OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Sunday, December 12, 2010

പ്രണയമാണ് ഞാന്‍ സഖീ...

നീ എന്റെ ചുറ്റിനും
നിറയുന്ന ആകാശമാണ്.

നിന്റെ ഇളം നീലിമയില്‍
നിറയുന്നത് ഞാനാണ്.

നിന്നിലെ മഴവില്ലാകുന്നത്;
ഒരു നിമിഷം പോലും നിന്നെയുറക്കാതെ
നിന്നില്‍ പറക്കുന്ന ഓരോ പറവയുമാകുന്നത്;

ഏകാന്ത നിമിഷങ്ങളിലെ
മൗനത്തിന്റെ മുഴക്കമാകുന്നത്;

ചിന്തകളിലെ മഴമേഘങ്ങളും,
വെണ്‍മേഘങ്ങളുമാകുന്നത്...

... എല്ലാം!

* * * * *

നീ... എന്നെ വഹിക്കുന്ന കാറ്റാണ്.

നീ വരും വഴികളില്‍ നിനക്കായ്
പൂത്തുനില്‍ക്കുന്ന പൂക്കളാകുന്നത്;

നിന്നില്‍ നിറയുന്ന സുഗന്ധങ്ങളാകുന്നത്;
നിന്നിലൂയലാടുന്ന വല്ലികളാകുന്നത്;

നിന്റെ ചുംബനമേല്ക്കുന്ന മുളംതണ്ടിന്റെ
ഇങ്ങേത്തലയ്ക്കലെ സംഗീതമാകുന്നത്;

ഒരു വാതില്‍ കടന്ന് അവനില്‍ നിറയുമ്പോള്‍
നീയറിഞ്ഞ ഒരവ്യക്ത സാന്നിദ്ധ്യമാകുന്നത്...

... ഞാനാകുന്നു.

* * * * *

നീയെന്നെപ്പൊതിയുന്ന തെളിനീരാണ്
ഞാനോ!?...

നിന്റെ മഴക്കൂന്തലിലൊളിക്കുന്ന
തണുപ്പാണ്.

നിന്റെ നീരൊഴുക്കുകളുടെ
നൂപുരദ്ധ്വനിതാളമാണ്.

നിന്റെ കടലാഴത്തിലെ
ഉപ്പാണ്.

* * * * *

നീയെന്റെ ജീവന്റെ
അഗ്നിയാണ്!

ഇവന്റെ ഹൃദയച്ചിമിഴിലെരിയുന്ന നിനക്ക്
എണ്ണയും തിരിയുമാകുന്നത്;

നിന്റെ യാഗങ്ങള്‍ക്കു ഹവിസ്സാകുന്നത്...

ഈയാംപാറ്റകള്‍ പോലെ
നിമിഷക്കുരുന്നുകളെ നിന്നിലര്‍പ്പിക്കുന്നത്;

നിനക്ക് ചൂടാകുന്നത്;
വെളിച്ചമാകുന്നത്;
നിന്നെ നീയാക്കുന്നത് പോലും;

...ഞാന്‍ തന്നെയാകുന്നു.

* * * * *

നീ, എന്റെ കര്‍മ്മത്തിന്റെ ഭൂമികയാകുന്നു.
നീയെന്നെത്താരാട്ടുന്ന പ്രകൃതി!

നിന്റെ പുരുഷന്റെ ഹൃദയം
എന്റെ പാനപാത്രവും,
അവന്റെ ഉയിര്
എന്റെ അമൃതവുമായിരിക്കുന്നു.

ആദിയും അന്തവുമില്ലാത്തവനെങ്കിലും
ഞാന്‍
നിങ്ങള്‍ക്ക് കുരുന്നായിപ്പിറന്നിരിക്കുന്നു...

എന്റെ വേരുകള്‍ നിന്റെ
ആഴങ്ങളില്‍ പടര്‍ന്നിറങ്ങിയിരിക്കുന്നു.

ഞാന്‍ നിന്റെ പ്രണയമാകുന്നു...!!!

Thursday, October 7, 2010

സന്ദര്‍ശനം (അവസാനഭാഗം)

:: ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്കുക ::





തൊരു വീടിന്റെ ഔട്ട്ഹൗസായിരുന്നു. മുമ്പ് സോഫിയ നിന്നിരുന്നത് ലേഡീസ് ഹോസ്റ്റലില്‍ത്തന്നെയായിരുന്നു. അവിടത്തെ അസൗകര്യങ്ങള്‍ കാരണമാണ് മറ്റ് മൂന്നു പേരോടൊപ്പം ഇവിടേക്ക് താമസം മാറ്റിയത്.
രേഷ്മാസുനില്‍, പൂര്‍ണ്ണിമ, എലിസബത്ത്. പൂര്‍ണ്ണിമയുടെ അമ്മയുടെ, മെഡിസിനു പഠിക്കുമ്പോഴത്തെ ഏറ്റവുമടുത്ത സുഹൃത്തായിരുന്ന ഡോ: ആശാരമേഷിന്റേതായിരുന്നു കൊട്ടാരസമാനമായ ആ വീട്. പൂര്‍ണ്ണിമയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സോഫിയുടെ പപ്പ ഈ ഔട്ട്ഹൗസിലേക്കു മാറാന്‍ സമ്മതിച്ചത്. മുതിര്‍ന്നവരെ കയ്യിലെടുക്കാന്‍ മിടുക്കിയായ, പൂര്‍ണ്ണിമയോടുള്ള വാത്സല്യം കാരണം. ആര്‍മിയില്‍ മേജറായിരുന്ന അദ്ദേഹം മക്കളെയെല്ലാം പട്ടാളച്ചിട്ടയില്‍ത്തന്നെയായിരുന്നു വളര്‍ത്തിയിരുന്നതും.
ഡോ: ആശയുടെ ഇളയ അനുജന്റെ കുഞ്ഞിന്റെ ചോറൂണിന് ഗുരുവായൂരിലേക്ക് പോയതായിരുന്നു ഡോക്ടറും കുടുംബവും. കൃത്യം പത്തിനും പത്തേകാലിനുമിടയ്ക്ക് അവിടെയെത്തണമെന്നാണ് സോഫിയ, അയാളോട് പറഞ്ഞിരുന്നത്. പത്ത് പത്തിനാണയാള്‍ അവിടെയെത്തിയത്.
അയോളെ അകത്തേക്കാക്കി, വെപ്രാളത്തോടെ പുറത്തേക്കൊന്നു പാളിനോക്കി സോഫി വേഗം വാതിലടച്ചു കുറ്റിയിട്ടു. വെളുപ്പില്‍ ചുവന്ന പൂക്കളുള്ള മാക്‌സിയായിരുന്നു സോഫി ധരിച്ചിരുന്നത്.
രണ്ടുപേരുടെയും ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു. ഒരു കളവ് ചെയ്യുന്നതിന്റെ പകപ്പ് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളാല്‍ സോഫിയെ വലിച്ചടുപ്പിച്ചപ്പോള്‍ അവള്‍ തടഞ്ഞു. 'സെക്യൂരിറ്റി ഇപ്പോ വരും. അയാള്‍ വന്നുപോയിട്ടു മതി.'
തലവേദനയ്ക്കുള്ള മരുന്നിനായി അയാളെ ടൗണിലേക്കു വിട്ടതായിരുന്നു. കൂട്ടുകാരികള്‍ ക്ലാസ്സിലും പോയിരിക്കുന്നു. എല്ലാം അവര്‍ രണ്ടുപേരുംകൂടി മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു.
അല്പം കഴിഞ്ഞപ്പോള്‍, സെക്യൂരിറ്റി വന്നു. സോഫിയ പോയി വാതില്‍ തുറന്ന്, മരുന്നു വാങ്ങി. അയാള്‍ ജനല്‍കര്‍ട്ടന്റെ ഇടയിലൂടെ, പുറത്തുള്ളയാളെ ഒന്നു പാളിനോക്കി. നരച്ച, മെലിഞ്ഞൊരു വൃദ്ധന്‍.
സെക്യൂരിറ്റി ഗേറ്റു കടന്നപ്പോഴേക്കും സോഫിയയുടെ കൈകള്‍ പിന്നില്‍ നിന്നും അയാളെ വലയം ചെയ്തു.
അയാളുടെ തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പടര്‍ന്നു. കരുത്തുറ്റ കൈകളാല്‍ സോഫിയെ കോരിയെടുത്തു. തുരുതുരെ ചുംബനങ്ങള്‍... സോഫിയുടെ മുടിക്കെട്ടഴിഞ്ഞുവീണു.
അവളെയുംകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും അയാളുടെ കാലുകളുടെ വിറയല്‍ മാറിയിരുന്നില്ല. അയാളുടെ ചലനങ്ങളിലും പ്രവൃത്തികളിലും പരിഭ്രാന്തിയുണ്ടായിരുന്നു.
അവര്‍ മുല്ലവള്ളിയും തേന്മാവും പോലെയായി. അവള്‍ അയാളില്‍ പടര്‍ന്നുകയറി. നിശ്വാസങ്ങളുടെ ചൂടാല്‍ പരസ്പരം പുതപ്പിച്ചു.
മുങ്ങിനിവരുമ്പോള്‍, സ്‌നാനജലത്തിന്റെ അടരുകള്‍ക്കിടയില്‍ തെളിഞ്ഞ പടവുകളിലൂടെ കഥയന്വേഷിച്ചുപോയ ബാലനായി അയാള്‍.
കണ്ണുകള്‍ക്കു മുന്നില്‍ ഒരു ചെമ്പരത്തി തുടുത്തു.

