OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Thursday, February 7, 2013

സഹയാത്രികനൊരാള്‍

സ്സില്‍ വലിയ തിരക്കില്ല. മിക്ക സീറ്റിലും ഈരണ്ടുപേര്‍ ഉണ്ട്. ഒരു സീറ്റില്‍ ഒരാള്‍ മാത്രം ഇരിക്കുന്നതു കണ്ട് അവിടെച്ചെന്ന് ഇരുന്നതും, എന്നെ കാത്തിരുന്നതു പോലെ അയാളുടെ ചോദ്യം ഉടനെ വന്നു:

'പ്പോ എവട്യാ പണീ?'
'കോഴിക്കോട്ട് തന്നെ..'

പറഞ്ഞു കഴിഞ്ഞാണ് അയാളുടെ മുഖത്തേക്ക് നോക്കുന്നതു തന്നെ. വലിയ പരിചയം തോന്നുന്നില്ലെങ്കിലും കണ്ടുമറന്ന മുഖം പോലെ.
'ഞാ,ന്നല്യാണ് കുട്ട്യേ അറീണ്... അച്ഛന്‍ ...'

ഒരു നെടുവീര്‍പ്പിനു ശേഷം അയാള്‍ തുടര്‍ന്നു:
'ഞങ്ങള് കഴിഞ്ഞ മാസൂങ്കൂടി കണ്ടതല്ലേര്‌ന്നോ!? കെളാശ്ശോട്‌ത്തെ അമ്പലത്ത്ന്ന്...'
ഓ! അപ്പോള്‍ അച്ഛനെയും എന്നെയും അറിയുന്ന ആള്‍ തന്നെയാണ്. അച്ഛന്‍ മരിച്ചിട്ട് ഇന്ന് പതിനേഴു ദിവസമാകുന്നു.
'ന്നലേര്ന്ന് പതിനാറ്, ല്ലേ?'
'ആ...'
'തിര്ന്നാവായേലേര്ന്നിരിക്കും, ല്ലേ?'
'അതെ..'
'തെരക്ക്‌ണ്ടേര്‌ന്നോ?'
'അസ്ഥ്യൊഴ്ക്കാന്തന്നെ അഞ്ചാറ് കൂട്ടര്‌ണ്ടേര്ന്നു.'
'ഉം... ശ്രാദ്ധത്തിന്‌ള്ളോര്‌ണ്ടേരിക്കും ഒര് ചോട്... ല്ലേ?'
'ആ... കൊറേ നേരം ക്യൂല് നിക്കണ്ട്യൂം വന്നു...'

കുറച്ചു സമയം ഒന്നും മിണ്ടാതിരുന്ന്, മുഖത്തുനിന്ന് കണ്ണടയെടുത്തൊന്ന് തുടച്ച്, വീണ്ടും മൂക്കിന്മേല്‍ത്തന്നെ ഉറപ്പിച്ചു വെച്ച് അയാള്‍ ഒന്നുകൂടി ദീര്‍ഘമായി ശ്വാസമെടുത്തു.

'ദെവസൂം എത്ര മരണങ്ങളാ... നെനച്ചിരിക്കാതേം, കാത്ത്‌കെട്ടിക്കെടന്ന്ട്ടും... കുട്ടിരച്ഛനെപ്പോലൊരാള്ക്ക് അങ്ങനെത്തന്നെള്ളൊര് മരണാവും വിധിച്ചത്... അതും ഒര് ഭാഗ്യം!'

ഞാന്‍ അറിയാതെ ചെറുതായൊന്ന് ഞെട്ടി. ഉള്ളില്‍ ഈര്‍ഷ്യയോടെ അയാളെ നോക്കി.

'ആ നെട്മ്പള്ളീലെ മാധവന്നായരും ചേര്‍ക്കാലി ബീരാനും ഒക്കെക്കെടന്ന് നരകടിക്ക്ണത് കണ്ടിലേ? ന്നാ, ജീവന്‍ പറിഞ്ഞങ്ങട്ട് പോണ്ണ്ടോ? ആയകാലത്ത് ചെയ്ത് കൂട്ട്യ ദുല്‌മൊക്കെ മറന്ന്ട്ടല്ല; ന്നാലും, ഇപ്പളത്തെ സ്ഥിതി കഷ്ടം തന്നേണ്ന്ന് പറേണ്ടിവരും. മറ്റ്‌ള്ളോരെ കഷ്ടപ്പെട്ത്താതെ, ആരീം കണ്ണും മോറും കാണാതെ സ്വസ്ഥായിട്ടും സുഖായിട്ടും മരിക്കാനും വേണം യോഗം. നല്ല മനസ്സ്‌ള്ളോര്‌ക്കേ അത് വിധിള്ളൂ.'

