മരുന്നിന്റെ ക്ഷീണത്തില്‍ ഒന്നു മയങ്ങിയുണര്‍ന്നപ്പോഴേക്കും വൈകുന്നേരമായിരിക്കുന്നു.
രണ്ടു ദിവസമായി പതിവിലേറെ സന്തോഷവാനായിരുന്നു, അയാള്‍.
ആശുപത്രിച്ചുവരുകള്‍ക്കിടയിലെ മടുപ്പിക്കുന്ന ഏകാന്തത അയാളെ അലോസരപ്പെടുത്തുന്നില്ല.
രാവിലെ വന്ന സിസ്റ്റര്‍ റേച്ചല്‍, താന്‍ സന്തോഷവാനായി കാണപ്പെടുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്നും, കാരണമറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ നിറഞ്ഞ പ്രസരിപ്പോടെ പറഞ്ഞു:
'അതെ.., ഞാന്‍ എക്സൈറ്റഡാണ്... എനിക്കൊരു വിസിറ്ററുണ്ട്.'
സിസ്റ്ററിന്റെ മുഖത്ത് നേരിയൊരു അമ്പരപ്പ് മിന്നി മറഞ്ഞുവെങ്കിലും അവരൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.
അയാള്‍ വളരെ പ്രശസ്തനായിരുന്നതിനാലും, സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ള ചുരുങ്ങിയ സമയത്ത് അദ്ദേഹത്തെ കാണാനെത്തുന്ന ആളുകള്‍ വളരെയേറെ ഉണ്ടാകാറുള്ളതിനാലും ആയിരിക്കാം, ഒരു വിസിറ്ററെ പ്രതീക്ഷിച്ചുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് അവര്‍ക്കൊരു അമ്പരപ്പുണ്ടാക്കിയത്.
സന്ദര്‍ശകനെക്കാത്തുള്ള ഈ കിടപ്പ്...
അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റൊരതിഥിയെ അയാള്‍ ഭയപ്പെട്ടുകൊണ്ടിരുന്നു... ഒരോട്ടപ്പന്തയത്തില്‍, ഇനിയേറെ മുന്നോട്ടുപോകാനാവില്ലെന്നറിഞ്ഞും കിതച്ചുതളര്‍ന്ന് ഒരു ചാവാലിക്കുതിരയെപ്പോലെ താന്‍ വേച്ചുവേച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ പിന്തുടര്ന്ന് അടുത്തടുത്തുവരുന്നതില്‍, ഏതാദ്യം തന്നിലേക്കെത്തുന്നു എന്നു പരിഭ്രമിച്ച് ഈ കാത്തിരിപ്പ്.
തിരക്കുപിടിച്ച അധ്യാപകജീവിതം മതിയാക്കി, പണ്ടെന്നോ മുറിഞ്ഞുപോയ എഴുത്തിനെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. രോഗം പിടിമുറുക്കിയതോടെ ആത്മവിശ്വാസം ചോര്‍ന്നുപോയി.
വിദേശ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരിക്കെ, അദ്ദേഹം പഠിപ്പിച്ച പല വിദ്യാര്‍ത്ഥികളും ചികിത്സയ്ക്ക് വിദേശത്ത് സൗകര്യം വാഗ്ദാനം ചെയ്തിട്ടും എല്ലാം നിരസിച്ചു.
ഇതൊരു വലിയ ഹോസ്പിറ്റലൊന്നുമല്ല. ഇതിന്റെ എം.ഡി. Dr. ജോസഫ് ചാക്കോ അയാളുടെ സുഹൃത്താണ്.
എത്ര വലിയ ആശുപത്രിയും തിരഞ്ഞ് പോയിട്ടെന്താണ്?
മരണം കാത്തുള്ള ഈ കിടപ്പിന് അല്പം നീളം കൂട്ടാം എന്ന സാധ്യതയല്ലാതെ, രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല.
അദ്ദേഹം മെല്ലെ ചരിഞ്ഞുകിടന്ന്, കൈയെത്തിച്ച് ലാപ്ടോപ്പ് അരികിലേക്ക് നീക്കിവെച്ച് ഓണ്‍ ചെയ്തു.