* * *

അയാളുടെ നെറുകയില്‍ വാത്സല്യത്തോടെയെന്നവണ്ണം അവള്‍ ചുംബിച്ചു. ആ ചുംബനത്തില്‍ പൊള്ളുംപോലെ തോന്നി; അയാള്‍ക്ക്.
പതര്‍ച്ച വിട്ട് അയാള്‍ ഉണര്‍ന്നു.
അവന്റെ പ്രാണന്റെ ദാഹം തീര്‍ക്കാന്‍, അവളുടെ കണ്ണുകളില്‍ നിറഞ്ഞ വിഷം...
അടിത്തട്ടില്‍ പുളയുന്ന ലഹരി, കാമത്തിന്റെ അഗ്നി...

* * *

രാത്രി, ഹോസ്റ്റലിലെ കിടക്കയില്‍ ഉറക്കം വരാതെ പുലരുവോളം അയാള്‍ കിടന്നു.
അവള്‍ കന്യകയായിരുന്നു. ഇന്നലെയോളം...
അത് അയാളെ പൊറുതിമുട്ടിക്കാന്‍ പോന്നതായിരുന്നു.
അപ്പോള്‍, ഇതുവരെ കേട്ട കഥകളൊക്കെ...?

പുലര്‍ച്ചെയുള്ള ബസ് കയറി. വീട്ടിലെത്തുമ്പോള്‍ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു.
വീട് എന്നാല്‍, അമ്മയുടെ തറവാട്ടുവീട്.
ചിതല്‍ തിന്നു തുടങ്ങാത്തതായി ദാരിദ്ര്യം മാത്രമേയുള്ളൂ അവിടെ. ദിവസങ്ങളും മാസങ്ങളും വെറുതെ ജീവിച്ചുതീര്‍ക്കുന്ന കുറച്ചു ജീവനുകളും.
രാത്രി, ഇരുട്ടില്‍ ഉറക്കുത്തിയ മച്ചിലേക്ക് നോക്കി വെറുതെ കിടക്കുമ്പോഴും തലേന്നത്തെ പകല്‍, അതൊരു മധുരസ്മരണയാകേണ്ടതായിരുന്നിട്ടുപോലും അയാളെ മഥിച്ചുകൊണ്ടിരുന്നു.
ഹൃദയത്തിന്റെ അടിത്തട്ടോളം, ആത്മാവിന്റെ അകക്കാമ്പോളം അവള്‍ നിറഞ്ഞ്, ഓരോ നിമിഷവും ഒരു വിസ്‌ഫോടനത്തിന് തൊട്ടുമുമ്പെന്നപോലെ വലിഞ്ഞു മുറുകുമ്പോള്‍, അവള്‍ യുഗങ്ങളോളം തന്നെ മയക്കിക്കിടത്താന്‍ പോകുന്നുവെന്ന് ഭയന്ന്, കുതറി അയാള്‍ യാത്രയ്‌ക്കൊരുങ്ങി.
സര്‍ട്ടിഫിക്കറ്റുകളും, കുറച്ചു വസ്ത്രങ്ങളും നിറച്ച ബാഗും തൂക്കി ഇറങ്ങുമ്പോള്‍ അവ്യക്തമായ ഒരു ലക്ഷ്യം പോലും ഉണ്ടായിരുന്നില്ല.
മരവിച്ച രാപ്പകലുകള്‍ ഇഴഞ്ഞുനീങ്ങി കടന്നുപോയ്‌ക്കൊണ്ടിരുന്നു. ഒരവധൂതനെപ്പോലെ അലഞ്ഞു തീര്‍ക്കാനൊരുങ്ങിയ ജന്മമാണ്. യാദൃശ്ചികമായാണ് ജലന്ധറില്‍ വെച്ച് കിരണ്‍ചന്ദിനെ പരിചയപ്പെടുന്നതും അടുക്കുന്നതും. ഭൂതകാലത്തിന്റെ വേദനകളോ, ഭാവിയെപ്പറ്റിയുള്ള ആകുലതകളോ തന്നെ അലട്ടാനനുവദിക്കാത്ത കിരണാണ് വര്‍ത്തമാനകാലത്തില്‍ കാലുറപ്പിച്ച് ജീവിക്കാന്‍ അയാളെ പഠിപ്പിച്ചത്. പഠനം തുടരാന്‍ നിര്‍ബന്ധിച്ചത്... തന്നിലെ പഴയ മനുഷ്യനെ മറന്നുകളഞ്ഞ് പുതിയൊരു ജീവിതം തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്...
അതിന്റെ ഫലം അത്ഭുതകരമായിരുന്നുവെന്ന് അയാള്‍ തിരിച്ചറിയുമ്പോഴേക്കും ഉയര്‍ച്ചയുടെ പടവുകള്‍ ഏറെത്താണ്ടിക്കഴിഞ്ഞിരുന്നു.
അയാളുടെ ക്ലാസ്സിലിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായിരുന്നു.
തീര്‍ത്തും സ്വാഭാവികമായായിരുന്നു ഫേസ്ബുക്കിലൂടെ അനന്യ അയാളെ പരിചയപ്പെട്ടത്. ഫേസ്ബുക്കിലെ ഔപചാരികമായ കുശലങ്ങള്‍ക്കു ശേഷം തീര്‍ത്തും അവിചാരിതമായാണ് അനന്യയുടെ ആ മെയ്ല്‍ വന്നത്. രണ്ടാഴ്ചകള്‍ക്കു മുമ്പ്. അതിന് ഒരാഴ്ചമുമ്പാണ് അയാള്‍ ഈ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
ആ മെയില്‍ ഒരു നടുക്കമാണോ, ആഹ്ലാദമാണോ അയാളില്‍ സൃഷ്ടിച്ചതെന്ന് വ്യക്തമായി പറയാനാവില്ല.
അവള്‍ സോഫിയുടെ മകളായിരുന്നു.
അല്ല; അങ്ങിനെയല്ല പറയേണ്ടത്...
അയാളുടെ മകളായിരുന്നു.
തുടര്‍ച്ചയായ മെയിലുകളിലൂടെ, അയാള്‍ക്കപരിചിതമായിരുന്ന പുരാവൃത്തം ചുരുളഴിഞ്ഞുവന്നു.
ഗര്‍ഭിണിയാണെന്നറിഞ്ഞ് സോഫിയുടെ വീട്ടില്‍ ഒരു ഭൂകമ്പം തന്നെ ഉണ്ടായതാണ്. ആ ഗര്‍ഭം ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല.
അയാള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ വിഫലമായിട്ടും പിറന്ന പെണ്‍കുഞ്ഞിനെ അവളും വീട്ടുകാരും പൊന്നുപോലെ നോക്കി. പഠിപ്പിച്ചു.
സോഫിയെ അയാള്‍ ഒരിക്കലും തിരിച്ചറിയാതെ പോയതാതിരുന്നു. അയാള്‍ ഭയന്നൊളിച്ചതും, ശേഷം പലതും നേടിയെന്നഹങ്കരിച്ചതുമെല്ലാം വെറുതെയായിപ്പോയെന്നു തിരിച്ചറിഞ്ഞ് ഏറെ കരഞ്ഞു; സ്വയം പഴിച്ചു.
എല്ലാം ഏറ്റു പറഞ്ഞ് മാപ്പിരക്കാന്‍ അയാള്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു വരുമ്പോഴാണ്, ഒരു മാസം മുമ്പ് സോഫിയ മരണപ്പെട്ടിരുന്നു എന്ന വിവരം അനന്യ വെളിപ്പെടുത്തിയത്.
സ്വന്തം പാപഫലങ്ങളാകാം താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അയാള്‍ക്ക് തോന്നുന്നുണ്ടായിരുന്നു.
ഒരു പ്രായശ്ചിത്തത്തിനു പോലുമുള്ള വിധിയില്ലാതെ...
വേദന തിന്ന് തിന്ന് താനും ഇപ്പോള്‍ അവസാനിച്ചേക്കും. അനന്യയ്ക്ക്; തന്റെ മകള്‍ക്ക്, അമ്മയെ നഷ്ടപ്പെട്ടതിനു പിറകെ, എന്നും ഒരു നിരര്‍ത്ഥപദം മാത്രമായിരുന്ന അച്ഛന്‍ കൂടി...
അയാള്‍ക്ക് അസ്വസ്ഥത ഏറിവന്നു.
വിയര്‍പ്പില്‍ കുളിച്ച്, അയാള്‍ വിറച്ചുകൊണ്ടേയിരുന്നു... കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി... അത് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... കാഴ്ചകള്‍ മറച്ച് ഒരു വെളുത്ത തിരശ്ശീല മൂടുംപോലെ തോന്നി... അതിലാകെ സോഫിയ നിറഞ്ഞു... സോഫി മാത്രം... എങ്ങും സോഫി...

