OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

OOO

ചിന്തകളും, സ്വപ്നങ്ങളും, സങ്കല്പങ്ങളും സഹൃദയരായ സമാനമനസ്‌കരുമായി പങ്കുവെയ്ക്കാനൊരിടം.

Sunday, November 22, 2009

സുമിത്രേച്ചി (മൂന്ന്‌)

"നീയെന്തിനാ കണ്ടോരെട്ത്ത്ന്ന്‌ ഓരോന്ന്‌ വാങ്ങിത്തിന്ന്‌ണ്‌?"
അടുക്കളയിലേക്ക്‌ ചെന്നയുടനെ അമ്മയുടെ ചോദ്യം.
"കണ്ടോരോ! സുമിത്രേച്ചി തന്ന ഒരുണ്ണിയപ്പം തിന്നതിനാണോ?"
"ഒന്നിനാത്രം പോന്ന ചെക്കനാ. ചിന്തേം കഥേംല്ല്യാണ്ടായാൽ എന്താ ചെയ്യ്യാ..."
കഴുകുവാനുള്ള പാത്രങ്ങളെടുത്തു പോകുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്തായാലും കൂടുതൽ വിശദീകരിച്ചറിയാനൊന്നും നിൽക്കാതെ ഞാനെന്റെ മുറിയിലേക്ക്‌ മടങ്ങി. അമ്മയും സുമിത്രേച്ചിയും തമ്മിൽ എന്തോ പ്രശ്നമുണ്ട്‌ എന്നു തോന്നി. പക്ഷേ, സുമിത്രേച്ചിയോട്‌ അമ്മ നേരിട്ട്‌ അത്തരത്തിലൊന്നും പെരുമാറുന്നതായും കണ്ടില്ല. ഭക്ഷണത്തിൽ മായമെന്തെങ്കിലും പെട്ടിട്ടുണ്ടാകുമെന്നാണ്‌ അമ്മയുടെ ഭയമെന്ന്‌ പിന്നെയാണ്‌ മനസ്സിലായത്‌.
സുമിത്രേച്ചിയുടെ ദാമ്പത്യം അത്ര സുഖകരമല്ല. കണ്ടാൽ തോന്നുന്ന പോലെയൊന്നുമല്ല സുമിത്രേച്ചിയുടെ ഭർത്താവ്‌. അയാൾ ശരിക്കും ഒരു മുരടനാണത്രെ.
സംശയം...! അത്‌ രോഗാവസ്ഥയിലായിരുന്നു അയാൾക്ക്‌.
സുമിത്രേച്ചിയുടെ സൗന്ദര്യമാണ്‌ അയാൾക്കൊരു വെല്ലുവിളിയായി നിന്നത്‌.
കിഴക്കേതിലെ രാധേടത്തി ഇടക്ക്‌ മസാലയരക്കാൻ വരും. കറിക്കുള്ളതല്ല. ശുദ്ധ പരദൂഷണം.
കിഴക്കേ കോലായിലിരുന്ന്‌ അമ്മയും രാധേടത്തിയും ഒച്ചയടക്കി പറയുന്നതിലെ പൊട്ടും പൊടിയുമൊക്കെ കേട്ടാണ്‌ ഒരേകദേശ ധാരണ കിട്ടിയത്‌.
സുമിത്രേച്ചിയും ഭർത്താവും ലോഡ്ജിലാണത്രേ താമസം. അടുത്തൊരു വീട്ടിലുള്ള എന്റെ പ്രായക്കാരനൊരു പയ്യനെയും ചേർത്ത്‌ ചില കഥകളൊക്കെ കേട്ടിരിക്കുന്നത്രെ. അത്‌ ഇനി അയാളുടെ ഭാവനയോ, കൂട്ടുകാരോടുള്ള ചെറുക്കന്റെ വീമ്പുപറച്ചിലോ ആണോ എന്നു തിട്ടമില്ല.
ഏതായാലും PDCക്ക്‌ ഫാറൂഖ്‌ കോളേജിൽ അഡ്മിഷൻ കിട്ടി പോകുന്നത്‌ വരെ സുമിത്രേച്ചിയുമായി അധികമൊന്നും മിണ്ടാനും പറയാനും നിന്നില്ല. താൽപര്യമില്ലാഞ്ഞിട്ടൊന്നുമല്ല. എപ്പോഴും അമ്മയുടെ ഒരു നോട്ടം അവിടെ എല്ലായിടത്തുമുണ്ടായിരുന്നു. അമ്മയുടെ മുന്നിൽ മിടുക്കൻ കുട്ടിയാവാനുള്ള ഒരു ശ്രമം.
അല്ലെങ്കിൽത്തന്നെ തുടർപഠനത്തിന്റെ നല്ല സാധ്യതകളെല്ലാം വേണ്ടെന്നു വെച്ച്‌ നാട്ടിലെ ഏതെങ്കിലും കോളേജിൽ ചേർന്നാൽ മതി എന്ന എന്റെ വാശി, അച്ഛന്‌ ഒട്ടും പഥ്യമായിട്ടുണ്ടായിരുന്നില്ല. ഗൾഫിൽ നിന്നും വന്നിരുന്ന ഓരോ കത്തിലും അത്‌ ധ്വനിപ്പിച്ചിരുന്നെങ്കിലും അമ്മ എന്നെ അക്കാര്യത്തിലൊന്നു ഗുണദോഷിക്കാൻ പോലും നിന്നിട്ടില്ല. എന്റെ വഴികളൊക്കെ ശരിയായിരിക്കും എന്ന ഒരു വിശ്വാസമായിരുന്നു; എന്തോ അമ്മക്ക്‌ എക്കാലത്തും. ആ വിശ്വാസം എന്നും ദൃഢമാക്കി നിലനിർത്താൻ എനിക്ക്‌ അമ്മയുടെ മുന്നിൽ കൂടുതൽ നല്ല കുട്ടിയായിരുന്നേ മതിയാകുമായിരുന്നുള്ളൂ.
വീട്ടിൽനിന്നും ഒരു പത്തുമുപ്പത്തഞ്ചു കിലോമീറ്റർ ദൂരം മാത്രമേ കോളേജിലേക്കുള്ളൂ. എന്നും പോയിവരാം. എന്നിട്ടും ക്ലാസ്സ്‌ തുടങ്ങി രണ്ടു മാസത്തിനകം ഞാൻ ഹോസ്റ്റലിൽത്തന്നെ കൂടുകയായിരുന്നു.
പിന്നീട്‌ എന്റെ ചിന്തകളിലൊന്നും സുമിത്രേച്ചി അങ്ങനെ കാര്യമായൊന്നും കടന്നു വന്നിട്ടില്ല.
ഞാൻ ഡിഗ്രി മൂനാം വർഷമായിരിക്കുമ്പോൾ നാണുവേട്ടനും കാർത്ത്യായനിയേടത്തിയും ഇവിടുത്തെ പുരയിടം വിറ്റ്‌ ഇരിങ്ങാവൂരിൽ വീട്‌ വെച്ച്‌ അങ്ങോട്ട്‌ താമസം മാറ്റിയിരുന്നു.നാണുപ്പിള്ളയുടെ ചായക്കടയുടെ ഭാഗത്ത്‌, റെയിലിന്റെ ചാമ്പ്രയിലുള്ള ഇസ്മയിലിന്റെ ടീഷോപ്പ്‌ വന്നു.
എന്റെ പി.ജി. അവസാനിക്കുമ്പോഴേക്കും സുമിത്രേച്ചിയുടെ ജീവിതം ഒരു ദശാസന്ധിയിലെത്തിയിരുന്നു.
കിഴക്കേതിലെ രാധേടത്തിയാണ്‌ ആ വാർത്തയും കൊണ്ടുവന്നത്‌.സുമിത്രേച്ചിയെ ഭർത്താവ്‌ ഉപേക്ഷിച്ചു. പണിക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്ണിനെ അയാൾ കല്യാണവും കഴിച്ചത്രെ.
കിഴക്കേ കോലായിലിരുന്ന്‌ അമ്മയും രാധേടത്തിയും കൂടി ഇരുട്ടും വരെ ഉഗ്രൻ ചർച്ചയായിരുന്നു. മുമ്പുണ്ടായിരുന്ന ഓരോ കലഹങ്ങളുടെയും വിശദാംശങ്ങളും സംഭാഷണങ്ങളും സഹിതം രാധേടത്തിയുടെ ഒരു ചാക്യാർകൂത്തു തന്നെയുണ്ടായിരുന്നു.
മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി.
ഈ വേർപിരിയൽ സുമിത്രേച്ചിക്ക്‌ നല്ല രീതിയിലുള്ള ഒരു മാറ്റമായേക്കുമെന്നും തോന്നി.
പക്ഷേ, അവർക്കു കുട്ടികൾ മൂന്നാണ്‌. ആ മൂന്നു പെൺകുട്ടികളും സുമിത്രേച്ചിയുടെ കൂടെയാണ്‌.
നാണുപ്പിള്ള ശരിക്കും വൃദ്ധനായി മാറിയിരുന്നു. അയാൾ ഒറ്റക്കെങ്ങനെ കുടുംബം താങ്ങാനാണ്‌? ഒമ്പതിൽ തോറ്റ്‌ പഠനം അവസാനിപ്പിച്ച മകൻ കോട്ടികളിച്ചും,അങ്ങാടിയിലുള്ള ഒരു പീടികമുറിയിൽ കാരംസ്‌ കളിച്ചും നേരം കൊല്ലും.
സുമിത്രേച്ചി അടുത്തൊരു വലിയ വീട്ടിൽ വീട്ടുജോലിക്കു പോയിത്തുടങ്ങി.
രാധികേച്ചിയുടെ അമ്മയോ, കിഴക്കേതിലെ രാധേടത്തിയോ പുതിയ വാർത്തകളെന്തെങ്കിലും കൊണ്ടു വരുമ്പോൾ ഞാനും കാതു കൂർപ്പിക്കും.
സുന്ദരിയായ ഒരു വീട്ടുജോലിക്കാരിക്ക്‌ എന്തൊക്കെ സംഭവിച്ചുകൂടാ എന്ന്‌ ഞാൻ ഭയപ്പെട്ടുകൊണ്ടേയിരുന്നു.
പലപ്പോഴായി കിഴക്കേ കോലായിൽ അരങ്ങേറിയ രാധേടത്തിയുടെ കൂത്തുകളിലൊന്നും ഞാൻ ഭയപ്പെട്ട പോലുള്ള കഥകളൊന്നും കേട്ടില്ല.
ഇടക്കൊരിക്കൽ അറിഞ്ഞു: മക്കളെ അനാഥാലയത്തിലാക്കാൻ പോകുകയാണെന്ന്‌. അതിന്റെ ന്യായാന്യായ ചർച്ച്കൾ ഞാനേതായാലും കേൾക്കാൻ നിന്നില്ല.
പിന്നീടൊരിക്കൽ കേട്ടു: സുമിത്രേച്ചി ബംഗ്ലൂരിൽ ഒരു സമ്പന്ന മുസ്ലിം വീട്ടിൽ വേലക്കാരിയായി നിൽക്കുകയാണെന്നും, വീട്ടുടമ അവരെ മതം മാറ്റി അയാളുടെ മൂന്നാം ഭാര്യയാക്കി എന്നും; അതല്ല, കല്യാണം കഴിക്കാൻ പോകുന്നു എന്നും....
കേൾക്കുന്ന കഥകളെല്ലാം കുറെയേറെ അവ്യക്തമായിരുന്നു എല്ലായ്പേ്പാഴും.
ഒടുക്കം ഇന്നലെ കലൂരിൽ വെച്ചു കണ്ട സ്ത്രീ...
ഒരിക്കൽ എനിക്കേറെ പ്രിയങ്കരിയായിരുന്ന സുമിത്രേച്ചി പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി...
സുമിത്രേച്ചിക്ക്‌ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്നു വ്യക്തമാക്കാതെ കഥയവസാനിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല.
ഇതൊരു കഥയില്ലാക്കഥയായതിൽ ക്ഷമിക്കുക.
കാരണം, ഇതൊരു കഥയല്ലാക്കഥയാണ്‌!