ഫേസ്ബുക്കിലെ മതിലെഴുത്തുകള്‍ പരിശോധിച്ചു. ഏറെയുണ്ട്. ആരെല്ലാമാണെന്ന് മാത്രം ഒന്നോടിച്ചു നോക്കി. എല്ലാം തന്റെ ആരോഗ്യകാര്യത്തിലുള്ള ഉത്കണ്ഠ നിറഞ്ഞത്...
മെയില്‍ബോക്സ് തുറന്നു നോക്കി. ഇന്‍ബോക്സില്‍ വായിക്കാതെ കിടക്കുന്നു, ഇരുന്നൂറിലേറെ മെയ്ലുകള്; ബസുകള്‍... അനന്യയെ മാത്രമാണ് തിരഞ്ഞത്. ഇല്ല, ഒന്നുമില്ല...
സൈന്‍ ഔട്ട് ചെയ്തു.
അവിടവിടെ നരച്ചുതുടങ്ങിയ താടി തടവി അയാള്‍ വെറുതെ കിടന്നു.
കണ്ണുകള്‍ ജനലിനപ്പുറത്തേക്കു നീണ്ടു. ജനലിലൂടെ നോക്കിയാല്‍ കാണാവുന്ന പേരറിയാത്ത മരത്തിന്റെ ഇലകള്‍ മഞ്ഞച്ചുതുടങ്ങിയിരിക്കുന്നു. ഇളംപച്ചയും മഞ്ഞയും ഇടകലര്‍ന്ന അതിന്റെ ഇലകളേയും ശിഖരങ്ങളേയും വെയില് തിളക്കുന്നത് കണ്ടുകൊണ്ട് കിടന്നു. ഉച്ചയ്ക്കു ശേഷം ചെറുതായി മഴ പെയ്തിരുന്നു എന്നു തോന്നുന്നു...
ഇലകളൊന്നിളകി. പിറകെ ജനലിലൂടെ ഒരു കാറ്റ് വന്ന് അയാളുടെ നീണ്ട് അലസമായി കിടന്നിരുന്ന, കുറേശ്ശെ നരച്ചു തുടങ്ങിയ ചെമ്പന്‍ മുടിയിഴകള്‍ തൊട്ടു.
ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറമുള്ളൊരു പകല്‍...
ആ ഓര്‍മ്മകള്‍ ഹൃദയത്തില്‍ തുടിച്ചാര്‍ത്തു.
എന്നും ഒരു ഭീരുവായി, ഏതൊരോര്‍മ്മകളില്‍ നിന്നും ഓടിയകലാന്‍ ശ്രമിച്ചിരുന്നുവോ,... ആ പകല്‍...
ഉടലില്‍ ഒരു വിറയല്‍...
സോഫി... സോഫിയാ മാത്യു.
ക്യാമ്പസവളെ സോഫിയാ ലോറന് എന്നു വിളിച്ചു.
മധുരിമയോളമോ, കവിതാ മോഹനോളമോ സൗന്ദര്യമൊന്നും അയാള്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരാവറേജ് സുന്ദരി.. അത്രമാത്രം.
പക്ഷേ, കോളേജിലെ മിക്കവാറും എല്ലാ പയ്യന്‍സിന്റെയും സ്വപ്നങ്ങളിലേക്ക് നേരെ കയറിപ്പോകാന്‍ മാത്രം എന്തോ ഒരാകര്‍ഷണീയത അവള്‍ക്കുണ്ടായിരുന്നു!
ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍, സുമനുമായിച്ചേര്‍ത്തായിരുന്നു സോഫിയയുടെ പേര് കേട്ടിരുന്നത്. സുമന് അന്ന് എം.എ. മലയാളം രണ്ടാം വര്‍ഷമായിരുന്നു.
അടുത്തവര്‍ഷം, ബി.എസ്സ്.സി. മാത്സിലെ തോമസ് മാമ്മനുമായിച്ചേര്‍ന്നുള്ള കഥകള്‍ ഒരല്പം എരിവും പുളിയുമൊക്കെയായി ക്യാമ്പസില്‍ പറന്നു നടന്നിരുന്നു.
അതിന്റെ പ്രധാന പ്രൊമോട്ടര്‍ തോമസ് മാമ്മന്‍ തന്നെയായിരുന്നു.