* * *

'റിലാക്‌സ്... കണ്ണു തുറന്നോളൂ...
ഇപ്പോഴെങ്ങനെയുണ്ട്?...'
അയാള്‍ മെല്ലെ കണ്ണു തുറന്ന് ചുറ്റും നോക്കി.
Dr. ജോസഫ് ചാക്കോയാണ്. കൂടെ ഡോ. മധുവും മൂന്നാലു സിസ്റ്റര്‍മാരുമുണ്ട്. ഐ.സി.യു.വിന്റെ ഉള്ളിലാണ്. ഡോ. മധു പുഞ്ചിരിച്ചുകൊണ്ടന്വേഷിച്ചു:
'ഇപ്പോള്‍ എന്തു തോന്നുന്നു...?'
'ഓ...! ഇല്ല, കുഴപ്പമൊന്നും തോന്നുന്നില്ല... സുഖകരമായ ഒരുറക്കം കഴിഞ്ഞ പോലെ മാത്രം...'
ഒന്നു സംശയിച്ച് അയാള്‍ ചോദിച്ചു...
'എന്നെക്കാണാന്‍ ആരെങ്കിലും...?'
ഡോക്ടര്‍മാര്‍ രണ്ടുപേരും പരസ്പരം നോക്കി.
ഡോ. ജോസഫ് ചാക്കോ എന്തോ സമ്മതിക്കും പോലെ തലയാട്ടി.
രണ്ടു അറ്റന്‍ഡര്‍മാര്‍ ചേര്‍ന്ന് അയാളെ സ്‌ട്രെച്ചറിലേക്കു മാറ്റി.
ICUവില്‍ മൂന്നാമത്തെ ബെഡ്ഡിനടുത്തേക്ക് ഡോക്ടര്‍മാര്‍ നടന്നു. പിന്നാലെ സ്‌ട്രെച്ചറിലുള്ള അയാളെയുംകൊണ്ട് അറ്റന്‍ഡര്‍മാരും സിസ്റ്റേഴ്‌സും.
പച്ച കര്‍ട്ടനുകള്‍ക്ക് പിറകില്‍ ആ ബെഡ്ഡിനു ചുറ്റും ഡോക്ടര്‍മാരും സിസ്റ്റര്‍മാരും കൂടി നില്‍ക്കുന്നുണ്ട്. അവരുടെ വെളുത്ത വസ്ത്രങ്ങള്‍ക്കിടയിലൂടെ ബെഡ്ഡില്‍ കട്ട പിടിച്ചു കിടക്കുന്ന രക്തമാണയാള്‍ ആദ്യം കണ്ടത്. പിന്നെയാണ് ഒരു പതിനെട്ടു പത്തൊന്‍പത് വയസ്സു തോന്നിക്കുന്ന ആ പെണ്ടകുട്ടിയെ കണ്ടത്.
ഈശ്വരാ... സോഫി... സോഫിയല്ലേയിത്...!
അയാള്‍ വിഭ്രമത്തില്‍ പെട്ടുപോയി. ശ്വാസം കിട്ടാന്‍ യത്‌നിക്കുമ്പോള്‍ വിടര്‍ന്നു വരുന്ന ആ വലിയ കണ്ണുകള്‍... ഫേസ്ബുക്കിലെ ആ കണ്ണുകള്‍ മാത്രമുള്ള പ്രൊഫൈല്‍ ഫോട്ടോ അയാള്‍ പെട്ടെന്നോര്‍ത്തു.
അനന്യ... അനന്യയല്ലേയിത്...?
സ്‌ട്രെച്ചര്‍ ബെഡ്ഡിനരികിലേക്ക് അടുപ്പിക്കപ്പെട്ടു. അയാള്‍ മെല്ലെ കൈകള്‍ നീട്ടി അനന്യയുടെ കൈവിരലുകളില്‍ തൊട്ടു.
ഹോസ്പിറ്റലിന്റെ കുറച്ചപ്പുറത്ത് അന്നു വൈകീട്ടു നടന്ന ആക്‌സിഡന്റില്‍ പെട്ടതായിരുന്നുവെന്നും, പ്രയാസപ്പെട്ടാണെങ്കിലും, ആ പെണ്‍കുട്ടി അയാളുടെ പേര് മാത്രമായിരുന്നു പറഞ്ഞുകൊണ്ടേയിരുന്നത് എന്നുമെല്ലാം ഡോ. ജോസഫ് ചാക്കോ പറയുന്നുണ്ടായിരുന്നെങ്കിലും, അയാള്‍ പക്ഷേ, ഒന്നും അത്ര വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നില്ല.
ഒരുവേള പിടഞ്ഞുകൊണ്ട് അവളുടെ കണ്ണുകള്‍ അയാളെ തൊട്ടു. കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ കണ്ണുകളുടെ നോട്ടം പിന്നെ അയാളുടെ മുഖത്തുനിന്നും മാറ്റിയതേയില്ല. ശരീരത്തിന്റെ വിറയല്‍ പൊടുന്നനെ നിലച്ചു. എന്നിട്ടും കണ്ണുകള്‍ അയാളുടെ മുഖത്തു തന്നെ പറ്റി നിന്നു.
മോണിറ്ററില്‍ തെന്നി നീങ്ങിക്കൊണ്ടിരുന്ന സിഗ്നല്‍ നിലച്ചു.
ഒരു നിലവിളി അയാളുടെ തൊണ്ടയില്‍ അമര്‍ന്നു പോയി. മോളേ.. എന്നൊന്നുറക്കെ വിളിക്കാനയാള്‍ക്കു കഴിഞ്ഞതേയില്ല...
ആ വിളിയൊന്നു കേള്‍ക്കാതെ അവളും...