Friday, October 2, 2009

സുമിത്രേച്ചി (രണ്ട്‌)

പിന്നീട്‌ വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ സുമിത്രേച്ചിയെ ഒന്നു കണ്ടാലായി.
ഇതിനിടയിൽ രാധികേച്ചിയുടെ വീടിന്റെ വടക്കേതിലെ കുഞ്ഞാക്കയുടെ പുരയിടം നാണുവേട്ടൻ വാങ്ങി അങ്ങോട്ടു താമസം മാറ്റിയിരുന്നു.
ഞാൻ പത്തിൽ പഠിക്കുന്ന കാലത്തായിരുന്നു സുമിത്രേച്ചിയുടെ കല്യാണം. അക്കൊല്ലത്തെ ഓണം കഴിഞ്ഞ സമയം.
ഹോസ്റ്റലിന്റെ പിറകുവശത്തെ പുളിമരച്ചോട്ടിലിരുന്ന് ദീപകിനോട്‌ ഞാൻ സുമിത്രേച്ചിയെപ്പറ്റി പറഞ്ഞു.
ഞങ്ങൾ കുട്ടികൾക്കൊപ്പം, പാവാടയും തെറുത്തുകയറ്റി തുമ്പപ്പൂവും നെല്ലിപ്പൂവും പറിക്കാൻ വരുന്ന; വടേരിക്കാട്ടിൽ, മരിച്ച കുട്ടിശങ്കരൻ നായരുടെ പ്രേതത്തെക്കണ്ട കഥ പറഞ്ഞ്‌ പേടിപ്പിക്കുന്ന സുമിത്രേച്ചിയെപ്പറ്റി...
നാളെ സുമിത്രേച്ചിയുടെ വിവാഹമാണ്‌.

എട്ടുപത്ത്‌ പേരുണ്ട്‌ ഞങ്ങളുടെ കുട്ടിഗ്യാങ്ങ്‌. അതിൽ എന്നോടായിരുന്നു സുമിത്രേച്ചിക്ക്‌ കൂടുതൽ ഇഷ്ടം എന്നു തോന്നിയിട്ടുണ്ട്‌. ഞാനൊരല്‌പം കൂടുതൽ നാണംകുണുങ്ങിയായതുകൊണ്ടായിരിക്കാം.