ആ വര്‍ഷം, മുന്കാമുകന്മാര് രണ്ടും കോളേജ് വിട്ട ശേഷമാണ് സോഫിയ അയാളുമായി ചങ്ങാത്തം കൂടുന്നതുപോലും.
ആയിടെയായിരുന്നു അയാളുടെ കവിതാ സമാഹാരം പുറത്തിറങ്ങിയത്.
സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ സധൈര്യം കലഹിക്കുന്ന; അകം തിളപ്പിക്കുന്ന ആഗ്നേയാക്ഷരങ്ങള്‍ അയാള്‍ക്കായി ആരാധകരെ നേടി.
അതുവരെ കാര്യമായി ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന അന്തര്‍മുഖനായ ഒരു വിദ്യാര്‍ത്ഥി ക്യാമ്പസിലെ ഏറ്റവും പ്രമുഖവ്യക്തിയാവുകയായിരുന്നു.
ഒരല്പം ബുദ്ധിജീവി നാട്യത്തോടെ നടന്നിരുന്ന അയാളോട് ഒരല്പം അധികസ്വാതന്ത്ര്യമെടുത്തുകൊണ്ടുള്ള സോഫിയയുടെ പെരുമാറ്റം കണ്ടപ്പോഴേ സുഹൃത്തുക്കള്‍ മുന്നറിയിപ്പു കൊടുത്തു: അടുത്ത ഇര.
പക്ഷേ, ആ പറഞ്ഞവരുടെയെല്ലാം കണ്ണുകളില്‍ മറഞ്ഞിരുന്ന അസൂയ കണ്ട് അയാള്‍ മനസ്സില്‍ ചിരിച്ചു.
സോഫിയ നീട്ടിയ പാനപാത്രം തട്ടിനീക്കുവാന്‍ മാത്രം ശക്തനായിരുന്നില്ല; അയാള്‍.
സോഫിയയുടെ കാമുകപരിവേഷം വന്നതോടെ ആരാധികമാരുടെ പ്രണയലേഖനങ്ങളുടെ ഒഴുക്ക് നിലച്ചു.
സുന്ദരികളുടെ ആത്മവിശ്വാസത്തെപ്പോലും സ്വാധീനിച്ച സോഫിയുടെ പ്രണയത്തില്‍ അയാള്‍ തുടിച്ചുനീന്തി.
പ്രണയം ഒരു വസന്തമായി എപ്പോഴും അയാളെ പൊതിഞ്ഞുനിന്നു. ഒരിക്കലും പൂക്കള്‍ വാടുകയോ, കൊഴിയുകയോ ചെയ്തില്ല.
അവളുടെ സാമീപ്യം ആസ്വദിച്ചലഞ്ഞുതീര്‍ത്ത പകലുകള്‍ക്കൊടുവില്‍, ഹോസ്റ്റല്‍ മുറിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍, ഉന്മാദം ബാധിച്ചവനെപ്പോലെ അയാള്‍ ഇരുട്ടില്‍ ഉണര്‍ന്നിരുന്ന് മനസ്സുകൊണ്ട് എന്തെല്ലാമോ ഭ്രാന്തുകളില്‍ മുഴുകി.
നെറ്റിയില്‍ വിയര്‍പ്പു പൊടിയുകയും, ഹൃദയം വല്ലാതെ മിടിക്കുകയും, ചിന്തകളില്‍ തീ പിടിക്കുകയും ചെയ്ത ആ നേരങ്ങളില്‍ ഉടലിനെയൊന്നുറക്കാന്‍ പാടുപെട്ട് തളര്‍ന്നു കിടക്കുമ്പോള്‍ അയാള്‍ ഉള്ളില്‍ തിരഞ്ഞു :
സോഫി തനിക്കാരാണ്?
ഉത്തരം തേടിയലഞ്ഞ രാപ്പകലുകള്‍ക്കൊടുവില്‍...
Monday, September 27, 2010
സന്ദര്‍ശനം
(തുടരും)
Subscribe to:
Post Comments (Atom)
4 comments:
ഉത്തരം കിട്ടാൻ ഞങ്ങളും കാത്തിരിക്കണമല്ലേ, അടുത്ത പോസ്റ്റ് വരെ.
അപ്പോള്‍ കാത്തിരിക്കാം അല്ലേ?
Waiting
കാത്തിരിക്കുന്നു...
Post a Comment