. ................................. .

Monday, September 27, 2010

സന്ദര്‍ശനം

രുന്നിന്റെ ക്ഷീണത്തില്‍ ഒന്നു മയങ്ങിയുണര്‍ന്നപ്പോഴേക്കും വൈകുന്നേരമായിരിക്കുന്നു.
രണ്ടു ദിവസമായി പതിവിലേറെ സന്തോഷവാനായിരുന്നു, അയാള്‍.
ആശുപത്രിച്ചുവരുകള്‍ക്കിടയിലെ മടുപ്പിക്കുന്ന ഏകാന്തത അയാളെ അലോസരപ്പെടുത്തുന്നില്ല.
രാവിലെ വന്ന സിസ്റ്റര്‍ റേച്ചല്‍, താന്‍ സന്തോഷവാനായി കാണപ്പെടുന്നതില്‍ അവര്‍ക്കു സന്തോഷമുണ്ടെന്നും, കാരണമറിയാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞപ്പോള്‍ നിറഞ്ഞ പ്രസരിപ്പോടെ പറഞ്ഞു:
'അതെ.., ഞാന്‍ എക്‌സൈറ്റഡാണ്... എനിക്കൊരു വിസിറ്ററുണ്ട്.'
സിസ്റ്ററിന്റെ മുഖത്ത് നേരിയൊരു അമ്പരപ്പ് മിന്നി മറഞ്ഞുവെങ്കിലും അവരൊന്ന് പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്കു പോയി.
അയാള്‍ വളരെ പ്രശസ്തനായിരുന്നതിനാലും, സന്ദര്‍ശകരെ അനുവദിച്ചിട്ടുള്ള ചുരുങ്ങിയ സമയത്ത് അദ്ദേഹത്തെ കാണാനെത്തുന്ന ആളുകള്‍ വളരെയേറെ ഉണ്ടാകാറുള്ളതിനാലും ആയിരിക്കാം, ഒരു വിസിറ്ററെ പ്രതീക്ഷിച്ചുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് അവര്‍ക്കൊരു അമ്പരപ്പുണ്ടാക്കിയത്.

സന്ദര്‍ശകനെക്കാത്തുള്ള ഈ കിടപ്പ്...
അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റൊരതിഥിയെ അയാള്‍ ഭയപ്പെട്ടുകൊണ്ടിരുന്നു... ഒരോട്ടപ്പന്തയത്തില്‍, ഇനിയേറെ മുന്നോട്ടുപോകാനാവില്ലെന്നറിഞ്ഞും കിതച്ചുതളര്‍ന്ന് ഒരു ചാവാലിക്കുതിരയെപ്പോലെ താന്‍ വേച്ചുവേച്ച് മുന്നോട്ടു നീങ്ങുമ്പോള്‍ പിന്തുടര്‍ന്ന് അടുത്തടുത്തുവരുന്നതില്‍, ഏതാദ്യം തന്നിലേക്കെത്തുന്നു എന്നു പരിഭ്രമിച്ച് ഈ കാത്തിരിപ്പ്.

തിരക്കുപിടിച്ച അധ്യാപകജീവിതം മതിയാക്കി, പണ്ടെന്നോ മുറിഞ്ഞുപോയ എഴുത്തിനെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. രോഗം പിടിമുറുക്കിയതോടെ ആത്മവിശ്വാസം ചോര്‍ന്നുപോയി.
വിദേശ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരിക്കെ, അദ്ദേഹം പഠിപ്പിച്ച പല വിദ്യാര്‍ത്ഥികളും ചികിത്സയ്ക്ക് വിദേശത്ത് സൗകര്യം വാഗ്ദാനം ചെയ്തിട്ടും എല്ലാം നിരസിച്ചു.
ഇതൊരു വലിയ ഹോസ്പിറ്റലൊന്നുമല്ല. ഇതിന്റെ എം.ഡി. Dr. ജോസഫ് ചാക്കോ അയാളുടെ സുഹൃത്താണ്.
എത്ര വലിയ ആശുപത്രിയും തിരഞ്ഞ് പോയിട്ടെന്താണ്?
മരണം കാത്തുള്ള ഈ കിടപ്പിന് അല്പം നീളം കൂട്ടാം എന്ന സാധ്യതയല്ലാതെ, രോഗം കൃത്യമായി നിര്‍ണ്ണയിക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല.

അദ്ദേഹം മെല്ലെ ചരിഞ്ഞുകിടന്ന്, കൈയെത്തിച്ച് ലാപ്‌ടോപ്പ് അരികിലേക്ക് നീക്കിവെച്ച് ഓണ്‍ ചെയ്തു.
ഫേസ്ബുക്കിലെ മതിലെഴുത്തുകള്‍ പരിശോധിച്ചു. ഏറെയുണ്ട്. ആരെല്ലാമാണെന്ന് മാത്രം ഒന്നോടിച്ചു നോക്കി. എല്ലാം തന്റെ ആരോഗ്യകാര്യത്തിലുള്ള ഉത്കണ്ഠ നിറഞ്ഞത്...
മെയില്‍ബോക്‌സ് തുറന്നു നോക്കി. ഇന്‍ബോക്‌സില്‍ വായിക്കാതെ കിടക്കുന്നു, ഇരുന്നൂറിലേറെ മെയ്‌ലുകള്‍; ബസുകള്‍... അനന്യയെ മാത്രമാണ് തിരഞ്ഞത്. ഇല്ല, ഒന്നുമില്ല...
സൈന്‍ ഔട്ട് ചെയ്തു.
അവിടവിടെ നരച്ചുതുടങ്ങിയ താടി തടവി അയാള്‍ വെറുതെ കിടന്നു.
കണ്ണുകള്‍ ജനലിനപ്പുറത്തേക്കു നീണ്ടു. ജനലിലൂടെ നോക്കിയാല്‍ കാണാവുന്ന പേരറിയാത്ത മരത്തിന്റെ ഇലകള്‍ മഞ്ഞച്ചുതുടങ്ങിയിരിക്കുന്നു. ഇളംപച്ചയും മഞ്ഞയും ഇടകലര്‍ന്ന അതിന്റെ ഇലകളേയും ശിഖരങ്ങളേയും വെയില്‍ തിളക്കുന്നത് കണ്ടുകൊണ്ട് കിടന്നു. ഉച്ചയ്ക്കു ശേഷം ചെറുതായി മഴ പെയ്തിരുന്നു എന്നു തോന്നുന്നു...
ഇലകളൊന്നിളകി. പിറകെ ജനലിലൂടെ ഒരു കാറ്റ് വന്ന് അയാളുടെ നീണ്ട് അലസമായി കിടന്നിരുന്ന, കുറേശ്ശെ നരച്ചു തുടങ്ങിയ ചെമ്പന്‍ മുടിയിഴകള്‍ തൊട്ടു.

ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറമുള്ളൊരു പകല്‍...
ആ ഓര്‍മ്മകള്‍ ഹൃദയത്തില്‍ തുടിച്ചാര്‍ത്തു.
എന്നും ഒരു ഭീരുവായി, ഏതൊരോര്‍മ്മകളില്‍ നിന്നും ഓടിയകലാന്‍ ശ്രമിച്ചിരുന്നുവോ,... ആ പകല്‍...
ഉടലില്‍ ഒരു വിറയല്‍...

സോഫി... സോഫിയാ മാത്യു.
ക്യാമ്പസവളെ സോഫിയാ ലോറന്‍ എന്നു വിളിച്ചു.
മധുരിമയോളമോ, കവിതാ മോഹനോളമോ സൗന്ദര്യമൊന്നും അയാള്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരാവറേജ് സുന്ദരി.. അത്രമാത്രം.
പക്ഷേ, കോളേജിലെ മിക്കവാറും എല്ലാ പയ്യന്‍സിന്റെയും സ്വപ്നങ്ങളിലേക്ക് നേരെ കയറിപ്പോകാന്‍ മാത്രം എന്തോ ഒരാകര്‍ഷണീയത അവള്‍ക്കുണ്ടായിരുന്നു!
ഡിഗ്രി മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍, സുമനുമായിച്ചേര്‍ത്തായിരുന്നു സോഫിയയുടെ പേര് കേട്ടിരുന്നത്. സുമന്‍ അന്ന് എം.എ. മലയാളം രണ്ടാം വര്‍ഷമായിരുന്നു.
അടുത്തവര്‍ഷം, ബി.എസ്സ്.സി. മാത്‌സിലെ തോമസ് മാമ്മനുമായിച്ചേര്‍ന്നുള്ള കഥകള്‍ ഒരല്പം എരിവും പുളിയുമൊക്കെയായി ക്യാമ്പസില്‍ പറന്നു നടന്നിരുന്നു.
അതിന്റെ പ്രധാന പ്രൊമോട്ടര്‍ തോമസ് മാമ്മന്‍ തന്നെയായിരുന്നു.
ആ വര്‍ഷം, മുന്‍കാമുകന്മാര്‍ രണ്ടും കോളേജ് വിട്ട ശേഷമാണ് സോഫിയ അയാളുമായി ചങ്ങാത്തം കൂടുന്നതുപോലും.
ആയിടെയായിരുന്നു അയാളുടെ കവിതാ സമാഹാരം പുറത്തിറങ്ങിയത്.
സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ സധൈര്യം കലഹിക്കുന്ന; അകം തിളപ്പിക്കുന്ന ആഗ്നേയാക്ഷരങ്ങള്‍ അയാള്‍ക്കായി ആരാധകരെ നേടി.
അതുവരെ കാര്യമായി ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന അന്തര്‍മുഖനായ ഒരു വിദ്യാര്‍ത്ഥി ക്യാമ്പസിലെ ഏറ്റവും പ്രമുഖവ്യക്തിയാവുകയായിരുന്നു.
ഒരല്പം ബുദ്ധിജീവി നാട്യത്തോടെ നടന്നിരുന്ന അയാളോട് ഒരല്പം അധികസ്വാതന്ത്ര്യമെടുത്തുകൊണ്ടുള്ള സോഫിയയുടെ പെരുമാറ്റം കണ്ടപ്പോഴേ സുഹൃത്തുക്കള്‍ മുന്നറിയിപ്പു കൊടുത്തു: അടുത്ത ഇര.
പക്ഷേ, ആ പറഞ്ഞവരുടെയെല്ലാം കണ്ണുകളില്‍ മറഞ്ഞിരുന്ന അസൂയ കണ്ട് അയാള്‍ മനസ്സില്‍ ചിരിച്ചു.
സോഫിയ നീട്ടിയ പാനപാത്രം തട്ടിനീക്കുവാന്‍ മാത്രം ശക്തനായിരുന്നില്ല; അയാള്‍.

സോഫിയയുടെ കാമുകപരിവേഷം വന്നതോടെ ആരാധികമാരുടെ പ്രണയലേഖനങ്ങളുടെ ഒഴുക്ക് നിലച്ചു.
സുന്ദരികളുടെ ആത്മവിശ്വാസത്തെപ്പോലും സ്വാധീനിച്ച സോഫിയുടെ പ്രണയത്തില്‍ അയാള്‍ തുടിച്ചുനീന്തി.
പ്രണയം ഒരു വസന്തമായി എപ്പോഴും അയാളെ പൊതിഞ്ഞുനിന്നു. ഒരിക്കലും പൂക്കള്‍ വാടുകയോ, കൊഴിയുകയോ ചെയ്തില്ല.
അവളുടെ സാമീപ്യം ആസ്വദിച്ചലഞ്ഞുതീര്‍ത്ത പകലുകള്‍ക്കൊടുവില്‍, ഹോസ്റ്റല്‍ മുറിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍, ഉന്മാദം ബാധിച്ചവനെപ്പോലെ അയാള്‍ ഇരുട്ടില്‍ ഉണര്‍ന്നിരുന്ന് മനസ്സുകൊണ്ട് എന്തെല്ലാമോ ഭ്രാന്തുകളില്‍ മുഴുകി.
നെറ്റിയില്‍ വിയര്‍പ്പു പൊടിയുകയും, ഹൃദയം വല്ലാതെ മിടിക്കുകയും, ചിന്തകളില്‍ തീ പിടിക്കുകയും ചെയ്ത ആ നേരങ്ങളില്‍ ഉടലിനെയൊന്നുറക്കാന്‍ പാടുപെട്ട് തളര്‍ന്നു കിടക്കുമ്പോള്‍ അയാള്‍ ഉള്ളില്‍ തിരഞ്ഞു :
സോഫി തനിക്കാരാണ്?
ഉത്തരം തേടിയലഞ്ഞ രാപ്പകലുകള്‍ക്കൊടുവില്‍...



(തുടരും)