ഒമ്പതിലെ പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ.
പൂട്ടിപ്പോയ ചാരായഷാപ്പിന്റെ പൊളിഞ്ഞ, ചെറിയ കെട്ടിടമായിരുന്നു നാട്ടിലെ എന്റെ സുഹൃദ്‌സംഘത്തിന്റെ താവളം.
ഉടലു പൂത്തുതുടങ്ങുന്ന കാലമാണ്‌.
ജീവിതം ഒരുത്സവമാണെന്ന് ആദ്യമായി തിരിച്ചറിവു വരുന്നു...
അന്ന് ശരീരത്തിലും മനസ്സിലും കൊടിയേറ്റകാലമായിരുന്നു.
നാട്ടിലെ സുഹൃത്തുക്കളായ സലീമും ഗോപുവുമുണ്ട്‌ കൂടെ. പഴയ ചാരായഷാപ്പിന്റെ വരാന്തയിലിരിക്കുകയായിരുന്നു.
"എടാ, നാണുപ്പിള്ളേന്റെ മോള്‌ ഒരു സംഭവമാണല്ലേ...?"
"ഊം..?"
"സുമിത്രേയ്‌! കിടിലൻ ചരക്കാട്ടോ" ഗോപുവാണ്‌. സുമിത്രേച്ചിയെ അങ്ങനെ വിശേഷിപ്പിച്ചതിൽ ഗോപുവിനോട്‌ ഈർഷ്യ തോന്നി.
"നീ പോടാ..."
"നിന്റെ അയൽവാസിയല്ലേ? ഒന്ന്‌ ട്രൈ ചെയ്ത്‌ നോക്കടാ!"
"ഗോപൂ, നീ വെറുതെ വേണ്ടാത്തത്‌ പറയണ്ട. സുമിത്രേച്ചി എനിക്കങ്ങനെയല്ല..."
"ഓ പിന്നെ! എടാ, അവളു പോക്കാ...!"
"അതന്ന് നിന്നെ തല്ലാനോങ്ങിയതിന്റെ ചൊര്‌ക്കല്ലേടാ..." സലീം പറഞ്ഞത്‌ പുതിയ അറിവായിരുന്നു.സുമിത്രേച്ചി ഗോപുവിനെ തല്ലാനോങ്ങിയോ..!?
"എടാ, ഇവനിന്നാളൊരു ദിവസം ഒന്നു മുട്ടി നോക്കിയതാ! കാലിലെ ചെരിപ്പൂരി ഒന്നു കിട്ടേണ്ടതായിരുന്നു. ഇനി മേലാൽ ഈ കളിയെടുത്താൽ ഒറപ്പായും പൊട്ടിക്കുമ്ന്നാ പറഞ്ഞേ."
"ഹ! അവളൊരു ശീലാവതി. ആദ്യൊക്കെ അങ്ങനെത്തന്നെയാവും. നിനക്ക്‌ കാണാം.."
എനിക്ക്‌ ഗോപുവിനെ ഇടിച്ചു പരിപ്പിളക്കണമെന്ന് തോന്നി. പക്ഷേ, ഞങ്ങളുടെ രണ്ടുപേരുടെയും ആരോഗ്യസ്ഥിതി വെച്ച്‌ അത്‌ ആത്മഹത്യാപരമാകും എന്നുള്ളത്‌ കൊണ്ട്‌ ഞാനെഴുന്നേറ്റു.
"ഞാൻ പോവ്വാ!"
പോകുമ്പോൾ പിന്നിൽ നിന്നും ഗോപു വിളിച്ചു പറയുന്നുണ്ടായിരുന്നു:
"നീയൊരു ഓപ്പണിംഗ്‌ ഇട്ടു തന്ന മതി. ബാക്കി ഞാനായിക്കൊള്ളാം."
ഞാൻ ഒന്നും മിണ്ടാതെ പോന്നു.
ഇല്ല. സുമിത്രേച്ചിയെ എനിക്കൊരിക്കലും അത്തരത്തിൽ കാണാനാവില്ല. ആ ഗോപു ശരിയല്ല. അവനോട്‌ കമ്പനിയൊന്ന്‌ കുറയ്ക്കുന്നതാണ്‌ നല്ലത്‌.
വീടെത്തുവോളം മനസ്സിൽ അവൻ പറഞ്ഞതായിരുന്നു. ഗോപുവെന്ന സാത്താൻ പാപത്തിന്റെ പഴം നീട്ടി ഇതു കഴിക്ക്‌, ഇതു കഴിക്ക്‌ എന്നു പറഞ്ഞുകൊണ്ടേയിരുന്നു.
ഇനിയേതായാലും സുമിത്രേച്ചിയെ കാണാതിരിക്കുന്നതാകും നല്ലത്‌ എന്നു തീരുമാനിച്ചു. അവൻ വെറുതെ മനസ്സ്‌ കുത്തിമറിച്ചു!
ഇനി സുമിത്രേച്ചിയെ കാണുകയോ, മിണ്ടുകയോ വേണ്ട എന്നു തീരുമാനിച്ചെങ്കിലും സുമിത്രേച്ചിയുടെ വീട്ടിൽ കയറി അന്വേഷിച്ചപ്പോൾ ഇരിങ്ങാവൂർക്ക്‌ പോയിരിക്കുന്നു എന്ന് കാർത്ത്യായനിയേടത്തി പറഞ്ഞപ്പോൾ, മനസ്സിൽ തൊന്നിയതെന്താണ്‌!?
നാലു ദിവസം കഴിഞ്ഞ്‌ ഞാൻ സ്കൂളിലേക്ക്‌ തിരിച്ചുപോയി. ഇനി പത്താം ക്ലാസ്സാണ്‌. ക്ലാസ്സ്‌ തുടങ്ങാൻ രണ്ടു ദിവസം കൂടിയുണ്ട്‌. പോകുന്നതിനിടയിൽ സുമിത്രേച്ചിയെ കാണാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചു.
ദീപക്‌ ഹോസ്റ്റലിലെത്തിയ ഉടനെ എന്നെക്കാണാൻ റൂമിൽ വന്നു. ഞാനും ദീപകിനെ കാത്തിരിക്കുകയായിരുന്നു. അവൻ ഒരല്‌പം വായനയൊക്കെയുള്ള കൂട്ടത്തിലാണ്‌.
ചിന്തകളൊന്നും ഞങ്ങളുടെ പ്രായക്കാരുടേതല്ല. മുതിർന്നവരുടേതു പൊലെ പക്വതയുള്ള പെരുമാറ്റവും സംസാരവുമൊക്കെയാണ്‌. ഒരു വിദഗ്ധാഭിപ്രായം ചോദിച്ചറിയാൻ എനിക്കു പറ്റിയ ആൾ ദീപക്കാണ്‌.
"നന്ദൂ; നമ്മുടെയീ പ്രായത്തിൽ അങ്ങനെ പലതും തോന്നും. തോന്നിയില്ലെങ്കിൽ ചുറ്റുപാടുകൾ അങ്ങനെ തോന്നിപ്പിക്കും. പക്ഷേ, നല്ല ബന്ധങ്ങൾ മിസ്സ്‌യൂസ്‌ ചെയ്താൽ നമുക്കത്‌ നഷ്ടപ്പെട്ടുപോകും. ചിലപ്പോൾ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാകും ഉണ്ടാവുക. എനിക്കടുത്തു പരിചയമുള്ള പലർക്കും അങ്ങനെ പലവിധ പ്രശ്നങ്ങളും ഉണ്ട്‌."

ഏതായാലും അതോടുകൂടി, ഗോപു എന്ന സാത്താനെ മനസ്സിൽ നിന്നും ഞാൻ ഏറെക്കുറെ ചവിട്ടിപ്പുറത്താക്കി. (എന്നിട്ടും അവനൊരു നിഴലായി അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നോ!?)
പിന്നീട്‌ അറിയുന്നത്‌ സുമിത്രേച്ചിയുടെ കല്യാണമുറച്ചു എന്നാണ്‌.

