പിന്നീട് വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ സുമിത്രേച്ചിയെ ഒന്നു കണ്ടാലായി.ഇതിനിടയിൽ രാധികേച്ചിയുടെ വീടിന്റെ വടക്കേതിലെ കുഞ്ഞാക്കയുടെ പുരയിടം നാണുവേട്ടൻ വാങ്ങി അങ്ങോട്ടു താമസം മാറ്റിയിരുന്നു.ഞാൻ പത്തിൽ പഠിക്കുന്ന കാലത്തായിരുന്നു സുമിത്രേച്ചിയുടെ കല്യാണം. അക്കൊല്ലത്തെ ഓണം കഴിഞ്ഞ സമയം.ഹോസ്റ്റലിന്റെ പിറകുവശത്തെ പുളിമരച്ചോട്ടിലിരുന്ന് ദീപകിനോട് ഞാൻ സുമിത്രേച്ചിയെപ്പറ്റി പറഞ്ഞു.ഞങ്ങൾ കുട്ടികൾക്കൊപ്പം, പാവാടയും തെറുത്തുകയറ്റി തുമ്പപ്പൂവും നെല്ലിപ്പൂവും പറിക്കാൻ വരുന്ന; വടേരിക്കാട്ടിൽ, മരിച്ച കുട്ടിശങ്കരൻ നായരുടെ പ്രേതത്തെക്കണ്ട കഥ പറഞ്ഞ് പേടിപ്പിക്കുന്ന...