Wednesday, September 1, 2010

ഋതു

സന്ധ്യക്കുമുമ്പേ തുടങ്ങിയതാണ് പെണ്ണുങ്ങളെല്ലാവരും തകൃതിയായ ഒരുക്കങ്ങള്‍...
ശരിക്കും ഒരു കല്യാണത്തിന്റെ മട്ടൊക്കെത്തന്നെയാണ്.
വൈകുന്നേരം ഒരു നാലുമണിയൊക്കെ ആയപ്പോള്‍ത്തന്നെ ശാരികയ്ക്ക് ചോറുകൊടുത്തിരുന്നു. രാവിലെ മുതല്‍ മടുപ്പിക്കുന്ന ഒരേയിരുപ്പായിരുന്നു. ചാരുതയും ഷീനയും പരിസരങ്ങളിലൊക്കെ ചുറ്റിപ്പറ്റി നില്പാണ്. ശാരികയുടെ സ്ഥിതിയില്‍ ഒരല്പം സഹതാപമൊക്കെയുണ്ടെങ്കിലും പ്രധാനമായും ഉള്ളില്‍ ചെറിയൊരു അസൂയയും അവര്‍ക്കുണ്ടായിരുന്നു.കാരണം, മൂന്നു ദിവസമായി മുതിര്‍ന്നവരുടെ ഒരു പ്രത്യേക പരിഗണന ശാരിക്കുണ്ട്. ശാരി എട്ടാം ക്ലാസ്സില്‍ എത്തിയതേയുള്ളൂ. ചാരുവും ഷീനയും പത്തിലാണ്. പക്ഷേ, കണ്ടാല്‍ ശാരിക്കാണ് രണ്ടുപേരെക്കാളും മൂപ്പു തോന്നുക.
ചാരുത സ്‌കൂളിലെ പ്രധാന കായികതാരം കൂടിയാണ്. മൂവായിരം മീറ്റര്‍ ഓട്ടമാണവളുടെ ഇഷ്ടയിനം. എന്നും സ്‌കൂള്‍ വിട്ടശേഷം ഒരു മണിക്കൂറോളം സ്‌കൂള്‍ഗ്രൗണ്ടിലെ പ്രാക്ടീസിനു ശേഷമാണവള്‍ വീട്ടിലെത്തുക. ഷീനയുടെ വീട് ചാരുതയുടെയും ഷീനയുടെയും വീടിന്റെ തൊട്ടയല്‍പക്കത്താണ്.
ഈ മൂന്നു ദിവസവും സ്‌കൂള്‍ വിട്ടു വന്നാല്‍ മുഴുവന്‍ സമയവും ഷീന, ചാരുവിന്റെയും ശാരിയുടെയും വീട്ടിലായിരുന്നു.
വ്യാഴാഴ്ച, സ്‌കൂളില്‍ പോകാന്‍ നേരം തലവേദനയെന്നും പറഞ്ഞ് ശാരി കിടക്കുകയായിരുന്നു. സ്‌കൂളില്‍ പോകുന്ന കാര്യത്തില്‍ ശാരി ഒന്നാംതരം മടിച്ചി തന്നെയാണ്. അതിന് എന്തെങ്കിലും ന്യായങ്ങള്‍ കണ്ടെത്താനും അവള്‍ക്ക് പ്രയാസമില്ല.
അന്ന് വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നപ്പോള്‍ത്തന്നെ ചാരുതക്ക് പന്തികേട് അനുഭവപ്പെട്ടു. കാരണം, പട്ടരുപറമ്പിലെ ദേവകി അമ്മായിയും, കാളാട്ടെ ചെറിയമ്മായി സുധയും വീട്ടിലുണ്ട്. കിട്ടുന്ന അവസരങ്ങളിലെല്ലാം അമ്മയുമായി മുട്ടന്‍ വഴക്കായിരുന്നു രണ്ടും. പക്ഷേ, അന്ന് മൂന്നുപേരുംകൂടിയായിരുന്നു അടുക്കളപ്പണിയൊക്കെ. അമ്മായിമാര്‍ രണ്ടുപേരുടെയും ചെറിയ കുട്ടികള്‍ മാത്രമല്ല, അല്പം അകന്ന ബന്ധത്തിലുള്ള ശങ്കരിച്ചിറ്റ, പൊന്നാനിയിലെ മണിച്ചേച്ചി, രാധേടത്തി എല്ലാവരും ഹാജരുണ്ട്.
സ്വന്തം മുറിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ സുധമ്മായി വന്ന് ചാരുവിനെ തടഞ്ഞു.
'നീയിപ്പം അങ്ങട്ട് പോണ്ട. അനീത്തി ചേച്ചീനെ ഓവര്‍ടേക്ക് ചെയ്ത് ഇരിക്ക്ണ്ട്. ബാഗ് അപ്പൊറത്തെങ്ങാനും വെച്ച്, മാറ്റി അടുക്കളേലിക്ക് വാ.'
അമ്മായിമാര്‍ രണ്ടുപേരും ചേര്‍ന്ന് ശാരിയെ കുളിപ്പിക്കാന്‍ കൊണ്ടു പോകുമ്പോള്‍ അമ്മ ചാരുതയെ വിളിച്ചു.
'ഇയ്യ്യാ ചൂല്ട്ത്ത് ആ മുറ്യൊന്ന് അടിച്ച് വാര്. തുണി നനച്ച് നല്ലോണം മുറുക്കിപ്പിഴിഞ്ഞ് നെലം ഒന്ന് തൊടച്ചോ.'
മുറി വൃത്തിയാക്കിക്കഴിഞ്ഞപ്പോഴേക്കും അമ്മ ഒരു കുടത്തില്‍ പൂക്കുല വെച്ച് നെല്ല് നിറച്ചു. വിളക്ക് വെച്ച് പച്ചരിമാവ് കൊണ്ട് നിലം അണിയിച്ചു. ഓണത്തിന് തൃക്കാക്കരയപ്പനെ അണിയിക്കും പോലെ. ചാരുതക്ക് കാര്യങ്ങളെല്ലാം മനസ്സിലായി.
ശാരിക കല്യാണമായിരിക്കുന്നു!
അമ്മ തന്നെയാണ് ആളെവിട്ട് അമ്മായിമാരെയൊക്കെ വിളിച്ച് വരുത്തിയത്. കുളി കഴിഞ്ഞു വരുമ്പോള്‍ ശാരിക മഞ്ഞയില്‍ ചുവന്ന പുള്ളികളുള്ള മിഡിയും, ചന്ദനക്കളര്‍ ടോപ്പുമായിരുന്നു വേഷം. അമ്മായിമാര്‍ രണ്ടും അമ്മയോട്, ശാരിയെ തറ്റുടുപ്പിച്ചതിന്റെ തമാശകള്‍ വിവരിച്ചു.
പിന്നെ എല്ലാ മരങ്ങളും തൊടീച്ചാണ് അകത്തേക്ക് വന്നത്. തൊടിയിലെ തുളസിയും, വേപ്പും, തെങ്ങും, മാവും...
മുറിയില്‍ത്തന്നെ പലകയിട്ടിരുത്തി വാഴയിലയില്‍ ശാരിക്ക് ചക്കരച്ചോറ് വിളമ്പി.
കുറച്ചുകഴിഞ്ഞപ്പോള്‍ ഷീനയും അവളുടെ അമ്മയും കൂടി വന്നു. പിന്നെ ഒരുക്കലായിരുന്നു. കണ്ണെഴുതി, ചാന്ത് തൊട്ട്,.. എല്ലാറ്റിനും വിനീതവിധേയയായി ഇരിക്കുന്ന ശാരിയെ നോക്കി ചാരുതയും ഷീനയും അടക്കിച്ചിരിച്ചു.
പിന്നെ മൂന്നു ദിവസവും ശാരിക്ക് പുറത്തുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. മുറിയില്‍ ഒരേയിരിപ്പ് തന്നെ.
'മൂത്രമൊഴിക്കാനൊക്കെ പൊറത്ത് പോകുമ്പോ, ഇത് കയ്യില് വെക്കാന്‍ മറക്കര്ത്, ട്ടോ..' ദേവകിയമ്മായി ഒരു ഇരുമ്പാണി ശാരികയുടെ കൈയില്‍ കൊടുത്തു. രക്ഷയ്ക്കാണത്രെ!
ചാരുതയും ഷീനയുമെല്ലാം അടുക്കളയില്‍ തകൃതിയായ പണിയിലായിരിക്കുമ്പോള്‍ ശാരിക്ക് ശരിക്കും മടുപ്പാകുന്നുണ്ടായിരുന്നു. രണ്ടുമൂന്നു തവണ അടുക്കളവാതിലോളം അരിച്ചരിച്ച് ചെന്നതുമാണ്. അതിന് അമ്മായിമാരുടെ വായില്‍നിന്ന് കണക്കിന് കേള്‍ക്കുകയും ചെയ്തു.
ചാരുതയ്ക്കും ഷീനയ്ക്കുമായിരുന്നു അരവിന്റെ ഡ്യൂട്ടി. അമ്മിയില്‍ നിന്ന് അല്പം തോണ്ടിയെടുത്ത് ദേവകിയമ്മായി അരവിന്റെ പാകം നോക്കി.
'കാളന്ള്ളതല്ലേ? കണ്ണെഴുത്യാ തടയാന്‍ പാടില്ല്യ.'
ശങ്കരിച്ചിറ്റ വന്ന് മണ്ണാത്തിച്ചീരു വന്നെന്ന് പറഞ്ഞു.
മണ്ണാത്തിയാണ് മാറ്റ് വെയ്ക്കുക. വാഴപ്പോളയും കുരുത്തോലയും കൊണ്ടുണ്ടാക്കുന്ന, കളിപ്പാട്ടം പോലുള്ള ഒന്ന്.