ഞാൻ പത്തു കഴിഞ്ഞിട്ടാണ്‌ പിന്നെ സുമിത്രേച്ചിയെ കാണുന്നത്‌. അവരുടെ ഭർത്താവിനെ ആദ്യമായി കാണുന്നത്‌ സുമിത്രേച്ചിയെ പ്രസവത്തിന്‌ കൂട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ആഴ്ചയാണ്‌.
നല്ല ഉയരം കൂടിയ ഒരു ഇരുനിറക്കാരൻ. കാണാൻ അത്ര സുന്ദരനൊന്നുമല്ലെങ്കിലും മോശവുമല്ല. കഴുത്തിനൊരല്‌പം നീളക്കൂടുതലുണ്ടോന്നു മാത്രം. കൽപ്പണിക്കാരനാണ്‌. അല്‌പം റിസേർവ്വ്‌ഡ്‌ ക്യാരക്റ്ററായി തോന്നിയ കാരണം ഞാൻ സൗഹൃദത്തിനൊന്നും പോയില്ല.
രണ്ടു ദിവസം കഴിഞ്ഞ്‌ വേലിക്കൽ വെച്ച്‌ സുമിത്രേച്ചിയെ കണ്ടു.
ആറാം മാസത്തിൽത്തന്നെ സുമിത്രേച്ചിക്ക്‌ കുറച്ചു വലിയ വയറായിരിക്കുന്നു.
"നന്ദൂ... നിയ്യ്‌ വെല്ല്യ ആളായപ്പോ ഞങ്ങള്യൊക്കെ മറന്നു, ല്ലേ..?"
ഞാനിറങ്ങി വേലിക്കരികിലേക്കു ചെന്നു.
എന്റെ ബാല്യത്തിൽ കഥകളിൽ നിന്നും ഇറങ്ങിവന്ന് എനിക്ക്‌ കളിക്കൂട്ട്‌ തന്ന രാജകുമാരി,..
അല്‌പകാലം മുമ്പ്‌ വേനൽപകലുകളിൽ എന്റെ ചിന്തകളെ അസ്വസ്ഥമാക്കിയ സുന്ദരി...
നല്ല വെളുത്ത സുമിത്രേച്ചി ഒന്നുകൂടി വിളർത്ത പോലെ. വലിയ വയറുണ്ടെന്നല്ലാതെ, തടി ഒട്ടും കൂടിയിട്ടില്ല. സൗന്ദര്യത്തിനും കുറവില്ല.
"ഏയ്‌... ആരു പറഞ്ഞു! ഞാൻ പഴയ ആള്‌ തന്നെയാ. സുമിത്രേച്ചിയാ മാറിയത്‌..."
"നീ പോടാ... ഇപ്പഴും ഞാനല്ലേ ആദ്യം വിളിച്ച്‌ മിണ്ടീത്‌? വന്നിട്ട്‌ ഇത്രേം ദിവസത്തിനിടക്ക്‌ ഒന്ന് തിരിഞ്ഞ്‌ നോക്ക്യോ നിയ്യ്‌?"
"കോളേജിലൊക്കെ ആപ്ലിക്കേഷൻ അയക്കേണ്ട തെരക്കിലായിരുന്നു. അതോണ്ടല്ലേ?...... അല്ലാ, ആളെവിടെ? ഇവിടെണ്ടോ?"
"ഇല്ല്യ. പോയി. പണിള്ളതല്ലേ..."
"ഇന്യെന്നാ വര്‌ാ? ഞാനിതുവരെ ഒന്നു പരിചയപ്പെട്ടിട്ടില്ലല്ലോ!"
"എന്നാ വര്‌ാന്നറീല്ല. ഇനിപ്പങ്ങനെ വരവൊന്നുണ്ടാവില്ല. വന്നിട്ടെന്താ......."
പകുതിക്കുവെച്ച്‌ നിർത്തി, പെട്ടെന്ന് എന്തോ ഓർത്തപോലെ, "ഞാനിപ്പ വരാട്ടോ. നിയ്യിവിടെ നിക്ക്‌. തെരക്കൊന്നുല്ല്യല്ലോ?"
"ഇല്ല്യ."
"പ്പോ, വരാം!"
അടക്കിവെച്ചൊരു ദുഃഖം ഉള്ളിലുണ്ടെന്ന് പുറത്ത്‌ കാണിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും ആ കണ്ണുകളിൽ ഒരു വേദനാഭാവം മിന്നിമറഞ്ഞപോലെ തോന്നിയിരുന്നു. അതെനിക്കു വെറുതെ തോന്നിയതായിരിക്കാൻ ആഗ്രഹിച്ചു.
അകത്തുപോയ സുമിത്രേച്ചി മടങ്ങി വന്നത്‌ ചെറിയൊരു പാത്രം നിറയെ ഉണ്ണിയപ്പവുമായാണ്‌.
"ഇതെന്താദ്‌!?"
"ഉണ്ണിയപ്പം! ഇത്‌ കണ്ടാ അറിയാതിരിക്കാമ്മാത്രം പരിഷ്ക്കാരൊക്കെ ആയോ നെനക്ക്‌?"
"അതല്ല; എന്തിനാപ്പോ ഇതൊക്കെ?"
"ഇന്ന് രാവിലെ ഞാന്‌ണ്ടാക്ക്യേതാ. നോക്ക്‌, ചൂട്‌ വിട്ടിട്ടില്ല്യ. ഉണ്ണിയപ്പം നല്ല ഇഷ്ടായിര്‌ന്നല്ലോ ചെറ്‌പ്പത്തില്‌"
"ഉം..!"
ഞാനതിൽനിന്നും ഒരെണ്ണമെടുത്തു.
"മതി."
"ഓ.. നീയൊര്‌ വെല്ല്യ ആള്‌! ഇത്‌ മുഴുവൻ വാങ്ങെടാ ചെക്കാ!"
സുമിത്രേച്ചിക്കുവേണ്ടി ഞാനൊരെണ്ണം കൂടി എടുത്തു.
"മതി സുമിത്രേച്ചി! ചെറുപ്പത്തിലെ വല്ല്യെ ഇഷ്ടക്കാരനായിരുന്നു ഈ ഉണ്ണി! പക്ഷേ, ഇപ്പോ അത്രക്കൊന്നുല്ല്യ."
"ശര്യാ. നീ വെല്യ ആളായ കൂട്ടൊന്നും നിക്കുംല്ല്യ. പക്ഷേ, ചെറ്‌പ്പത്തിലെ ഇഷ്ടങ്ങളൊക്കെ ഇനിക്ക്‌ തിരിച്ച്‌ വര്‌ാ. ദാ, ഇയ്യാൾക്കേ..."
ഞാൻ പറഞ്ഞതിലെ മുള്ള്‌ മനസ്സിലാക്കാതെ, സ്വന്തം വയറിന്മേൽ തൊട്ട്‌ സുമിത്രേച്ചി നിഷ്കളങ്കമായി ചിരിച്ചു.
"നന്ദൂ......."
അമ്മ വിളിക്കുന്നുണ്ട്‌.
"പോട്ടെ, സുമിത്രേച്ചി... ഇന്ന് മലപ്പുറം കോളേജിലുംകൂടി പോകാന്‌ണ്ട്‌. നാളെയാണ്‌ അപേക്ഷ കൊട്‌ക്കേണ്ട ലാസ്റ്റ്ഡേറ്റ്‌."
"ഉം, ശരി!"
തിരിച്ചു വീടിന്റെ സിറ്റൗട്ടിലേക്ക്‌ കയറും മുമ്പ്‌ ഞാനൊന്ന് തിരിഞ്ഞ്‌ നോക്കുമ്പോൾ കണ്ടു; സുമിത്രേച്ചി ഇപ്പോഴും വേലിക്കൽത്തന്നെ പാത്രം പിടിച്ച്‌ നില്‌ക്കുന്നുണ്ട്‌.