നല്ല അര്‍ത്ഥത്തിലായിരുന്നു അയാളങ്ങനെ പറഞ്ഞതെന്നറിഞ്ഞപ്പോള്‍ അയാളോടെനിക്ക് സ്‌നേഹം തോന്നി. ശരിയാണ്. അച്ഛന്‍ ആരെയും ബുദ്ധിമുട്ടിച്ചില്ല; സ്വയമേ ബുദ്ധിമുട്ടിയുമില്ല. സ്വന്തം നന്മകളെക്കുറിച്ചല്ലാതെ, വിപരീതമെന്തെങ്കിലും പറയാനൊരവസരം അച്ഛന്‍ ഒരിക്കലുമുണ്ടാക്കിയില്ല. അച്ഛന്റെ മകനെന്നതില്‍ ഉള്ളിലെ അഭിമാനം അനുഭവമാകുന്നത് കൂടുതല്‍ ഇപ്പോഴാണ്. ആയുസ്സിലെ സ്‌നേഹവര്‍ഷം പെയ്തതൊഴിഞ്ഞു പോയിട്ടും, മരണത്തിനു പിന്‍പും നന്മ പെയ്യുന്ന മരമാണച്ഛന്‍ ...

കഴിഞ്ഞ ഒരു മാസത്തിനിടെ നാട്ടില്‍ ചുറ്റുവട്ടത്തൊക്കെത്തന്നെയായി ഒരുപാട് മരണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്റെ സഹയാത്രികന്‍ മരണത്തെക്കുറിച്ച് തുടര്‍ന്നും പറഞ്ഞുകൊണ്ടിരുന്നതില്‍ എനിക്കു ശ്രദ്ധിക്കാനായിരുന്നില്ല. കുറെ ദിവസമായി ചൂഴ്ന്നുനിന്ന മരണത്തിന്റെ ചിന്തകളില്‍ നിന്നും സംഭാഷണങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ തോന്നി. കണ്ണുകള്‍ ഇറുക്കിയടച്ച്, രണ്ടുകൈകളാലും മുഖംപൊത്തി ഒരുമിനിറ്റോളം ഞാനിരുന്നു. എന്റെ മനസ്സറിഞ്ഞോ എന്തോ, അയാള്‍ പിന്നെ ഒന്നും പറഞ്ഞില്ല. ബസ്സിന്റെ ജന്നലിനപ്പുറം പുറകോട്ടോടി മറയുന്ന തെങ്ങിന്‍ തലപ്പുകള്‍ക്കപ്പുറം ഏതോ ബിന്ദുവില്‍ കണ്ണുടക്കിവെച്ച് അയാളിരുന്നു.

എനിക്കിറങ്ങേണ്ട സ്‌റ്റോപ്പെത്താറായിരിക്കുന്നു.

ഞാനിറങ്ങുകയാണെന്നു പറയാന്‍ അയാളെ തൊട്ടുവിളിച്ചു. കാഴ്ച തറഞ്ഞുനിന്ന അദൃശ്യബിന്ദുവില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. അയാള്‍ വിളി കേട്ടതുമില്ല.

അറിയാതെ, ഏതോ പ്രേരണയാലെന്നവണ്ണം അയാളുടെ കണ്ണടയൂരി, വിരലുകളാല്‍ കണ്‍പോളകള്‍ ഞാന്‍ അടച്ചു.

