൃദങ്ങളുടെ സുഗന്ധം ഇപ്പോഴും...
@ എഴുത്തുകാരി, അതെ ചേച്ചീ... സുഖമായി ജീവിക്കട്ടെ. ജാന്‍സിച്ചേച്ചിയിതു വായിക്കുകയായിരുന്നെങ്കില്‍ എന്തു നന്നായേനെ!
@ എന്നെങ്കിലുമൊക്കെ കഴിഞ്ഞേക്കും..!
തീര്‍ച്ചയായും.
@ ഇസ്മായില്‍ കുറുമ്പടി, അങ്ങനെ ഓര്‍മ്മകള്‍ കൊണ്ട് ധന്യരാകാം...
@ ente lokam, അതെ.. അവര്‍ ഒന്നിച്ചു ജീവിക്കുന്നുണ്ടാകണമെന്നു തന്നെയാണ് ആഗ്രഹം. മറക്കാന്‍ ചേച്ചിക്ക് കഴിയുമെന്ന് എനിക്കും തോന്നിയിട്ടില്ല.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി!!!

വാഴക്കോടന്‍ ‍// vazhakodan said...

അവര്‍ക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ!

Unknown said...

ചില ബന്ധങ്ങള്‍ അങ്ങനെയാണ്,
മറവിയിലേക്കൊരിക്കലും മറയാത്തവര്‍
ആരുമല്ല എങ്കിലും
ആരൊക്കെയോ ആയവര്‍..
നഷ്ടപ്പെട്ടെന്ന് വിധി കല്‍പ്പിക്കാനാവില്ല
ഓര്‍മ്മകളിലെന്നും..

കണ്ടുമുട്ടാന്‍ കൊതിക്കും ഇവരെ എന്നെങ്കിലും..

അത്തരം ആള്‍ക്കാര്‍ക്ക് എല്ലാ നന്മയും ഉണ്ടാകട്ടെ!

Jenith Kachappilly said...

കൊള്ളാം നല്ല പോസ്റ്റ്‌ അഭിനന്ദനങ്ങള്‍...

ചന്തു നായർ said...

ചപല കാളിന്ദി തൻ കുളിരലകളിൽ പാതി മുഴുകിനാണിച്ച് മിഴി കൂമ്പി.... വർഷങ്ങൾക്ക് മുമ്പ് ശിഷ്യന്മാരായ വിജയ് കരുണിനും,മുരുകൻ കാട്ടാക്കട ക്ക് മൊക്കെ ഈ കവിത സംഗീതംചെയ്ത് പാടിപ്പിച്ച്തിന്റെ ഓർമ്മകളെ തട്ടിയുണർത്തിയതിനും..താങ്കളുടെ അനുഭവക്കുറിപ്പിനും നന്ദി...chandunair.blogspot.com

jayanEvoor said...

രാധയെ മറക്കാനാണ് കൃഷ്ണന്റെ വിധി
എന്നോ
കൃഷ്ണൻ രാധയെ മറക്കും എന്നോ
ഒക്കെയാണ് പറയാറ്‌.
പക്ഷേ രാധയ്ക്ക് ഒരിക്കലും കൃഷ്ണനെ മറക്കാനാവില്ല!

ഈ രാധാകൃഷ്ണന്മാർ ഒരുമിച്ചുകാണും എന്നു തന്നെ പ്രതീക്ഷിക്കാം, അല്ലേ?

എന്റെ സുഹൃത്തുക്കള്‍