.........................................................

രാവിലെ ശാരിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകും മുമ്പേ തന്നെ ഷീനയും ഹാജരായി. ഒരു ചെറുസംഘമായി കുളത്തിലേക്ക്. ചാരുവിന്റെയും ശാരിയുടെയും ഇളയവന്‍ അച്ചു മൂന്നിലാണ് പഠിക്കുന്നത്. അവനുമുണ്ട് ഒരു വെട്ടുകത്തിയുമായി. കല്യാണപ്പെണ്ണ് കുളിക്കാനിറങ്ങും മുമ്പ് കുളത്തില്‍ വെട്ടും. ശാരിയുടെ തലയില്‍ ഒരു കുമ്പിള്‍ എണ്ണ തേച്ചിട്ടുണ്ടാകും. ഉടലാകെ മഞ്ഞളു തേച്ചാണ് കുളി. മാറ്റൊഴുക്കിയത് കുളത്തിന്റെ അക്കരെയെത്തിക്കാന്‍ അച്ചു കല്ലെടുത്തെറിയുന്നതിന് സുധമ്മായി ശാസിച്ചു. പെണ്ണുങ്ങളുടെ കളിയാക്കലുകളില്‍ ചൂളി ഒന്നും മിണ്ടാതിരിപ്പാണ് ശാരി.
കുളി കഴിഞ്ഞു വന്ന് വാഴയില കൊണ്ട് വാ മൂടിയ കിണ്ടിയില്‍ നിന്നും, കൈയിട്ട് ഇലപൊട്ടിച്ച് ഒരിലപ്പൊതി ശാരി എടുത്തു. വാട്ടിയ വാഴയില കൊണ്ടുള്ള പൊതികളിലോരോന്നിലും നെല്ല്, തുളസി, മഞ്ഞള്‍, അരി, സ്വര്‍ണ്ണം, കരിക്കട്ട,.. ഒക്കെയാകും. ശാരിക്ക് കിട്ടിയത് മഞ്ഞളാണ്. ശങ്കരിച്ചിറ്റയാണ് പറഞ്ഞത്, മഞ്ഞള്‍ ഉത്തമമാണെന്ന്..

...........................................................

തലയില്‍ നിറയെ മുല്ലപ്പൂക്കളും വെച്ച്, പുതിയ കോടിയൊക്കെയിട്ട് വന്നപ്പോള്‍ ശാരിക്ക് എന്താ പത്രാസ്! വള്ളിക്കുന്നു നിന്ന് - അച്ഛന്റെ വീട് - നിന്ന് കൊണ്ടുവന്ന മറൂണ്‍ കളറിലുള്ള ലാച്ചയാണ് അവള്‍ ഇട്ടിരുന്നത്. പുതിയ ഉടുപ്പില്ലാത്തതിനേക്കാളും ചാരുവിന് വിഷമവും കുശുമ്പും തോന്നിയത്, ആകെ ഒന്നരമുഴം മുല്ലപ്പൂ മാത്രമാണ് അവള്‍ക്കും ഷീനക്കും കിട്ടിയത് എന്നതിലായിരുന്നു.
ഹും! ശാരിയുടെ തലയില്‍ ഒരാറുമുളമെങ്കിലും കാണും.
വീടിന്റെ വടക്കേപ്പുറത്തുവെച്ച് ഷീന ആരും കേള്‍ക്കാതെ ചാരുവിനെ വിളിച്ച് ചെവിയില്‍ പറഞ്ഞു:
'ശാര്യൂങ്കൂട്യായി...! ഇനിപ്പോ... നമ്മളായില്ലാന്ന്ച്ചാ... ഇനി ജീവിച്ചിര്ന്ന്ട്ട് കാര്യണ്ടോ!?
'.......................'
ഒരു പൊട്ടിച്ചിരി കേട്ട് രണ്ടാളും തിരിഞ്ഞ് നോക്കിയപ്പോഴുണ്ട്; മണിച്ചേച്ചി!
അത് ഒരു വള്ളിപുള്ളി വിടാതെ, പെണ്ണുങ്ങളുടെ സദസ്സില്‍ കൊണ്ടുപോയി കൈയും കലാശവും കാട്ടി അവതരിപ്പിച്ച് കയ്യടി വാങ്ങിയപ്പോഴാകും മണിച്ചേച്ചിക്ക് സമാധാനമായത്!

................................................................

അന്നു മാത്രമല്ല; പിന്നെ ആഴ്ചകളോളം ചാരുവിന്റെ പേടി അതു തന്നെയായിരുന്നു. താനിനി കല്യാണമാവാതിരിക്കുകയെങ്ങാനും...?
ശാരി എട്ടിലാണ്. താന്‍ പത്തിലും!

..................................................................

അതില്‍പ്പിന്നെ ഓരോ നാളും അവള്‍ക്ക് ചിന്തയുടെ കനം തൂങ്ങിയ നാളുകളായി.
ഒന്നു പൂക്കാന്‍ കഴിയാതെ, ഒരു പാഴ്മരമാകുമോ താനെന്ന ആധിയില്‍ ചാരു കൂടുതല്‍ മെലിഞ്ഞു വന്നു.
ഇളയ കുട്ടികളായ ശാരിയുടെയും അച്ചുവിന്റെയും അത്രയും പരിഗണന വീട്ടില്‍ നിന്നൊരിക്കലും അവള്‍ക്ക് അനുഭവിക്കാനായിരുന്നില്ല. എന്തോ അജ്ഞാതമായ കാരണത്താല്‍ താന്‍ തഴയപ്പെടുന്നു എന്നൊരു ഭയം ചാരുവിന് എന്നുമുണ്ടായിരുന്നു.
പ്രകൃതിയും തന്നെ ഒന്നു തൊടാന്‍ മടിക്കുന്നതെന്തേ?
സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അനിതടീച്ചര്‍ ഒരു ദിവസം ചാരുവിനെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു.
'ചാരുതയ്ക്ക് എന്താണു പറ്റിയത്? ഒരു ഉന്മേഷമൊന്നും കാണാനില്ലല്ലോ? ദാ, സബ്ജില്ലാ മീറ്റാണ് വരാന്‍ പോകുന്നത്. നിന്റെ പഴയ മിടുക്കൊക്കെ തിരിച്ചു വരണം. കഴിഞ്ഞ തവണ ഡിസ്ട്രിക്റ്റ് ഫസ്റ്റ് ജസ്റ്റാണ് മിസ്സായത്. മൂവായിരത്തില്‍ നമ്മുടെ സ്‌കൂള്‍ മൊത്തം നിന്നെ പ്രതീക്ഷിക്കുന്നുണ്ട്.'
'...........................................'
'എന്തു പ്രശ്‌നമുണ്ടെങ്കിലും എന്നോട് പറയാന്‍ മടിക്കണ്ട. നല്ലൊരു ഭാവിള്ള കുട്ട്യാ നീയ്.'
തിരിച്ച് പോരുമ്പോള്‍, ചാരു ആലോചിച്ചത് തനിക്കിതെന്താണ് സംഭവിച്ചത് എന്നായിരുന്നു. ഇപ്പോള്‍ പ്രാക്ടീസിന് അധികമൊന്നും ചെല്ലാറില്ല. അതാണ് അനിതടീച്ചര്‍ വിളിപ്പിക്കാന്‍ കാരണം.
ഇനി നല്ല തയ്യാറെടുപ്പോടെ വേണം സബ്ജില്ലാ മീറ്റിന് പോകാനെന്ന് അവള്‍ ഉറപ്പിച്ചു.
അതില്‍പ്പിന്നെ, സ്‌കൂള്‍ വിട്ടശേഷം ഗ്രൗണ്ടില്‍ ഒരു മണിക്കൂര്‍ പ്രാക്ടീസിനു ശേഷം മാത്രമാണ് ചാരു വീട്ടിലേക്കു പോകുന്നത്. ശാരി മറ്റു കൂട്ടുകാരുടെ കൂടെ വീട്ടിലേക്കു പോകുമ്പോള്‍ ഷീന ചാരുവിന് കൂട്ടായി അവള്‍ വരും വരെ ഗ്രൗണ്ടിനരികിലിരിക്കും. വേറെയും കുട്ടികള്‍ ഉണ്ടാകും പ്രാക്ടീസിനായി...