ഠഠഠ

Wednesday, January 30, 2013

ബ്ലോഗര്‍ സംഗമം

ണ്ടുവര്‍ഷം മുമ്പു നടന്ന ബ്ലോഗേഴ്‌സ് മീറ്റിനു ശേഷം മറ്റൊരു മീറ്റിനു കൂടി ഈ ഏപ്രില്‍ 21ന് തുഞ്ചന്‍പറമ്പ് വേദിയാകുകയാണ്. അന്ന് മീറ്റിന്റെ സംഘാടകരിലൊരാളായി ഞാനുമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ ചില അസൗകര്യങ്ങളും തിരക്കുകളും (പിന്നെ സമയം ഉണ്ടാക്കി വല്ലതും കുത്തിക്കുറിക്കാന്‍ സഹജമായുള്ള മടിയും) എല്ലാം കാരണം ബ്ലോഗെഴുത്തു തന്നെ നിന്നുപോയിരുന്നു. (ഫോട്ടോബ്ലോഗില്‍ ചില പോസ്റ്റുകളിട്ടതൊഴിച്ചാല്‍). എങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു എന്നു മാത്രം.കൊട്ടോട്ടി വിളിച്ച് നമുക്ക് തുഞ്ചന്‍പറമ്പില്‍ ഒന്നു കൂടി കൂടാം എന്നു പറഞ്ഞപ്പോള്‍, വീണ്ടും ബ്ലോഗെഴുതിത്തുടങ്ങാന്‍ എനിക്കതൊരു കാരണവും നിമിത്തവുമായി. എന്റെ ബ്ലോഗ് ഒന്നു പൊടിതട്ടി എടുക്കേണ്ടി വരും. ബൂലോകത്ത് വീണ്ടും സജീവമാകാന്‍ കഴിയും എന്ന പ്രതീക്ഷയോടെ ഈ സംരംഭത്തിന്റെ കൂടെ ഞാനും കൂടുന്നു. (കൊട്ടോട്ടിക്കാരന്റെയും, ഡോ.ആര്‍. കെ.യുടെയും, ജയന്‍ ഏവൂരിന്റെയും കൂടെ ഒരു മീറ്റിന്റെ കൂടി സംഘാടകനാവുക എന്നത് തീര്‍ച്ചയായും സന്തോഷവും അഭിമാനവുമാണല്ലോ.) എല്ലാറ്റിനുമുപരി കഴിഞ്ഞ മീറ്റിലൂടെ കിട്ടിയ കുറെ നല്ല സുഹൃത്തുക്കളെയും പുതിയ സുഹൃത്തുക്കളെയും കാണാമെന്ന സന്തോഷവും... ഈ മീറ്റും വിജയമാക്കാന്‍ ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും ഒത്തൊരുമിക്കാം.

മീറ്റിന്റെ ഔദ്യോഗിക ബ്ലോഗ് ഇവിടെ.

Saturday, April 23, 2011

തുഞ്ചന്‍മീറ്റിന് ശേഷം...

