Sunday, November 22, 2009

സുമിത്രേച്ചി (മൂന്ന്‌)

"നീയെന്തിനാ കണ്ടോരെട്ത്ത്ന്ന്‌ ഓരോന്ന്‌ വാങ്ങിത്തിന്ന്‌ണ്‌?"
അടുക്കളയിലേക്ക്‌ ചെന്നയുടനെ അമ്മയുടെ ചോദ്യം.
"കണ്ടോരോ! സുമിത്രേച്ചി തന്ന ഒരുണ്ണിയപ്പം തിന്നതിനാണോ?"
"ഒന്നിനാത്രം പോന്ന ചെക്കനാ. ചിന്തേം കഥേംല്ല്യാണ്ടായാൽ എന്താ ചെയ്യ്യാ..."
കഴുകുവാനുള്ള പാത്രങ്ങളെടുത്തു പോകുന്നതിനിടയിൽ അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.
എന്തായാലും കൂടുതൽ വിശദീകരിച്ചറിയാനൊന്നും നിൽക്കാതെ ഞാനെന്റെ മുറിയിലേക്ക്‌ മടങ്ങി. അമ്മയും സുമിത്രേച്ചിയും തമ്മിൽ എന്തോ പ്രശ്നമുണ്ട്‌ എന്നു തോന്നി. പക്ഷേ, സുമിത്രേച്ചിയോട്‌ അമ്മ നേരിട്ട്‌ അത്തരത്തിലൊന്നും പെരുമാറുന്നതായും കണ്ടില്ല. ഭക്ഷണത്തിൽ മായമെന്തെങ്കിലും പെട്ടിട്ടുണ്ടാകുമെന്നാണ്‌ അമ്മയുടെ ഭയമെന്ന്‌ പിന്നെയാണ്‌ മനസ്സിലായത്‌.
സുമിത്രേച്ചിയുടെ ദാമ്പത്യം അത്ര സുഖകരമല്ല. കണ്ടാൽ തോന്നുന്ന പോലെയൊന്നുമല്ല സുമിത്രേച്ചിയുടെ ഭർത്താവ്‌. അയാൾ ശരിക്കും ഒരു മുരടനാണത്രെ.
സംശയം...! അത്‌ രോഗാവസ്ഥയിലായിരുന്നു അയാൾക്ക്‌.
സുമിത്രേച്ചിയുടെ സൗന്ദര്യമാണ്‌ അയാൾക്കൊരു വെല്ലുവിളിയായി നിന്നത്‌.
കിഴക്കേതിലെ രാധേടത്തി ഇടക്ക്‌ മസാലയരക്കാൻ വരും. കറിക്കുള്ളതല്ല. ശുദ്ധ പരദൂഷണം.
കിഴക്കേ കോലായിലിരുന്ന്‌ അമ്മയും രാധേടത്തിയും ഒച്ചയടക്കി പറയുന്നതിലെ പൊട്ടും പൊടിയുമൊക്കെ കേട്ടാണ്‌ ഒരേകദേശ ധാരണ കിട്ടിയത്‌.
സുമിത്രേച്ചിയും ഭർത്താവും ലോഡ്ജിലാണത്രേ താമസം. അടുത്തൊരു വീട്ടിലുള്ള എന്റെ പ്രായക്കാരനൊരു പയ്യനെയും ചേർത്ത്‌ ചില കഥകളൊക്കെ കേട്ടിരിക്കുന്നത്രെ. അത്‌ ഇനി അയാളുടെ ഭാവനയോ, കൂട്ടുകാരോടുള്ള ചെറുക്കന്റെ വീമ്പുപറച്ചിലോ ആണോ എന്നു തിട്ടമില്ല.
ഏതായാലും PDCക്ക്‌ ഫാറൂഖ്‌ കോളേജിൽ അഡ്മിഷൻ കിട്ടി പോകുന്നത്‌ വരെ സുമിത്രേച്ചിയുമായി അധികമൊന്നും മിണ്ടാനും പറയാനും നിന്നില്ല. താൽപര്യമില്ലാഞ്ഞിട്ടൊന്നുമല്ല. എപ്പോഴും അമ്മയുടെ ഒരു നോട്ടം അവിടെ എല്ലായിടത്തുമുണ്ടായിരുന്നു. അമ്മയുടെ മുന്നിൽ മിടുക്കൻ കുട്ടിയാവാനുള്ള ഒരു ശ്രമം.
അല്ലെങ്കിൽത്തന്നെ തുടർപഠനത്തിന്റെ നല്ല സാധ്യതകളെല്ലാം വേണ്ടെന്നു വെച്ച്‌ നാട്ടിലെ ഏതെങ്കിലും കോളേജിൽ ചേർന്നാൽ മതി എന്ന എന്റെ വാശി, അച്ഛന്‌ ഒട്ടും പഥ്യമായിട്ടുണ്ടായിരുന്നില്ല. ഗൾഫിൽ നിന്നും വന്നിരുന്ന ഓരോ കത്തിലും അത്‌ ധ്വനിപ്പിച്ചിരുന്നെങ്കിലും അമ്മ എന്നെ അക്കാര്യത്തിലൊന്നു ഗുണദോഷിക്കാൻ പോലും നിന്നിട്ടില്ല. എന്റെ വഴികളൊക്കെ ശരിയായിരിക്കും എന്ന ഒരു വിശ്വാസമായിരുന്നു; എന്തോ അമ്മക്ക്‌ എക്കാലത്തും. ആ വിശ്വാസം എന്നും ദൃഢമാക്കി നിലനിർത്താൻ എനിക്ക്‌ അമ്മയുടെ മുന്നിൽ കൂടുതൽ നല്ല കുട്ടിയായിരുന്നേ മതിയാകുമായിരുന്നുള്ളൂ.
വീട്ടിൽനിന്നും ഒരു പത്തുമുപ്പത്തഞ്ചു കിലോമീറ്റർ ദൂരം മാത്രമേ കോളേജിലേക്കുള്ളൂ. എന്നും പോയിവരാം. എന്നിട്ടും ക്ലാസ്സ്‌ തുടങ്ങി രണ്ടു മാസത്തിനകം ഞാൻ ഹോസ്റ്റലിൽത്തന്നെ കൂടുകയായിരുന്നു.
