Thursday, February 7, 2013

സഹയാത്രികനൊരാള്‍

സ്സില്‍ വലിയ തിരക്കില്ല. മിക്ക സീറ്റിലും ഈരണ്ടുപേര്‍ ഉണ്ട്. ഒരു സീറ്റില്‍ ഒരാള്‍ മാത്രം ഇരിക്കുന്നതു കണ്ട് അവിടെച്ചെന്ന് ഇരുന്നതും, എന്നെ കാത്തിരുന്നതു പോലെ അയാളുടെ ചോദ്യം ഉടനെ വന്നു:

'പ്പോ എവട്യാ പണീ?'
'കോഴിക്കോട്ട് തന്നെ..'

പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കുന്നതു തന്നെ. വലിയ പരിചയം തോന്നുന്നില്ലെങ്കിലും കണ്ടുമറന്ന മുഖം പോലെ.
'ഞാ,ന്നല്യാണ് കുട്ട്യേ അറീണ്... അച്ഛന്‍ ...'

ഒരു നെടുവീര്‍പ്പിനു ശേഷം അയാള്‍ തുടര്‍ന്നു:
'ഞങ്ങള് കഴിഞ്ഞ മാസൂങ്കൂടി കണ്ടതല്ലേര്‌ന്നോ!? കെളാശ്ശോട്‌ത്തെ അമ്പലത്ത്ന്ന്...'
ഓ! അപ്പോള്‍ അച്ഛനെയും എന്നെയും അറിയുന്ന ആള്‍ തന്നെയാണ്. അച്ഛന്‍ മരിച്ചിട്ട് ഇന്ന് പതിനേഴു ദിവസമാകുന്നു.
'ന്നലേര്ന്ന് പതിനാറ്, ല്ലേ?'
'ആ...'
'തിര്ന്നാവായേലേര്ന്നിരിക്കും, ല്ലേ?'
'അതെ..'
'തെരക്ക്‌ണ്ടേര്‌ന്നോ?'
'അസ്ഥ്യൊഴ്ക്കാന്തന്നെ അഞ്ചാറ് കൂട്ടര്‌ണ്ടേര്ന്നു.'
'ഉം... ശ്രാദ്ധത്തിന്‌ള്ളോര്‌ണ്ടേരിക്കും ഒര് ചോട്... ല്ലേ?'
'ആ... കൊറേ നേരം ക്യൂല് നിക്കണ്ട്യൂം വന്നു...'

കുറച്ചു സമയം ഒന്നും മിണ്ടാതിരുന്ന്, മുഖത്തുനിന്ന് കണ്ണടയെടുത്തൊന്ന് തുടച്ച്, വീണ്ടും മൂക്കിന്മേല്‍ത്തന്നെ ഉറപ്പിച്ചു വെച്ച് അയാള്‍ ഒന്നുകൂടി ദീര്‍ഘമായി ശ്വാസമെടുത്തു.

'ദെവസൂം എത്ര മരണങ്ങളാ... നെനച്ചിരിക്കാതേം, കാത്ത്‌കെട്ടിക്കെടന്ന്ട്ടും... കുട്ടിരച്ഛനെപ്പോലൊരാള്ക്ക് അങ്ങനെത്തന്നെള്ളൊര് മരണാവും വിധിച്ചത്... അതും ഒര് ഭാഗ്യം!'

ഞാന്‍ അറിയാതെ ചെറുതായൊന്ന് ഞെട്ടി. ഉള്ളില്‍ ഈര്‍ഷ്യയോടെ അയാളെ നോക്കി.