തൊരൊഴുക്കായിരുന്നു.
തലേന്നുമുതല്‍ പതുക്കെ, പലവഴിയേ എത്തിച്ചേര്‍ന്ന് ഒരു പുഴയാവുകയായിരുന്നു നമ്മള്‍. വൈകുന്നേരത്തോടെ പലവഴി പിരിഞ്ഞുപോകുമ്പോഴേക്കും സൗഹൃദത്തിന്റെ ഒരു കടല്‍ തീര്‍ത്ത്...
എന്നുമോര്‍മ്മിക്കാന്‍ മധുരമായൊരു കൂടിച്ചേരല്‍! മാസങ്ങളുടെ മുന്നൊരുക്കവും കാത്തിരിപ്പുമായിരുന്നു ഏപ്രില്‍ 17നായി.എന്റെ ആദ്യ ബൂലോകമീറ്റായിരുന്നു ഇത്. മുന്‍ മീറ്റുകളുടെ, വായിച്ചറിഞ്ഞ വിവരണങ്ങള്‍ ഏറെ കൊതിപ്പിക്കുകയും ചെയ്തിരുന്നു. കൊട്ടോട്ടിക്കാരന്റെ മലബാറില്‍ ഒരു ബ്ലോഗേഴ്‌സ് മീറ്റ് - ആലോചനാപോസ്റ്റ് എന്ന പോസ്റ്റിലേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നോര്‍മ്മയില്ലെങ്കിലും, പിന്നെ ആശയത്തിന്റെ പിന്നാലെ കൂടാന്‍ ഞാനുമുണ്ടായിരുന്നു.ഇന്നുവരെ ഒരു ബ്ലോഗേഴ്‌സ് മീറ്റിലും പങ്കെടുത്തിട്ടില്ലാത്തതിനാല്‍, മീറ്റ് സംഘടിപ്പിക്കുക എന്നൊക്കെ ആലോചിച്ചപ്പോള്‍ത്തന്നെ ആശങ്കയുണ്ടായിരുന്നു. തിരൂരില്‍ നിന്നുതന്നെ ഡോ. അര്‍ .കെ. എത്തിച്ചേര്‍ന്നപ്പോള്‍ ഒരുവിധം ധൈര്യമായി. മികച്ച സംഘാടകരായ കൊട്ടോട്ടിക്കാരന്റെയും ആര്‍ .കെ. തിരൂരിന്റെയും കൂടെ വെറുമൊരു സഹായി മാത്രമായി കൂടുകയായിരുന്നു ഞാനും. കാര്യങ്ങളെല്ലാം മുറയ്ക്ക് നടന്നുപോകുന്നില്ലേ എന്ന് പരസ്പരം വിളിച്ചന്വേഷിച്ച് ഉറപ്പു വരുത്തിക്കൊണ്ടിരുന്നു. വലുതായുള്ള പാകപ്പിഴകളൊന്നും കൂടാതെയാണ് മീറ്റ് നടന്നതെന്ന് ഇതിനകം വന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുമ്പോള്‍ സന്തോഷമുണ്ട്. പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും, പരസ്പരം പരിചയപ്പെടാനും സൊഹൃദം പുതുക്കാനും നല്ലൊരു വേദിയായിരുന്നു മീറ്റ് എന്നാണു മനസ്സിലാക്കാനാകുന്നത്.

ഒരല്പം ദുഃഖം ഉള്ളിലുണ്ട്. കാണാനും പരിചയപ്പെടാനും ഏറെ ആഗ്രഹിച്ച പലരെയും മീറ്റിന്റെയന്ന് തിരക്കുകള്‍ക്കിടയില്‍ പരിചയപ്പെടാന്‍ കഴിയാതെപോയി. സഹജമായുള്ള ഉള്‍വലിയല്‍ സ്വഭാവം പലപ്പോഴും ഒരു ഘടകമായിരുന്നു. പിന്നെ പല ആവശ്യങ്ങള്‍ക്കുമായി ഓടിപ്പായുന്നതിനിടയില്‍ കണ്‍മുന്നില്‍ കണ്ടിട്ടും തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ട്. അറിഞ്ഞവരോടു തന്നെയും ഒരു വാക്ക് മിണ്ടാനാവാതെ പോയിട്ടുണ്ട്. അല്പം ജാടയോടെയുള്ള പ്രതികരണം പ്രതീക്ഷിച്ചവരില്‍ നിന്നും ഹൃദയം പിടിച്ചെടുക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി! (ജാട കാണിക്കാന്‍ മാത്രം കയ്യിലിരുപ്പൊന്നുമില്ലെങ്കിലും, നന്ദു അങ്ങനെയാണോ എന്ന് തോന്നാന്‍ പാകത്തില്‍ എന്റെ പെരുമാറ്റം ആര്‍ക്കെങ്കിലും അനുഭവപ്പെട്ടെങ്കില്‍, അതുവെറും തെറ്റിദ്ധാരണ മാത്രമെന്ന് തിരുത്താനാഗ്രഹിക്കുകയും, ക്ഷമചോദിക്കുകയും ചെയ്യുന്നു.)