.......................................................................

സബ്ജില്ലയിലും ജില്ലയിലും ചാരുത മൂവായിരം മീറ്ററില്‍ ഒന്നാമതെത്തി. അവള്‍ സ്വയം പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.
ഇരുപതാം തിയ്യതി സംസ്ഥാന സ്‌കൂള്‍ മീറ്റ്. അതില്‍ സ്വര്‍ണ്ണം!
പാലക്കാടാണ് സ്റ്റേറ്റ് മീറ്റ്.
ട്രെയിനിലായിരുന്നു പാലക്കാട്ടേയ്ക്കുള്ള യാത്ര. കോയമ്പത്തൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയ്‌നായിരുന്നു. സൈഡിലെ സീറ്റായിരുന്നു ചാരുവിനിഷ്ടം. പക്ഷെ, അവിടെ റഷീദ്മാഷാണ്. അതിനടുത്ത് പത്ത് ഡി.യിലെ ഉമര്‍. ഷോട്ട്പുട്ടിനാണ് അവന്‍ മത്സരിക്കുന്നത്. പിന്നെ ചാരുത. അറ്റത്ത് ലതിക. അവളും പത്താം ക്ലാസ്സിലാണ്. ലോംഗ്ജംപ് താരം. എതിര്‍വശത്തെ സീറ്റിലാണ് അനിത ടീച്ചര്‍. ആ സീറ്റില്‍ പിന്നെ പൊള്ളാച്ചിയിലേക്കോ മറ്റോ പോകുന്ന മൂന്നംഗ മലയാളി കുടുംബം.
ലതിക ഇരിക്കുന്നതിന്റെ അപ്പുറത്തുള്ള ആളൊഴിഞ്ഞ ഒറ്റസീറ്റില്‍ സ്ഥലം പിടിക്കാനാകണം, ആരോ ഇട്ട പത്രം ചാരുത കൈയെത്തിച്ച് എടുത്തു. പഴയ പത്രമാണെങ്കിലും അവള്‍ നേരെ സ്‌പോര്‍ട്‌സ് പേജ് വെറുതെ മറിച്ച് നോക്കി.
ശാന്തി സൗന്ദരാജന്‍ ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്തയിലാണ് അവളുടെ കണ്ണുകളുടക്കിയത്.
ദോഹ എഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മത്സരിച്ച ശാന്തി ലിംഗപരിശോധനയില്‍ സ്ത്രീയല്ലെന്ന് ആരോപിക്കപ്പെട്ടതില്‍ മനം നൊന്ത് ആത്മഹത്യക്കു ശ്രമിച്ചു എന്ന വാര്‍ത്തയായിരുന്നു അത്.
വായിച്ചു കഴിഞ്ഞും പത്രം അലസമായി മടിയിലിട്ട് ചാരു തീവണ്ടിയുടെ ജനലിനപ്പുറം പിറകിലേക്കോടി മറയുന്ന പാലക്കാടന്‍ ഗ്രാമദൃശ്യങ്ങളില്‍ വെറുതെ കണ്ണയച്ചു.
അവള്‍ക്കെന്തോ, മനസ്സിനൊരു വല്ലാത്ത മുറുക്കം അനുഭവപ്പെടുന്നുണ്ടായിരുന്നു.
മങ്ങിയ വെയിലില്‍ തലപൊന്തിച്ച് നില്‍ക്കുന്ന കരിമ്പനകള്‍ക്കു മേലെ പെയ്യാതെ, ആകാശത്തില്‍ നിന്നും തൂങ്ങിക്കിടക്കുന്ന കറുത്ത മേഘങ്ങള്‍...
എങ്കിലും മഴ പെയ്യുമെന്ന് തോന്നിയില്ല.

......................................................................

റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുമ്പോഴും, ചാരുതയ്ക്ക് പ്രസരിപ്പ് തിരിച്ചു കിട്ടിയിട്ടുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്നവര്‍ ചിരിച്ചുകളിച്ച്, വളരെ സന്തോഷത്തോടെ പോകുമ്പോഴും, ചാരു തോളില്‍ തൂക്കിയിട്ട ബാഗിന്റെ വള്ളിയില്‍ വെറുതെ തിരുപ്പിടിപ്പിച്ച് ഒന്നും മിണ്ടാതെ നടക്കുകയായിരുന്നു.

......................................................................

സ്റ്റാര്‍ട്ടിംഗ് ബ്ലോക്കില്‍ കാലുകള്‍ ഉറപ്പിച്ച് കാതുകൂര്‍പ്പിച്ച് നില്‍ക്കുകയാണ് ചാരു.
ഇനി കാണികളുടെയും മറ്റു മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെയും ഒഫീഷ്യലുകളുടെയുമെല്ലാം ശബ്ദം കാതുകളില്‍ നിന്നും തുടച്ചു കളയണം...
Concentrate... Concentrate...!
കണ്ണുകള്‍ മുന്നില്‍, ഇടത്തോട്ടു വളഞ്ഞു പോകുന്ന കുമ്മായവരകളുള്ള ട്രാക്കില്‍ തറഞ്ഞുനിന്നു.
മൂവായിരം മീറ്ററുകള്‍ കുതിച്ചു പിന്തള്ളി ഏറ്റവുമാദ്യം റിബ്ബണില്‍ തൊടുന്നത് ചാരുതയാവണം.
ഓണ്‍ യുവര്‍ മാര്‍ക്ക്.....
'ദേ..., ഈ കുട്ടീടെ കാലീന്ന് ചോര...'
തൊട്ടുപിന്നില്‍ നിന്നും ഒരു കുട്ടിയുടെ ശബ്ദം.
ചാരുവിന്റെ ഷോട്‌സിനിടയിലൂടെ..., ഉള്ളംതുടയിലൂടെ, നിലത്തു തൊട്ടിരിക്കുന്ന കാല്‍മുട്ടിലൂടെ ഒരു ചുവന്ന വര മണല്‍ തൊട്ടു...
ഉടലില്‍ ഒരു വിറയല്‍ പടരുന്നത് അവളറിഞ്ഞു...

.......................................................................

അനിതടീച്ചര്‍ അവളുടെ തോളില്‍ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. അവരുടെ മനസ്സില്‍ സഹതാപമായിരുന്നു. നഷ്ടപ്പെട്ടുപോയ അവസരത്തിന്റെ വേദനയും...
ചുവന്ന ഷാള്‍ ചാരുവിന്റെ അരയില്‍ ചുറ്റിയിട്ടുണ്ടായിരുന്നു.
പവലിയന്നപ്പുറത്തെ തണല്‍മരത്തിന് കീഴിലെത്തിയപ്പോള്‍ കുറെ പൂക്കള്‍ ചാരുവിന്റെ ദേഹത്തും, ചുററിനുമായി കൊഴിഞ്ഞു വീണു.
തുടുത്ത, ചുവന്ന പൂക്കള്‍...
വാക പൂത്തിരിക്കുന്നു.

Sunday, August 22, 2010

എന്റെ സുഹൃത്തുക്കള്‍