(തുടരും)

Monday, September 28, 2009

സുമിത്രേച്ചി (ഒന്ന്‌)

"അമ്മേ, സുമിത്രേച്ചി ഇപ്പോ എവിടെയാ?"
"ഏത്‌? നാണുപ്പിള്ളേടെ സുമിത്രയോ?"
"ആങ്‌!"
"ഓ! ആർക്കാ അറിയ്‌വാ അവളെ കാര്യൊക്കെ...! എന്തേപ്പൊ നീ അന്വേഷിക്കാൻ?"
"ഒന്നുല്ല്യ. ഞാനിന്നലെ കലൂര്‌ വെച്ച്‌ ഒരു സ്ത്രീയെക്കണ്ടു. ഒരു നോട്ടം! സുമിത്രേച്ചി ആണോന്ന് സംശയിച്ച്‌ ഒന്നുകൂടി നോക്കിയപ്പോ കാണാനൂല്ല്യ. എന്റെ ബസ്സ്‌ എടുക്ക്വേം ചെയ്തു."
എന്തോ ഓർത്തു നിന്ന് ഒരു ദീർഘനിശ്വാസത്തോടെ അമ്മ അകത്തേക്ക്‌ പോയി. അമ്മ പിന്നീട്‌ ഒന്നും അന്വേഷിക്കാൻ താല്‌പര്യം കാണിച്ചില്ല.
ഇന്നലെ എറണാകുളത്ത്‌ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. തിരിച്ചു വരും വഴിയാണ്‌ സുമിത്രേച്ചിയെ കണ്ടത്‌. സുമിത്രേച്ചി തന്നെയാണോ എന്ന് നിശ്ചയമില്ല. നിറം ഒരല്‌പം ഇരുണ്ടിരിക്കുന്നു. എണ്ണമയമില്ലാത്ത മുടി കെട്ടിവെച്ച്‌, വൃത്തിയില്ലാത്ത ഒരു പഴയ സാരിയുടുത്ത ഒരു സ്ത്രീ.
ആ മൂക്കുത്തിയാണ്‌, സംശയം തോന്നാനുള്ള കാരണം...
വേറെ വിവാഹം ചെയ്യാൻ വേണ്ടി, ഭർത്താവ്‌ വീട്ടിൽ നിന്നും ഇറക്കിവിട്ട മലപ്പുറത്തെ ഒരു സ്ത്രീയെയും കുട്ടികളെയും പറ്റിയുള്ള വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ്‌ ഇന്ന് വീണ്ടും സുമിത്രേച്ചിയെ ഓർത്തത്‌!
ഞാൻ നാലാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്‌ സുമിത്രേച്ചി ഞങ്ങളുടെ അയൽവക്കത്ത്‌ താമസമാക്കുന്നത്‌.
അഹമ്മദാബാദിൽ ഹോട്ടൽ പണിക്കാരനായിരുന്ന നാണുവേട്ടന്റെ വിവാഹാലോചന കാർത്ത്യായനിയേട്ത്തിക്ക്‌ വന്നത്‌ തന്നെയായിരുന്നു അന്ന് നാട്ടിലെ ചൂടുള്ള വർത്തമാനം. ചൊവ്വാദോഷം കാരണം കല്ല്യാണം നടക്കാതിരുന്ന കാർത്ത്യായനിയേടത്തി ആദ്യമായി നാട്ടിൽ ചർച്ചാവിഷയമായി.
"അവളുടെ ഭാഗ്യം...!"
"എന്താ അയാളെ പത്രാസ്‌! പട്ടാളക്കാരെപ്പോലെള്ള കാലൊറ്യൊക്കെ ഇട്ടാ വന്നത്‌. കറുത്ത കണ്ണടേം..."
"ഇനിപ്പവൾക്ക്‌ സുഖായല്ലോ! ഗുജറാത്തൊക്കെ കാണാലോ..."
"രണ്ടാം കെട്ടാണേലും തെറ്റൊന്നുല്ല്യ. ഒരു മോള്‌ണ്ട്‌ന്നെല്ലേള്ളൂ..."
"പെണ്ണിനെ കെട്ടിക്കാൻ പ്രായായിരിക്കുണൂത്രേ..."
"കാർത്ത്യേനിക്കിപ്പോ മുപ്പത്തഞ്ചോ,... മുപ്പത്താറോ?"
കുളപ്പടവുകളിലും ചായക്കടയിലും വേലിയരികുകളിലും ചർച്ചകൾ നടന്നു.
ഇരുപത്‌ കൊല്ലത്തോളം മുമ്പുള്ള എന്റെ നാടിന്‌ നാണുവേട്ടൻ ചർച്ച ചെയ്യാൻ മാത്രം ഒരദ്ഭുതകാര്യമായിരുന്നു.
അന്ന് സ്കൂൾ വിട്ടു വന്നപ്പോൾ ഹമീദ്‌ നാണുവേട്ടനെ വർണ്ണിച്ചപ്പോൾ കാണാനൊക്കാഞ്ഞതിൽ എനിക്കു കുണ്ഠിതം തോന്നി. ഹമീദ്‌ മടിയനാണ്‌. സ്കൂളിൽ വരാറില്ല. എങ്കിലും ഇന്നത്തെ അവധി കൊണ്ട്‌ അവന്‌ കാര്യമുണ്ടായി.
ബെൽബോട്ടം പാന്റും, വലിയ ഷൂസും, കൂളിംഗ്‌ ഗ്ലാസ്സും ചുവന്ന ഷർട്ടും... കോളറിനും പോക്കറ്റിനുമൊക്കെ വെള്ള...
അപ്പുക്കുട്ടേട്ടന്റെ ചായക്കടക്കു മുമ്പിലൊട്ടിച്ച സിനിമാപോസ്റ്ററിലെ ജയൻ ആയിരുന്നു മനസ്സിൽ! ഹൊ! എന്തൊരു ഗാംഭീര്യമാകും നാണുവേട്ടന്‌...
കല്യാണത്തിനാണ്‌ ഞാൻ നാണുവേട്ടനെ ആദ്യമായി കാണുന്നത്‌. ശരിക്കും ഞാനാകെ നിരാശനായി.
ഒരു മെലിഞ്ഞ സാധാരണ മനുഷ്യൻ. കാർത്ത്യായനിയേടത്തിയുടെ അത്രേം പൊക്കം പോലുമില്ല. അല്‌പം ഇരുണ്ട ഇരുനിറം... ഇതാണ്‌ എല്ലാവരും പറഞ്ഞ്‌ പൊലിപ്പിച്ച പുതിയാപ്ല!
അന്നാണ്‌ സുമിത്രേച്ചിയേയും ആദ്യം കാണുന്നത്‌. സത്യത്തിൽ അന്നത്തെ സൂപ്പർതാരം സുമിത്രേച്ചിയായിരുന്നു. ചെമ്പകപ്പൂവിന്റെ നിറം. വട്ടമുഖം, സ്വർണ്ണമൂക്കുത്തി, ചന്തിക്കൊപ്പം ചെറിയ ചുരുളിച്ച്യുള്ള സമൃദ്ധമായ മുടി... ശരിക്കും കഥകളിൽ നിന്നിറങ്ങിവന്ന ഒരു രാജകുമാരിയെപ്പോലെ!
ഒമ്പതിലാണ്‌ പഠിക്കുന്നത്‌. അടുത്തു പോയൊന്ന്‌ നോക്കാൻ തോന്നിയെങ്കിലും എനിക്ക്‌ നാണമായിരുന്നു...
കല്യാണം കഴിഞ്ഞ്‌ കാർത്ത്യായനിയേടത്തിയേയും കൊണ്ട്‌ ഇരിങ്ങാവൂരേക്ക്‌ പോയെങ്കിലും ഒരു മാസത്തോളം കഴിഞ്ഞ്‌ അവർ കാർത്ത്യായനിയേടത്തിയുടെ വീട്ടിൽത്തന്നെയായി താമസം.
പിന്നെപ്പിന്നെ നാണുവേട്ടൻ നാട്ടിലാർക്കും ഒരു വിഷയമേയല്ലാതായി!
സുമിത്രേച്ചിയുടെ അമ്മ മരിച്ചുപോയെന്നാണ്‌ ആദ്യം പറഞ്ഞു കേട്ടതെങ്കിലും അവർ വേറെയൊരാളുടെ കൂടെ പോവുകയാണുണ്ടായതെന്ന്‌ നാട്ടിലെ രഹസ്യാന്വേഷണവിഭാഗം കണ്ടുപിടിച്ചു.
അതുപോലെ നാണുവേട്ടന്‌ ഹോട്ടൽ കച്ചവടമല്ല; പൊറോട്ടയടിക്കലായിരുന്നു പണി.
ഗുജറാത്തിൽ നിന്നും എല്ലാം വിറ്റു പെറുക്കിയാണ്‌ വന്നത്‌. ഇനി ഗുജറാത്തിലേക്കില്ല.
ഉണ്ടായിരുന്ന കാശിന്റെ ഭൂരിഭാഗവും ഇരിങ്ങാവൂരെ ബന്ധുക്കളെല്ലാം വസൂലാക്കി. രണ്ടു പെങ്ങന്മാർക്കും നാണുവേട്ടൻ അഞ്ചു സെന്റ്‌ വീതം വാങ്ങിക്കൊടുത്തിരുന്നു.
ഏതായാലും ആ പെങ്ങന്മാരുടെ കഴിവു കൊണ്ടാണുപോലും രണ്ടാം മാസം ഭാര്യവീട്ടിലേക്കു താമസം മാറേണ്ടി വന്നതും...
കാർത്ത്യായനിയേടത്തിയുടെ ഏട്ടന്റെ മകളാണ്‌ രാധികേച്ചി. രാധികേച്ചിയും ഞാനും അതുവരെ നല്ല കൂട്ടായിരുന്നു.
രാധികേച്ചിക്ക്‌ കൊത്തംകല്ല് കളിക്കാനും, കക്ക്‌ കളിക്കാനും ഇപ്പോൾ സുമിത്രേച്ചിയായി.
എനിക്ക്‌ എന്തോ, അങ്ങോട്ടു പോകാൻ നാണമായിരുന്നു. പിന്നെ പതിയെപ്പതിയെ ഞാനും അവരുടെ കളിക്കൂട്ടത്തിലേക്ക്‌ ചേർന്നു. എനിക്കു മുമ്പേ, എന്റെ സഹപാഠികളായ ഗിരിയും ഹമീദുമൊക്കെ സുമിത്രേച്ചിയുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
അടുത്തപ്പോഴല്ലേ അറിയുന്നത്‌!
ഈ സുമിത്രേച്ചി ഒരു കാന്താരിയാണ്‌!
ശരിക്കും നല്ല എരിവുള്ള കാന്താരി...
കക്ക്‌ കളിക്കുമ്പോ കാല്‌ രണ്ടും നിലത്തു കുത്തും. എന്നാലൊട്ട്‌ സമ്മതിച്ചു തരികയും ഇല്ല. കല്ല്‌ കളിക്കുമ്പോഴും കള്ളക്കളി.
എല്ലാം സമ്മതിക്കാം
പക്ഷേ,...
"നിന്നെയാ ഞാൻ കല്യാണം കഴിക്ക്യാ..." എന്നുള്ള ഭീഷണിയാണ്‌ പറ്റാത്തത്‌.
ഒരു സുന്ദരിപ്പെണ്ണ്‌ അങ്ങനെ മുഖത്ത്‌ നോക്കി പറയുമ്പോൾ ഇത്തിരിയില്ലാത്ത ഞാൻ എങ്ങനെ കിടുങ്ങാതിരിക്കും!
നാണം തോന്നും എനിക്ക്‌! പക്ഷേ, അതു പുറത്തേക്ക്‌ കാണിക്കില്ല, അതിനു ഭയമാണ്‌...
എന്റെ പരവേശം കാണാനായിട്ടാകണം സുമിത്രേച്ചി പല തവണ ഈ ഭീഷണി മുഴക്കിയിട്ടുണ്ട്‌.
ചിലപ്പോ കണ്ണടിച്ചു കാണിക്കും! ഒരു കണ്ണടച്ച്‌.
ഞാനേതായാലും കമ്പനി ഒരല്‌പം കുറച്ചു.
അപ്പോഴാണ്‌, നവോദയ സ്കൂളിൽ അഡ്‌മിഷൻ കിട്ടി എനിക്ക്‌ നാട്ടിൽ നിന്ന് പോകേണ്ടി വന്നതും!