മീറ്റ് കഴിഞ്ഞതിനു ശേഷവും, ബൂലോകത്തിന് പുറത്ത് ബ്ലോഗ് മീറ്റ് ഒരു ചര്‍ച്ചാവിഷയമായി നിലനില്‍ക്കുന്നുണ്ട് എന്നതാണ്, മറ്റു മാധ്യമങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അന്വേഷണ വിളികളില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. ഈ മീറ്റോടെ ബ്ലോഗിങ്ങിനെപ്പറ്റി കൂടുതല്‍പേര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്; ബ്ലോഗിലേക്കു കടന്നുവരുന്നുണ്ട്. അടുത്ത ബ്ലോഗ് മീറ്റാകുമ്പോഴേക്കും മലയാളം ബ്ലോഗ് എന്ന മാധ്യമം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും, ചര്‍ച്ച ചെയ്യപ്പെടുന്നതുമായി മാറുക മാത്രമല്ല, കുറേക്കൂടി ജനകീയമാകേണ്ടതുണ്ട്. ഈ ഊര്‍ജ്ജം അതിനു ചെലവഴിക്കാന്‍ നമുക്കു കഴിയണം. ഇല്ലെങ്കില്‍ ഇപ്പോള്‍ മലയാളം ബ്ലോഗിംഗിനു കിട്ടിയ എക്‌സ്‌പോഷര്‍ അര്‍ത്ഥമില്ലാത്തതാകും.

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ശില്പശാലകള്‍ നടത്തുന്നതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു. അവരവരുടെ പ്രദേശത്തെ ശില്പശാലകള്‍ വിളിച്ചു ചേര്‍ക്കാന്‍ ഓരോ ബ്ലോഗര്‍മാരും തയ്യാറാകുമെന്ന് കരുതുന്നു. സഹായിക്കാനാകുന്ന മറ്റു ബ്ലോഗര്‍മാരെ സഹകരിപ്പിച്ച് കേരളത്തില്‍ എല്ലായിടത്തും ശില്‍പശാലകള്‍ ഉണ്ടാകട്ടെ. ബൂലോകര്‍ ഒരു സംഘടനയല്ലാത്തതുകൊണ്ടും, മേല്‍ക്കമ്മറ്റി-കീഴ്ഘടകങ്ങളില്ലാത്തതുകൊണ്ടും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ ഓരോ ബ്ലോഗര്‍മാരും സ്വന്തം പ്രദേശത്തെയോ, പഞ്ചായത്തിലെയോ ഉത്തരവാദിത്തം സ്വയമേറ്റെടുത്ത് മുന്നിട്ടിറങ്ങുമെന്ന് പ്രതീക്ഷിക്കാം. ലഭ്യരായ സഹ ബ്ലോഗര്‍മാരെയും കണ്ടെത്തണം. ബൂലോകം കൂടുതല്‍ വിശാലമാകട്ടെ...

Monday, February 28, 2011

പുനരപിജനനം

ങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച് പൊടിഞ്ഞു തുടങ്ങിയ, എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഗൃഹത്തിലെ വെറും തറയില്‍ കിടന്ന് യാക്കോബ് അര്‍ത്ഥമോ, അടുക്കും ചിട്ടയുമോ ഇല്ലാത്ത ചിന്തകളിലൂടെ ഭ്രാന്തമായൊരു സഞ്ചാരത്തിലായിരുന്നു.

യാക്കോബ് കിടന്ന കിടപ്പില്‍ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു. വിചിത്രരൂപി, തലേന്ന് ക്യാന്‍വാസില്‍ യാക്കോബ് knife കൊണ്ട് തോണ്ടിയിട്ട മഞ്ഞ നിറത്തിന്റെ അടരുകളില്‍ വിരലോടിക്കുകയായിരുന്നു. എണ്ണച്ചായത്തിന്റെ സ്‌ട്രോക്കുകളില്‍ സാമൂഹ്യാവസ്ഥകളുടെ അമൂര്‍ത്തമായ പ്രതീകങ്ങള്‍ക്കിടെ അയാളുടെ വിചിത്രരൂപം അവ്യക്തമായെങ്കിലും തെളിഞ്ഞും മറഞ്ഞും കിടന്നിരുന്നു.