പിന്നീട്‌ എന്റെ ചിന്തകളിലൊന്നും സുമിത്രേച്ചി അങ്ങനെ കാര്യമായൊന്നും കടന്നു വന്നിട്ടില്ല.
ഞാൻ ഡിഗ്രി മൂനാം വർഷമായിരിക്കുമ്പോൾ നാണുവേട്ടനും കാർത്ത്യായനിയേടത്തിയും ഇവിടുത്തെ പുരയിടം വിറ്റ്‌ ഇരിങ്ങാവൂരിൽ വീട്‌ വെച്ച്‌ അങ്ങോട്ട്‌ താമസം മാറ്റിയിരുന്നു.നാണുപ്പിള്ളയുടെ ചായക്കടയുടെ ഭാഗത്ത്‌, റെയിലിന്റെ ചാമ്പ്രയിലുള്ള ഇസ്മയിലിന്റെ ടീഷോപ്പ്‌ വന്നു.
എന്റെ പി.ജി. അവസാനിക്കുമ്പോഴേക്കും സുമിത്രേച്ചിയുടെ ജീവിതം ഒരു ദശാസന്ധിയിലെത്തിയിരുന്നു.
കിഴക്കേതിലെ രാധേടത്തിയാണ്‌ ആ വാർത്തയും കൊണ്ടുവന്നത്‌.സുമിത്രേച്ചിയെ ഭർത്താവ്‌ ഉപേക്ഷിച്ചു. പണിക്കൂട്ടത്തിലുണ്ടായിരുന്ന ഒരു പെണ്ണിനെ അയാൾ കല്യാണവും കഴിച്ചത്രെ.
കിഴക്കേ കോലായിലിരുന്ന്‌ അമ്മയും രാധേടത്തിയും കൂടി ഇരുട്ടും വരെ ഉഗ്രൻ ചർച്ചയായിരുന്നു. മുമ്പുണ്ടായിരുന്ന ഓരോ കലഹങ്ങളുടെയും വിശദാംശങ്ങളും സംഭാഷണങ്ങളും സഹിതം രാധേടത്തിയുടെ ഒരു ചാക്യാർകൂത്തു തന്നെയുണ്ടായിരുന്നു.
മനസ്സ്‌ വല്ലാതെ അസ്വസ്ഥമായി.
ഈ വേർപിരിയൽ സുമിത്രേച്ചിക്ക്‌ നല്ല രീതിയിലുള്ള ഒരു മാറ്റമായേക്കുമെന്നും തോന്നി.
പക്ഷേ, അവർക്കു കുട്ടികൾ മൂന്നാണ്‌. ആ മൂന്നു പെൺകുട്ടികളും സുമിത്രേച്ചിയുടെ കൂടെയാണ്‌.
നാണുപ്പിള്ള ശരിക്കും വൃദ്ധനായി മാറിയിരുന്നു. അയാൾ ഒറ്റക്കെങ്ങനെ കുടുംബം താങ്ങാനാണ്‌? ഒമ്പതിൽ തോറ്റ്‌ പഠനം അവസാനിപ്പിച്ച മകൻ കോട്ടികളിച്ചും,അങ്ങാടിയിലുള്ള ഒരു പീടികമുറിയിൽ കാരംസ്‌ കളിച്ചും നേരം കൊല്ലും.
സുമിത്രേച്ചി അടുത്തൊരു വലിയ വീട്ടിൽ വീട്ടുജോലിക്കു പോയിത്തുടങ്ങി.
രാധികേച്ചിയുടെ അമ്മയോ, കിഴക്കേതിലെ രാധേടത്തിയോ പുതിയ വാർത്തകളെന്തെങ്കിലും കൊണ്ടു വരുമ്പോൾ ഞാനും കാതു കൂർപ്പിക്കും.
സുന്ദരിയായ ഒരു വീട്ടുജോലിക്കാരിക്ക്‌ എന്തൊക്കെ സംഭവിച്ചുകൂടാ എന്ന്‌ ഞാൻ ഭയപ്പെട്ടുകൊണ്ടേയിരുന്നു.
പലപ്പോഴായി കിഴക്കേ കോലായിൽ അരങ്ങേറിയ രാധേടത്തിയുടെ കൂത്തുകളിലൊന്നും ഞാൻ ഭയപ്പെട്ട പോലുള്ള കഥകളൊന്നും കേട്ടില്ല.
ഇടക്കൊരിക്കൽ അറിഞ്ഞു: മക്കളെ അനാഥാലയത്തിലാക്കാൻ പോകുകയാണെന്ന്‌. അതിന്റെ ന്യായാന്യായ ചർച്ച്കൾ ഞാനേതായാലും കേൾക്കാൻ നിന്നില്ല.
പിന്നീടൊരിക്കൽ കേട്ടു: സുമിത്രേച്ചി ബംഗ്ലൂരിൽ ഒരു സമ്പന്ന മുസ്ലിം വീട്ടിൽ വേലക്കാരിയായി നിൽക്കുകയാണെന്നും, വീട്ടുടമ അവരെ മതം മാറ്റി അയാളുടെ മൂന്നാം ഭാര്യയാക്കി എന്നും; അതല്ല, കല്യാണം കഴിക്കാൻ പോകുന്നു എന്നും....
കേൾക്കുന്ന കഥകളെല്ലാം കുറെയേറെ അവ്യക്തമായിരുന്നു എല്ലായ്പേ്പാഴും.
ഒടുക്കം ഇന്നലെ കലൂരിൽ വെച്ചു കണ്ട സ്ത്രീ...
ഒരിക്കൽ എനിക്കേറെ പ്രിയങ്കരിയായിരുന്ന സുമിത്രേച്ചി പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി...
സുമിത്രേച്ചിക്ക്‌ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്നു വ്യക്തമാക്കാതെ കഥയവസാനിപ്പിക്കുകയല്ലാതെ നിവൃത്തിയില്ല.
ഇതൊരു കഥയില്ലാക്കഥയായതിൽ ക്ഷമിക്കുക.
കാരണം, ഇതൊരു കഥയല്ലാക്കഥയാണ്‌!