'ആ നെട്മ്പള്ളീലെ മാധവന്നായരും ചേര്‍ക്കാലി ബീരാനും ഒക്കെക്കെടന്ന് നരകടിക്ക്ണത് കണ്ടിലേ? ന്നാ, ജീവന്‍ പറിഞ്ഞങ്ങട്ട് പോണ്ണ്ടോ? ആയകാലത്ത് ചെയ്ത് കൂട്ട്യ ദുല്‌മൊക്കെ മറന്ന്ട്ടല്ല; ന്നാലും, ഇപ്പളത്തെ സ്ഥിതി കഷ്ടം തന്നേണ്ന്ന് പറേണ്ടിവരും. മറ്റ്‌ള്ളോരെ കഷ്ടപ്പെട്ത്താതെ, ആരീം കണ്ണും മോറും കാണാതെ സ്വസ്ഥായിട്ടും സുഖായിട്ടും മരിക്കാനും വേണം യോഗം. നല്ല മനസ്സ്‌ള്ളോര്‌ക്കേ അത് വിധിള്ളൂ.'

നല്ല അര്‍ത്ഥത്തിലായിരുന്നു അയാളങ്ങനെ പറഞ്ഞതെന്നറിഞ്ഞപ്പോള്‍ അയാളോടെനിക്ക് സ്‌നേഹം തോന്നി. ശരിയാണ്. അച്ഛന്‍ ആരെയും ബുദ്ധിമുട്ടിച്ചില്ല; സ്വയമേ ബുദ്ധിമുട്ടിയുമില്ല. സ്വന്തം നന്മകളെക്കുറിച്ചല്ലാതെ, വിപരീതമെന്തെങ്കിലും പറയാനൊരവസരം അച്ഛന്‍ ഒരിക്കലുമുണ്ടാക്കിയില്ല. അച്ഛന്റെ മകനെന്നതില്‍ ഉള്ളിലെ അഭിമാനം അനുഭവമാകുന്നത് കൂടുതല്‍ ഇപ്പോഴാണ്. ആയുസ്സിലെ സ്‌നേഹവര്‍ഷം പെയ്തതൊഴിഞ്ഞു പോയിട്ടും, മരണത്തിനു പിന്‍പും നന്മ പെയ്യുന്ന മരമാണച്ഛന്‍ ...

കഴിഞ്ഞ ഒരു മാസത്തിനിടെ നാട്ടില്‍ ചുറ്റുവട്ടത്തൊക്കെത്തന്നെയായി ഒരുപാട് മരണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ സഹയാത്രികന്‍ മരണത്തെക്കുറിച്ച് തുടര്‍ന്നും പറഞ്ഞുകൊണ്ടിരുന്നതില്‍ എനിക്കു ശ്രദ്ധിക്കാനായിരുന്നില്ല. കുറെ ദിവസമായി ചൂഴ്ന്നുനിന്ന മരണത്തിന്റെ ചിന്തകളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ തോന്നി. കണ്ണുകള്‍ ഇറുക്കിയടച്ച്, രണ്ടുകൈകളാലും മുഖംപൊത്തി ഒരുമിനിറ്റോളം ഞാനിരുന്നു. എന്റെ മനസ്സറിഞ്ഞോ എന്തോ, അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. ബസ്സിന്റെ ജന്നലിനപ്പുറം പുറകോട്ടോടി മറയുന്ന തെങ്ങിന്‍ തലപ്പുകള്‍ക്കപ്പുറം ഏതോ ബിന്ദുവില്‍ കണ്ണുടക്കിവെച്ച് അയാളിരുന്നു.

എനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്താറായിരിക്കുന്നു.

ഞാനിറങ്ങുകയാണെന്നു പറയാന്‍ അയാളെ തൊട്ടുവിളിച്ചു. കാഴ്ച തറഞ്ഞുനിന്ന അദൃശ്യബിന്ദുവില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. അയാള്‍ വിളി കേട്ടതുമില്ല.

അറിയാതെ, ഏതോ പ്രേരണയാലെന്നവണ്ണം അയാളുടെ കണ്ണടയൂരി, വിരലുകളാല്‍ കണ്‍പോളകള്‍ ഞാന്‍ അടച്ചു.

ഠഠഠ

13 comments:

വിനോദ് said...

കഥ നന്നായിരിയ്ക്കുന്നു. ആശംസകള്‍ ....