യാക്കോബിനുവേണ്ടി മോഡലായി ഇരുന്നു കൊടുക്കാന്‍ അയാള്‍ക്ക് ഏതും പ്രയാസമുണ്ടായിരുന്നില്ല. അല്ലെങ്കിലും അയാളുടെ പ്രയാസങ്ങളോ, വേദനകളോ, സന്തോഷമോ ഒന്നുംതന്നെ മുഖത്തോ, ശരീരചേഷ്ടകളിലോ അടയാളപ്പെട്ട് ആരും കണ്ടിരുന്നില്ല. കനപ്പെട്ട ഒരു നിഗൂഢതയില്‍ വലയം ചെയ്യപ്പെട്ട് അയാളവിടെ ജീവിച്ചു.
ഒരിക്കല്‍, എവിടെനിന്നെന്നറിയാതെ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതാണയാള്‍ അവിടെ. സംസാരശേഷി ഉണ്ടോ എന്നുപോലും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞ, മാന്യന്മാരുടെ പഴയ ക്ലബ്ബിലോ അടുത്തുള്ള കലുങ്കിന്റെ മേലോ അയാള്‍ എപ്പോഴുമുണ്ടായിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രം നീട്ടുന്ന കൈയില്‍ വീഴുന്ന നാണയങ്ങളില്‍ അയാളുടെ വിശപ്പ് തൃപ്തമായി.

യാക്കോബല്ലാതെ ആരുംതന്നെ അയാളെ ഒരു മനുഷ്യജന്മമെന്ന രീതിയിലെങ്കിലും ഒരിക്കല്‍പ്പോലും നോക്കിയിരുന്നോ എന്നുമറിയില്ല. കൃത്യമായി എന്നും രാവിലെ ഒമ്പതുമണിയോടടുത്ത് യാക്കോബിന്റെ കാന്‍വാസിനു മുമ്പില്‍ അയാള്‍ ഹാജരുണ്ടാകും. ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ആ ചിത്രത്തിലെ നരച്ച നിറങ്ങളില്‍ താന്‍ രൂപപ്പെട്ടുകിടന്നത് അയാള്‍ അറിഞ്ഞിരിക്കുമോ എന്നും ആര്‍ക്കറിയാം!

ആര്‍ക്കും വേണ്ടാതെ കിടന്ന ആ സ്റ്റുഡിയോയിലെ അസംഖ്യം ചിത്രങ്ങളില്‍ അവസാനത്തേതായി ആ ചിത്രവും സ്ഥാനം പിടിക്കുമായിരുന്നു.

അഞ്ചു ദിവസമായി തുടര്‍ന്നുപോന്ന നിരാഹാരം മുടക്കി ചുണ്ടിലേക്കു പകര്‍ന്നതിന്റെ ബാക്കി ഒരല്പം വിഷം മാത്രം യാക്കോബിന്റെ വലതുകൈയിലെ കുപ്പിയില്‍ അവശേഷിച്ചിരുന്നു. യാക്കോബിന്റെ വായുടെ ഇടതുകോണിലൂടെ കിനിഞ്ഞിറങ്ങി നിലത്തുപരന്ന രക്തം കണ്ടിട്ടും സ്ഥായിയായ നിര്‍വ്വികാരതയോടെ അയാള്‍ ചിത്രത്തേയും യാക്കോബിനേയും മാറിമാറി നോക്കുക മാത്രം ചെയ്തു. പിന്നെ പതുക്കെ വന്ന് യാക്കോബിന്റെ സമീപം, സ്വസ്ഥമായി മരണത്തിലേക്കു പോകാന്‍ അനുവദിക്കും പോലെ ഏറെനേരം വെറുതെ ഇരിക്കുക മാത്രം ചെയ്തു. കാരുണ്യത്തോടെ, യാക്കോബിന്റെ നെഞ്ചില്‍ കൈവെച്ച് അവസാനതുടിപ്പും നെഞ്ചകത്ത് ഒടുങ്ങിയമരുന്നത് അയാള്‍ തൊട്ടറിഞ്ഞു.

ഉച്ചവെയിലില്‍ , ഛായാചിത്രം വഹിച്ചുകൊണ്ട് ആ വിചിത്രരൂപി ചന്തയിലെ ചൂടുപിടിച്ച ആകാശത്തിന്റെ ചുവടെ നിന്നു. ഇരുകൈയും ഉയര്‍ത്തി തൊപ്പിക്കുമുകളില്‍ ചിത്രം പിടിച്ച് നിശ്ചലനായി അയാള്‍ നിലകൊണ്ടു. അയാള്‍ക്കു ചുറ്റും ഒരു ജനക്കൂട്ടം പരന്നു കിടപ്പുണ്ടായിരുന്നു.

എന്റെ സുഹൃത്തുക്കള്‍