തുടരും...

Monday, September 21, 2009

ഒരു കിടപ്പറക്കഥ

"മുല്ല പൂത്തിരിക്കുന്നു." ജനാലയടയ്ക്കുമ്പോൾ പുറത്തേക്കു നോക്കി ഗന്ധം നുകർന്ന്‌ അവൾ പറഞ്ഞു.
രാത്രിയാണതു പൂക്കുക. ഏറെ ദൂരേക്കുവരെ ഗന്ധമുണ്ടാകും.
"നീ വാ... ജനാലയടച്ച്‌...!" ഞാനവളുടെ വിരലുകളിൽ പിടിച്ചു വലിച്ചു.
തലയൊന്നു ചെരിച്ച്‌ നേരിയ അവിശ്വസനീയതയോടെ അവളെന്നെ നോക്കി. എന്റെ കണ്ണുകളിലെ വറ്റാത്ത കുസൃതിച്ചിരി കണ്ട്‌ അടുത്തു വന്നു ചോദിച്ചു: "എന്താപ്പോ ഒരിളക്കം പതിവില്ലാതെ..."
അരയിൽ കൈ ചുറ്റി കട്ടിലിലേക്കവളെ വീഴ്ത്തുകയായിരുന്നു എന്നു പറയുകയാവും ശരി. ചുണ്ടുകൾ അവളുടെ മുഖം നിറയെ പരതി നടന്നു.
ദുർബലമായി തള്ളിമാറ്റിക്കൊണ്ടവൾ പറഞ്ഞു:
"മോളുണരും..."
അപ്പോഴും അവളുടെ കണ്ണുകളിലെ അമ്പരപ്പ്‌ വിട്ടില്ല.
എനിക്കെന്താണ്‌ സംഭവിച്ചത്‌! ചോർന്നു പോയ ഊർജ്ജം ഞരമ്പുകളിൽ എവിടെ നിന്നാണ്‌ വന്നു നിറഞ്ഞത്‌?
ഒരല്‌പം ഭ്രാന്തമായ ആവേശത്തോടെയായിരുന്നു എല്ലാം...
"മുഴുവൻ അഴിക്കണ്ട..." അരികത്തുറങ്ങുന്ന രണ്ടു വയസ്സുള്ള മകളെ പാളി നോക്കിക്കൊണ്ട്‌ അവൾ എന്റെ കൈകളെ തടഞ്ഞു.

...............

കഴിഞ്ഞയാഴ്ച്ചയായിരുന്നു അഞ്ചാം വിവാഹവാർഷികം. ഇത്തവണയും മുന്തിയയിനം പട്ടുസാരിയൊന്ന്‌ മറക്കാതെ വാങ്ങിയിരുന്നു. പക്ഷേ ഒന്നര വർഷത്തോളമായി മറ്റു പലതും മറക്കുന്നുണ്ടായിരുന്നു. മറക്കുകയല്ല... തിരക്കുകൾക്കിടയിൽ ഞെരിയുമ്പോൾ, സ്വന്തം വ്യവസായ സാമ്രാജ്യം കെട്ടിയുയർത്താൻ ഓടിക്കൊണ്ടേയിരിക്കുമ്പോൾ സ്വയം പ്രഖ്യാപിച്ച ഒരു നിർബന്ധിത അവധി.
സൗകര്യങ്ങൾ ഓരോന്നു കൂടുമ്പോഴും പോർച്ചിലെ താമസക്കാരനായി ആക്സന്റ്‌ കാർ വന്നപ്പോഴും അവളുടെ ചിരിക്കടിയിലെ നൊമ്പരം കണ്ടിട്ടും അറിയാത്തതായി നടിച്ചു.
നെഞ്ചിലെ രോമങ്ങളിൽ അവളുടെ നേർത്ത നഖം കൊണ്ട്‌ കോറി വരക്കുമ്പോൾ പിടയുന്ന കണ്ണുകളുടേയും നനവുള്ള ചുണ്ടുകളുടെയും ക്ഷണക്കത്തു മായ്ക്കാൻ ബിസിനസ്‌ നൂലാമാലകളുടെ കഥകൾ കിടക്കയിൽ വിരിച്ചിട്ടു.
എന്നും കഥകൾ കേട്ടവൾ ഉറങ്ങി; വിവാഹശേഷമുള്ള ആദ്യനാളുകളെപ്പോലെത്തന്നെ. പക്ഷേ, ഒരു വ്യത്യാസം...
രതിയുടെ ആലസ്യത്തിൽ കിടക്കുമ്പോൾ ഇടക്കവൾ പറയും: "ഒരു കഥ പറയു..."
കഥയെന്നാൽ ഞങ്ങളുടെ തന്നെ പ്രണയ കഥ.
തുഞ്ചൻ ഉത്സവത്തിന്റെ നാളുകളിൽ സ്റ്റാളുകളിൽ മനഃപൂർവം വിരലുകളുടെ സ്പർശനമറിഞ്ഞ്‌ പുസ്തകം തിരഞ്ഞത്‌... കൂട്ടായി അഴിമുഖത്തെ ഉപ്പുകാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകൾ കോതിയപ്പോൾ വിറച്ച വിരലുകളെപ്പറ്റി... പ്രണയം തുറന്നു പറയുന്നതിനു മുമ്പ്‌ പരാജയപ്പെട്ടുപോയ എന്റെ ഓരോ ശ്രമങ്ങളെപ്പറ്റിയും... അങ്ങനെയങ്ങനെ...
കഥകൾ കേട്ടവൾ ഉറങ്ങി.
പിന്നെപ്പിന്നെ എന്റെ ബിസിനസ്‌ കഥകൾ പറഞ്ഞു ഞാനുറങ്ങി... അവൾ ഉറങ്ങാതിരുന്നു!