9 comments:

Unknown said...

ഇതൊരു കഥയില്ലാക്കഥയായതിൽ ക്ഷമിക്കുക.
കാരണം, ഇതൊരു കഥയല്ലാക്കഥയാണ്‌!

കാട്ടിപ്പരുത്തി said...

പലരുടെ ജീവിതത്തിന്റെ ആഴങ്ങളിലേക്കു ചെല്ലുമ്പോഴാണ് വേദനയെന്തെന്ന് മനസ്സിലാകുന്നത്, അത്തരമന്യേഷണങ്ങളാണ് നമ്മെ മനുഷ്യരാക്കുന്നതും.

കഥയില്ലാത്ത ഇക്കഥക്ക് കുറേ കാര്യങ്ങളുണ്ട് നന്ദൂ-
ഭാവുകങ്ങള്‍

വീകെ said...

കഥയില്ലാക്കഥയുടെ അവസാനഭാഗം ഒന്നു കൂടി അന്വേഷിക്കാമായിരുന്നു....

ആശംസകൾ..

Thabarak Rahman Saahini said...

കഥയില്ലാക്കഥ ഒരു സംഭവമായി
മാറുന്നു.
ഭാവുകങ്ങള്‍
സ്നേഹപൂര്‍വം
താബു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നന്നായിട്ടുണ്ട്..തുടരുക..ഭാവുകങ്ങൾ

Manoraj said...

bhavukangal...

lijeesh k said...

നന്നായിട്ടുണ്ട്
ആശംസകള്‍......!!

Unknown said...

നന്നായിട്ടുണ്ട്..!!
ആശംസകള്‍......!!!!

Aisibi said...

കഥയില്ലായ്മയാണു ജീവിതത്തിന്റെ പകുതി ഭാഗവും, അല്ലെ? ഒരു പാട് മുഴുമിക്കാത്ത കഥകള്‍ ചുറ്റിലും!

എന്റെ സുഹൃത്തുക്കള്‍