Saturday, October 18, 2008

ഋതുചക്രം

ഒരുനാളിൽ ഞാൻ നിന്റെ
കണ്ണീരിൽ കുളിച്ചതു-
മെന്നിലെത്തടങ്ങൾ നിൻ
കണ്ണീരാൽ നിറഞ്ഞതും,

എന്നുടെ കൂന്തലിനെ
കണ്ണീരിൽ നനച്ചതും,
നനഞ്ഞോരിരുട്ടാലേ-
യെന്നെ നീ മറച്ചതും,

പിറ്റേന്നു നനഞ്ഞൊരു
പുലരിയെത്തിയതു-
മെന്നുടെ ഹൃദയത്തിൻ
സ്നേഹത്തിന്നുറവയിൽ
നിന്നും നിനക്കായി ഞാൻ
പൂക്കൾ വിരിയിച്ചതും,

എന്നുടെ പച്ചപ്പട്ടിൽ
പൂക്കൾ ഞാൻ തുന്നിയതും,
അന്നത്തെ പ്രഭാതത്തിൽ
നിനക്കാക്കമ്പളം ഞാൻ
സമ്മാനിച്ചപ്പോൾ നിന്റെ
കണ്ണീരു മറഞ്ഞതും,

എന്നിലെപ്പുഷ്പങ്ങളെ
സന്തോഷാശ്രുക്കളാലേ-
യോമനിച്ചതുമെല്ലാം
മറന്നോ പ്രകൃതി, നീ?

ആ ദിനം കഴിഞ്ഞതും
കടുത്ത വെയിലാലെ-
യെന്നുടെ പൂക്കളെല്ലാം
കരിഞ്ഞു കൊഴിഞ്ഞതും...

എന്റെ തടങ്ങളിലെ
നീരു നീ വറ്റിച്ചതു-
മെന്നുടെ തളിർമേനി
വരണ്ടുണങ്ങിയതും...

ഇക്കൊടും വരൾച്ചയാ-
ലെൻ മനം കരിഞ്ഞതും,
മേഘങ്ങൾ തമ്മിൽത്തല്ലി-
ത്തീപ്പൊരി തെറിച്ചതും...

വീണ്ടും നിൻ മനമൊരു
ദുഃഖത്താൽ നിറഞ്ഞതും
വീണ്ടും നിൻ കണ്ണീർമഴ-
യെന്നിലായ്‌ പതിച്ചതും...

വരണ്ടുണങ്ങിയോരെൻ
തടങ്ങൾ വീണ്ടും നിന്റെ
കണ്ണുനീർ വർഷത്താലെ
നിറഞ്ഞു കവിഞ്ഞതും...

നിന്മനം തെളിച്ചിടാ-
നെത്തും ഞാൻ നാളെക്കാലേ,
വസന്ത പുഷ്പങ്ങളാൽ
തുന്നിയ പച്ചപ്പട്ടാൽ...!

5 comments:

Unknown said...

എന്റെ സ്കൂൾക്കാലം (ഒമ്പതാം ക്ലാസ്‌). കവിതാരചനാമത്സരത്തിനു പോകുമ്പോൾ സത്യത്തിൽ കൂടുതൽ സന്തോഷം അബി സാറിന്റെ ഇലക്ട്രിക്കൽ ടെക്നോളജി ക്ലാസ്സിലെ ചോദ്യം ചോദിക്കലിൽ നിന്നും ഒഴിവാകുന്നതായിരുന്നു. റിസൾട്ട്‌ വന്നപ്പോൾ ഒന്നാം സമ്മാനമുണ്ട്‌. വിഷയം 'ഋതുഭേദങ്ങൾ' എന്നായിരുന്നു.
അന്നത്തെ ആ കവിത ഒരു മാറ്റവും വരുത്താതെ അതേപടി ബ്ലോഗിലെഴുതുന്നു.

വേണാടന്‍ said...

:)

Jayasree Lakshmy Kumar said...

ഒമ്പതാം ക്ലാസ്സുകാരന്റെ രചന വളരേ മനോഹരം

അരുണ്‍ said...

inium ezhuthanam....

Aadhi said...

വരണ്ടുണങ്ങിയോരെൻ
തടങ്ങൾ വീണ്ടും നിന്റെ
കണ്ണുനീർ വർഷത്താലെ
നിറഞ്ഞു കവിഞ്ഞതും...



ഈ കവിതയില്‍ ഇത് നല്ലവണ്ണം അര്‍ത്ഥവത്തായി

എന്റെ സുഹൃത്തുക്കള്‍