...............

ഭ്രാന്തമായ ആവേശത്തോടെ ഉള്ളിൽക്കയറിക്കൂടിയ, കൊടുങ്കാറ്റ്‌ കെട്ടഴിച്ചുവിട്ട മദമടങ്ങി ഞാനടർന്നു മാറുമ്പോഴും അവളുടെ ഉടലിന്റെ മുറുക്കം അയഞ്ഞിരുന്നില്ല.
രസച്ചരട്‌ മുറിച്ച ജാള്യം ഉള്ളിൽ വെച്ച്‌ ചോദിച്ചു: "നിനക്ക്‌..."
"ഇല്ല... പക്ഷേ; തൃപ്തിയായി...!
കണ്ണുനീരാണോ...? അതോ... അവളുടെ കണ്ണുകൾക്കൊരു തിളക്കം...

Wednesday, March 4, 2009

എഴുത്തുകാർ ജാഗ്രതൈ!! (ബൂലോകർക്കും ബാധകം)

"ചില വലിപ്പങ്ങൾ, എന്തുകൊണ്ടോ എനിക്കു ബോധ്യമാകുന്നേയില്ല. തലകുത്തിനിന്നാലും മണ്ടയിൽ കയറാത്ത മഹത്വങ്ങളിലൊന്ന് സാഹിത്യകാരനെന്ന നിലയിൽ വൈക്കം മുഹമ്മദ്‌ ബഷീറിനുണ്ടെന്ന് ആളുകൾ പറയുന്ന മഹത്വമാണ്‌." - മാതൃഭൂമിയിൽ (86:53) വി.സി. ശ്രീജൻ എഴുതുന്നു.
(ആരാധകരേ, അത്ര കേമനായിരുന്നോ ബഷീർ?)


തലക്കെട്ടും ആദ്യ ഖണ്ഡികയും വായിച്ചപ്പോൾ ഓർമ്മ വന്നത്‌ ഒരു ആനയെപ്പറ്റിയുള്ള ചൊല്ലാണ്‌. നമ്മുടെ നാട്ടിലെ 'മമ്മൂട്ടി ഫാൻസ്‌', 'മോഹൻലാൽ ഫാൻസ്‌' എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു 'ബഷീർ ഫാനൊ'ന്നുമല്ല ഞാൻ. ബഷീറിനെപ്പറ്റിയുള്ള വാഴ്ത്തലുകൾ ഒരൽപം അതിരു കടന്നിട്ടില്ലേ എന്ന അദ്ദേഹത്തിന്റെ സന്ദേഹം അസ്ഥാനത്തല്ലെന്ന്‌ സമ്മതിക്കാമെങ്കിലും ലേഖനം മുഴുവൻ വായിച്ചുകഴിഞ്ഞാലും മനസ്സിൽ ബാക്കിയാവുന്നത്‌ അവസാന ഖണ്ഡികയിലെ ഒരു വാചകമാണ്‌. വലിയ മനുഷ്യരെ കല്ലെറിഞ്ഞ്‌ പ്രസിദ്ധനാവാൻ ശ്രമിക്കുകയാണു താനെന്നു തെറ്റിദ്ധരിക്കരുതേ എന്നാണദ്ദേഹത്തിന്റെ അഭ്യർത്ഥന.

അദ്ദേഹത്തിന്റെ ലേഖനത്തിലുടനീളം എയ്തുവിട്ടിട്ടുള്ള വിമർശന ശരങ്ങൾക്ക്‌ ബഷീർ മാത്രമല്ല പാത്രമാകുന്നത്‌. 'കലക്കുള്ളിൽ കലയെ ഒളിപ്പിക്കുന്ന ഈ കല' എന്താണെന്നു വിശദീകരിക്കാനാവില്ല എന്നു പറഞ്ഞ ആർ.ഇ. ആഷറേക്കാളും കേമനായ നിരൂപകൻ ശ്രീ. ശ്രീജൻ തന്നെയല്ലേ? നിരൂപകനോ, എഴുത്തുകാരനോ ഒന്നുമല്ലാത്ത ഒരു സാധാരണക്കാരന്റെ തോന്നലാണേ!

രസകരമായൊരു കാര്യം കമ്മ്യൂണിസ്റ്റുകാരുടെ മഹത്വം സ്ഥാപിക്കുന്നതെങ്ങനെയെന്ന്‌ അദ്ദേഹം വെളിപ്പെടുത്തിത്തരുന്നതാണ്‌.
'എന്താണ്‌ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവിന്റെ സൈദ്ധാന്തിക സംഭാവനയെന്ന്‌ ചോദിച്ചാൽ അദ്ദേഹം പ്രായോഗിക രാഷ്ട്രീയത്തിൽ അതുല്യനായിരുന്നു എന്ന്‌ ഉത്തരം നൽകും. അതല്ല, പ്രായോഗിക രാഷ്ട്രീയത്തിൽ എന്തായിരുന്നു നേതാവിന്റെ മികവ്‌ എന്നാണ്‌ ചോദ്യമെങ്കിൽ, അദ്ദേഹം സൈദ്ധാന്തിക രങ്കത്ത്‌ അതുല്യനായിരുന്നു എന്നാവും മറുപടി. കമ്മ്യൂണിസ്റ്റ്‌ നേതൃത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ രംഗങ്ങളിലും നമ്മൾ ഈ സൂത്രവിദ്യ പ്രയോഗിച്ചു പോരുന്നു. എന്താണ്‌ ചിത്രകാരൻ എന്ന നിലയിൽ പ്രധാന വ്യക്തിയുടെ മികവ്‌ എന്നു ചോദിച്ചാൽ അദ്ദേഹം വലിയ എഴുത്തുകാരനായിരുന്നു എന്നു പറയാം. എന്തായിരുന്നു സാഹിത്യത്തിൽ അദ്ദേഹത്തിന്റെ മികവെന്നു ചോദിച്ചാൽ അദ്ദേഹം വലിയ ചിത്രകാരനായിരുന്നു എന്നും.'
പി. കൃഷ്ണപിള്ളയുടെയോ, ഏകേജിയുടേയോ സൈദ്ധാന്തികരംഗത്തെ സംഭാവനയെക്കുറിച്ചോ, രാജാരവിവർമ്മയുടെ സാഹിത്യ സംഭാവനകളെക്കുറിച്ചോ ചോദിച്ചാൽ പറയാവുന്ന ഉത്തരങ്ങളിൽ അസ്വാഭാവികതയെന്തെന്ന്‌ എന്നിക്ക്‌ തിരിഞ്ഞില്ല. (ഇതതുതന്നെയാകണം; കൂട്ടത്തിൽ ഇങ്ങനെയും ഒരു വിവാദം കൂടിയിരിക്കട്ടെ എന്ന്‌!)