ശ്രീ said...

ചെറുതെങ്കിലും നല്ല കഥ.

മകന്റെ സഹയാത്രികനായിരുന്ന അയാള്‍ അച്ഛന്റെ സഹയാത്രികനാകാന്‍ യാത്രയായതാകണം.

jayanEvoor said...

നല്ല കഥ.
ഇനി തുടരെ കഥകളെഴുതാൻ ആശംസകൾ!

ente lokam said...

അച്ഛന്റെ ഓര്മകളിലൂടെയുള്ള യാത്ര അതി മനോഹരം ആയി അവതരിപ്പിച്ചു നന്ദു....

കടന്നു പോവുമ്പോള്‍ മാത്രം ആണ് നാം കൂടെയുള്ളവരുടെ വില മനസിലാക്കുക...അത് അന്തരാല്മാവ്‌ പിന്നെ കാട്ടിത്തരുന്നത്‌ മറ്റുള്ളവരിലൂടെയും....

ഈ നല്ല കഥയ്ക്ക് ആശംസകള്‍...സഹ യാത്രികന്‍ ഒരു സത്യമോ മിഥ്യയോ ആയിത്തന്നെ വായനക്കാര്‍ക്ക് വിട്ടു കൊടുത്തത് നന്നായി....

പട്ടേപ്പാടം റാംജി said...

എല്ലാവരും ആഗ്രഹിക്കുന്നതാണ് അവസാനകാലത്തെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതിരുന്നാല്‍ മതിയെന്ന്..
നന്നായി.

കുഞ്ഞൂസ്(Kunjuss) said...

ആയുസ്സിലെ സ്‌നേഹവര്‍ഷം പെയ്തതൊഴിഞ്ഞു പോയിട്ടും, മരണത്തിനു പിന്‍പും നന്മ പെയ്യുന്ന മരമാണച്ഛന്‍ ...!

നല്ല കഥയ്ക്ക് ആശംസകള്‍ നന്ദൂ...

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നന്നായിരിക്കുന്നു..
കുറച്ചു കാലത്തെ മടിക്കു ശേഷം തിരിച്ചു വന്നതു നന്നായി.

ajith said...

നിഴല്‍ പോലെയാ സഹയാത്രികന്‍

എഴുത്ത് വളരെ നന്നായി

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നല്ല മനുഷ്യന്‍ തന്നെ .... ഇങ്ങനെ മരിക്കാനും വേണേ ഒരു യോഗം ..
ന്നാലും ഇത്ര പെട്ടെന്ന് ആ സഹയാത്രികനെ കൊല്ലേണ്ടി ഇരുന്നില്ല .... അയാള്‍ സംസാരിച്ച് തുടങ്ങിയപ്പോഴേക്കും തോന്നിയിരുന്നു ... ഇന്ന് അയാളെ കൊല്ലും ന്ന് ....

നന്നായി കഥ . ഞാന്‍ ഇവിടെ അധ്യാണ് ; ഇന്നിയും വരാം .

ഞാനും ങ്ങടെ കൂട്ടുകാരന്‍ ആയി ട്ടോ

പൈമ said...

ഒരു വ്യതസ്തത ഉള്ള എഴുത്ത് ..
നന്നായിരിക്കുന്നു ..നന്ദു

Unknown said...

വിനോദ്, ശ്രീ, jayanEvoor, ente lokam, പട്ടേപ്പാടം റാംജി, കുഞ്ഞൂസ്, ഡോ.RK, ajith, അമൃതം ഗമയ, പൈമ... എല്ലാവര്‍ക്കും നന്ദി.
:)

നിസാരന്‍ .. said...

നല്ല ഒരു കൊച്ചു കഥ.. വായനയിലുടനീളം കണ്ടത് മികച്ച ഭാഷയും നല്ല അവതരണവും

THABU SAHINI said...

a good story

എന്റെ സുഹൃത്തുക്കള്‍