അങ്ങേയറ്റം വിചിത്രമായിരുന്നു അയാളുടെ വേഷം. സായിപ്പിന്റേതുപോലുള്ള തൊലിയുള്ള അയാള്‍ ഏതു ദേശക്കാരനാണെന്നോ, ഭാഷക്കാരനാണെന്നോ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കൗബോയ് രീതിയിലുള്ള ഒരു തൊപ്പിയും, പഴകിപ്പൊളിഞ്ഞ് തുന്നിക്കൂട്ടിയ കറുത്തൊരു ഓവര്‍കോട്ടും മുഷിഞ്ഞ വെളുത്ത മുണ്ടും, രണ്ടുതരവും വലിപ്പവുമായ ചെരിപ്പുകളുമൊക്കെയായി അന്നും അയാള്‍ വരുമ്പോള്‍ യാക്കോബ് അവശതയോടെ, കണ്ണു തുറന്നു കിടക്കുകയായിരുന്നു. ഉറക്കുത്തിയ മച്ചിലേക്കു നോക്കി കിടക്കുമ്പോള്‍ മനസ്സിലുള്ളതിനെപ്പറ്റി അയാള്‍ക്കുപോലും വ്യക്തതയുണ്ടായിരുന്നില്ല. കണ്ണുകളില്‍ തളര്‍ച്ച വന്നു തൂങ്ങുമ്പോഴും ചിതലു പിടിച്ച്...