ഉപരിപ്ലവമായ നിരൂപണ സങ്കേതം കൊണ്ടു (ബഷീറിനെ എത്ര പേർ ഇഷ്ടപ്പെടുന്നു എന്നുള്ള) വിലയിരുത്തപ്പെട്ടതു കാരണമത്രേ ബഷീർ ഏറ്റവും കൂടുതൽ കൊണ്ടാടപ്പെട്ടത്‌!
മുട്ടത്തുവർക്കിയുടെ നോവലുകളിൽ ഇല്ലാത്ത ഏതു ലാളിത്യമാണ്‌ ബഷീറിനുള്ളത്‌ എന്നദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ വരികൾക്കിടയിൽത്തന്നെയുള്ള ഒരാശയം, നിരൂപകരെ വട്ടംകറക്കി വിടുന്ന അവാച്യമായ ഏതോ തലങ്ങൾ ഉള്ളതു കൊണ്ടാണ്‌ ബഷീറിന്റെ കൃതികൾ മഹത്തായത്‌ എന്ന വാദം സത്യത്തിൽ നിരൂപകരെ ഊശിയാക്കുന്ന ഒന്നാണ്‌ എന്ന അദ്ദേഹത്തിന്റെ വാദത്തെ നോക്കി ചിരിക്കുന്നുണ്ട്‌.
ഈ ലേഖനത്തിലെ ഏറ്റവും വലിയ തമാശ അദ്ദേഹത്തിന്റെ മുസ്ലിം സമുദായസ്നേഹമാണ്‌.
"മാറിയ ഈ കാലത്ത്‌, നിങ്ങൾ സ്വന്തം സമുദായത്തിന്റെ കുറ്റങ്ങൾ- ഏതു സമുദായത്തിനാണ്‌ കുറ്റങ്ങളും കുറവുകളും ഇല്ലാത്തത്‌?- എണ്ണിപ്പെറുക്കി വിമർശിക്കുകയല്ല വേണ്ടത്‌, അതിലെ നന്മകളെയും അതിനെ സജീവമാക്കുന്ന മൂല്യങ്ങളേയും ഇതര സമുദായങ്ങൾക്കും ലോകത്തിനും മുന്നിൽ തുറന്നു വെക്കുകയാണ്‌. അതിനൊരുങ്ങാതെ ബഷീറാണ്‌ മുസ്ലിം ജീവിത ചിത്രീകരണത്തിലെ അവസാന വാക്ക്‌ എന്നാവർത്തിക്കുന്നതിനു പിറകിൽ, മുസ്ലിം സമുദായമെന്നാൽ ബഷീർ കൃതികളിലെ മുസ്ലിം സമുദായമാണെന്നു വരുത്താൻ ഒരു ശ്രമമോ, സമുദായം എന്നും അൽപം താഴ്‌ന്നിരിക്കട്ടെ എന്ന ഗൂഢാലോചനയോ ഉണ്ടോ?."
സാഹിത്യത്തിലെ കുറ്റവും കുറവും മാത്രം എണ്ണിപ്പെറുക്കി വിമർശിക്കുന്ന ശ്രീ. വി.സി.ശ്രീജൻസാർ തന്നെയാണൊ ഇതു പറയുന്നത്‌?

സർഗ്ഗ സാഹിത്യത്തിലെ അവസാന വാക്ക്‌ ബഷീർ ആണ്‌ എന്ന തരത്തിലുള്ള സ്തുതിഗീതങ്ങൾ മലയാള സാഹിത്യത്തിന്‌ ഹാനികരമാണ്‌ എന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തോട്‌ യോജിക്കാവുന്നതാണ്‌.

മേൽത്തട്ടിലൂടെ തെന്നിപ്പോവുന്ന നിസ്സാരമായ വൈയക്തികാനുഭവങ്ങളല്ലാതെ വേറെ എന്ത്‌ ഭയങ്കര അനുഭവങ്ങളാണ്‌ ബഷീർ അവതരിപ്പിച്ചത്‌ എന്ന്‌ ചോദിക്കുമ്പോൾ ഒരു സംശയം. വൈയക്തികാനുഭവങ്ങളല്ലാതെ ഒരു വ്യക്തിക്ക്‌ ഉണ്ടാകാവുന്ന ഈ 'ഭയങ്കര'അനുഭവങ്ങൾ എന്തൊക്കെയാണ്‌? പരപ്പുകളിൽ വ്യാപൃതനാകാതെ, ആഴങ്ങളെ അന്വേഷിച്ച സാഹിത്യകാരനായ ഇ. സന്തോഷ്‌ കുമാറിനെക്കുറിച്ച്‌ അറിയാവുന്നവർ ക്ഷമിക്കുക- ഞാൻ ഈ ലേഖനത്തിലൂടെയാണ്‌ ബഷീർ കാരണം അവഗണിക്കപ്പെട്ട ഒരു എഴുത്തുകാരനെക്കുറിച്ച്‌ കേൾക്കുന്നത്‌ തന്നെ!

വലിയ മനുഷ്യരെ കല്ലെറിഞ്ഞ്‌ പ്രസിദ്ധനാവാൻ ശ്രമിക്കുന്ന ഒരാളല്ല ശ്രീജൻസാർ. (കുറച്ചുമുമ്പ്‌ ഇന്ദുലേഖ നല്ല നോവലല്ല എന്ന അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം മാതൃഭൂമിയിൽത്തന്നെ വായിച്ചിരുന്നു.) ഈ വിചാരങ്ങൾ ദശകങ്ങളായി അദ്ദേഹം മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു. (വിചാരങ്ങളുടെ ഒരു വിരേചനസുഖം ആഗഹിച്ചാണ്‌ വി.സി.ശ്രീജൻ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നൊന്നും കരുതരുതേ!) ബഷീർ ഉണ്ടാക്കിയ ഭാരം ഏറ്റിക്കൊണ്ട്‌ നടക്കാതെ അദ്ദേഹമത്‌ ബഷീർ ആരാധകരുടെ ചുമലിലേക്ക്‌ വെച്ചുകൊടുക്കുകയാണ്‌. ഇനിയും ഇദ്ദേഹത്തിന്റെ മനസ്സിൽ ഒരുപാട്‌ ഭാരങ്ങളുണ്ടാകണം. എല്ലാം ഇറക്കിവെച്ചുകഴിയുമ്പോൾ മലയാളത്തിൽ എഴുതാനറിയുന്ന ഒരൊറ്റ ആൾ പോലും ഇല്ലെന്നും, ഉണ്ടായിരുന്നില്ലെന്നും തെളിയുകയും; ശ്രീ. വി.സി.ശ്രീജൻ ഒരു 'മഹാസംഭവം തന്നെ' എന്ന്‌ മലയാളികൾക്ക്‌ മനസ്സിലാവുകയും ചെയ്യും.

Saturday, February 14, 2009

ചാലിയത്തെ ഒരു വൈകുന്നേരം











കോഴിക്കോടിനെയും മലപ്പുറത്തെയും അതിരുകെട്ടിത്തിരിച്ചിരിക്കുന്നത്‌ ചാലിയാർ പുഴയാണ്‌. മുൻപ്‌ തോണിയായിരുന്നു കടത്ത്‌. ഇപ്പോൾ ജങ്കാർ സർവ്വീസുണ്ട്‌. ഒരു വൈകുന്നേരം ബേപ്പൂര്‌ നിന്ന്‌ ജങ്കാറിൽ ചാലിയത്ത്‌ വന്നിറങ്ങിയപ്പോൾ കണ്ട കാഴ്ചകൾ...

എന്റെ സുഹൃത്തുക്കള്‍